കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച കേസന്വേഷണത്തിനുള്ള മെഡല്‍ തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്
മലപ്പുറം: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2019 ലെ മികച്ച കേസന്വേഷണത്തിനുള്ള മെഡലിന് തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ അര്‍ഹനായി.മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹൈടെക് സൈബര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച 96 കേസുകള്‍ക്കാണ് പുരസ്കാരം ലഭിച്ചത്.കഴിഞ്ഞ വര്‍ഷം മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹൈടെക് സൈബര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണത്തില്‍ പത്ത് ആഫ്രിക്കന്‍ സ്വദേശികളടക്കം പന്ത്രണ്ട് പേരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരിയിലെ മെഡിക്കല്‍ മൊത്തവിതരണ സ്ഥാപന ഉടമയെ ഉത്പന്നം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയും പിന്നീട് ഇതേ സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്സൈറ്റും മറ്റും ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് മറ്റുള്ളവരില്‍ നിന്നും പണം തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ വഴിയൊരുക്കിയത്.2018 ജൂലൈ മാസം മുതല്‍ 2019 ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ ഹൈദരാബാദ്, ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നായി അതിസാഹസികമായാണ് പോലീസ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങളും മറ്റും ആസ്പദമാക്കിയുള്ള അന്വേഷണത്തില്‍ രാജ്യത്തിനകത്ത് പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, തമിഴ് നാട് മുതലായ സംസ്ഥാനങ്ങളിലും തിരുവനന്തപുരത്തും, രാജ്യത്തിന് പുറത്ത് ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലുമായി വധശ്രമം, മോഷണം, കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ പോലോത്ത അനവധി കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായി.
കേസന്വേഷണ വഴികളിലൂടെ:-
2018 ജൂലൈ മാസം പോലീസ് സംഘം രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് എന്ന സ്ഥലത്തെത്തുകയും പ്രാഥമിക അന്വേഷണം നടത്തി മടങ്ങുകയും ചെയ്തു.
2018 ആഗസ്റ്റ് മാസം ഹൈദരാബാദില്‍ നിന്നും കാമറൂണ്‍ സ്വദേശികളായ അകുമ്പെ ബോമ ഞ്ചിവ, ലാങ്ജി കിലിയന്‍ കെങ് എന്നിവരെ അറസ്റ്റ് ചെയ്തു.
2018 സെപ്തംബര്‍ മാസം രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ നിന്നും രാജസ്ഥാന് സ്വദേശികളായ മുകേഷ് ചിപ്പ, സന്ദീപ് മൊഹീന്ദ്ര എന്നിവരെ അറസ്റ്റ് ചെയ്തു.
2018 ഒക്ടോബര്‍ മാസം മഹാരാഷ്ട്രയില്‍ നിന്നും നൈജീരിയക്കാരന് ആയ ഇദുമെ ചാള്‍സ് ഒന്യേമയേച്ചിയെ അറസ്റ്റ് ചെയ്തു.
2018 ഡിസംബര്‍ മാസം കാമറൂണ്‍ സ്വദേശികളായ വെര്‍ദി ടെന്യ ണ്ടയോങ്, ഡോഹ് ക്വെന്റിന്‍ ന്വാന്‍സുവ എന്നിവരെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.
2019 ജനുവരി മാസം കാമറൂണ്‍ സ്വദേശികയായ മൈക്കിള്‍ ബൂന്‍വി ബോന്വ എന്നയാളെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.
2019 ഫെബ്രുവരി മാസം നൈജീരിയക്കാരന് ആയ ഒച്ചുബ കിങ്സ്ലി ഉഗോണ്ണ എന്ന കിങ്സ്റ്റണ്‍ ദുബേയെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തു.
2019 മാര്‍ച്ച് മാസം കാമറൂണ്‍ സ്വദേശിയായ ഫിദല്‍ അതൂദ് ണ്ടയോങിനെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.
2019 ഏപ്രില്‍ മാസം കാമറൂണ്‍ സ്വദേശിയായ ഞ്ചോബാര ഷേ ന്ഷാഞ്ചിയെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.
2019 മെയ് മാസം കാമറൂണ്‍ സ്വദേശിയായ ങ്കോ മിലാന് ണ്ടിങ്കോയെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.
കേസിലെ പ്രതികളെ ലോക്കല്‍ പോലീസിന്റെ സഹായം പോലും ഇല്ലാതെ അതിസാഹസികമായാണ് അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെട്ട വിദേശികളായ പ്രതികളെല്ലാവരും കമ്പ്യൂട്ടര്‍ ആന്റ് നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗില്‍ വൈദഗ്ദ്ധ്യം നേടിയവരായിരുന്നു. മെഡിക്കല്‍ വിസയിലും വിദ്യാര്‍ത്ഥി വിസയിലും രാജ്യത്ത് വന്ന പ്രതികള്‍ പിന്നീട് വിസ പുതുക്കാതെ അനധികൃതമായി രാജ്യത്ത് തങ്ങി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു.
ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്ത നൈജീരിയന്‍ സ്വദേശി ഒച്ചുബ കിങ്സ്ലി ഉഗോണ്ണ വ്യാജ സൌത്ത് ആഫ്രിക്കന്‍ പാസ്പോര്‍ട്ടുമായാണ് രാജ്യത്ത് തങ്ങിയിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതിലൂടെ ഡല്‍ഹി ഹൈക്കോടതിയുടെ പ്രത്യേക പരാമര്‍ശത്തിന് കാരണമായി.
ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ സിഐ എന്‍.ബി. ഷൈജു, സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ടി.പി. മധുസൂദനന്, എം. ഷഹബിന്, പി. ഹരിലാല്‍, കെ. സല്മാന്, എം.പി. ലിജിന്‍, കെ.പി. അബ്ദുല്‍ അസീസ്, അമ്പാളി ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.
മുമ്പ് സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, കുറ്റാന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ എന്നിവയും ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ നേടിയിട്ടുണ്ട്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]