സഹജീവികള്‍ക്ക് കാരുണ്യം വര്‍ഷിച്ച് ഇത്തവണത്തെ പെരുന്നാള്‍ ആഘോഷം

സഹജീവികള്‍ക്ക് കാരുണ്യം  വര്‍ഷിച്ച് ഇത്തവണത്തെ  പെരുന്നാള്‍ ആഘോഷം

എടപ്പാള്‍: പ്രളയക്കെടുതിയില്‍ പെട്ട സഹജീവികള്‍ക്ക് കാരുണ്യം വര്‍ഷിച്ച് ബലി പെരുന്നാള്‍ ആഘോഷം. ആരാധനാലയങ്ങളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം കാലവര്‍ഷക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാധാനവും ശാന്തിയും ലഭിക്കുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥനയും ക്യാമ്പില്‍ കഴിയുന്നവരെ സഹായിക്കാനായി വിഭവ – ധന സമാഹരണവും നടത്തി. സമാഹരിച്ച തുക ഉപയോഗിച്ച് സാധന സാമഗ്രികള്‍ വാങ്ങി വരും ദിവസങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരിട്ടെത്തിക്കാനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനുമാണ് തീരുമാനം.
പ്രളയത്തെ അതിജീവിക്കാന്‍ വലിയ ആഘോഷങ്ങളോ, ദുര്‍ചെലവുകളോ ഒന്നും തന്നെയില്ലാതെയാണ് ഇത്തവണ ജില്ലയില്‍ ബലിപെരുന്നാള്‍ ദിനത്തെ വരവേറ്റത്. രാവിലെത്തെ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വിലിയവിഭാഗം ആളുകളും എത്തിയത് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കാനും, അവര്‍ക്കുവേണ്ട സഹായങ്ങള്‍ എത്തിക്കാനും ഇന്നലെ രാവിലെ നടന്ന പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പള്ളികളിലെ ഖത്തീബുമാര്‍ ആഹ്വാനംചെയ്യുകയും ചെയ്തു. സാധാരണ പെരുന്നാളുകള്‍ക്കു നടക്കുന്ന ഈദ്ഗാഹുകള്‍ ഒന്നുംതന്നെ ഇത്തവണയുണ്ടായില്ല. രാവിലെ മസ്ജിദുകളില്‍വെച്ചായിരുന്ന പെരുന്നാള്‍ നമസ്‌കാരം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യക്കാരെ സഹായിക്കുന്നതിനോടൊപ്പം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്നദ്ദസംഘടനകളുടേയും, വ്യക്തികളുടേയും നേതൃത്വത്തില്‍ ബിരിയാണിവെച്ചു വിതരണം ചെയ്യുകയും ചെയ്തു. സാധാരണ പെരുന്നാള്‍ ദിനങ്ങളില്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കലും, പടക്കംപൊട്ടിച്ചും, കുട്ടികള്‍ക്കു കളിക്കോപ്പുകള്‍ വാ
ങ്ങിച്ചു നല്‍കിയും നടത്തിയിരുന്ന ആഘോഷങ്ങള്‍ ഒന്നും തന്നെ ഇത്തവണ ജില്ലയില്‍ കാണാന്‍ കഴിഞ്ഞില്ല. ത്യാഗസ്മരണയിലാണ് ബലിപെരുന്നാളാഘോഷമെന്നതിനാല്‍ തന്നെ യുവാക്കളില്‍പലരും പ്രളയത്തില്‍ വെള്ളംകയറി ചളിനിറഞ്ഞ വീടുകള്‍ വൃത്തിയാക്കാനുള്ള തിരിക്കിലായിരുന്നു. യുവാക്കള്‍ കൂട്ടമായി വീട്ടുകാരോടൊപ്പം സഹായമായി നിന്ന് വിവിധ വീടുകള്‍ ഈരീതിയില്‍ വൃത്തിയാക്കി നല്‍കി.
വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ കഴിയുമ്പോള്‍ തങ്ങള്‍ക്ക് ഈ രീതിയിലുള്ള ആഘോഷം ഒന്നും നടത്താന്‍ കഴിയില്ലെന്നാണു ഇവര്‍ പറയുന്നത്. പ്രളയംവരുന്നതിനു മുമ്പു പുതുവസ്ത്രം വാങ്ങിയവര്‍ മാത്രമാണ് ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിനുവരെ പുത്തന്‍വസ്ത്രങ്ങള്‍ ധരിച്ചെത്തിയത്.
. ഭൂരിഭാഗംപേരും പുത്തന്‍വസ്ത്രങ്ങള്‍പോലും ഈ പെരുന്നാള്‍ ദിനത്തില്‍ വാങ്ങിയില്ല. പുതുവസ്ത്രം ധരിച്ച് രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിനുപോകുന്നത് ഏറെ പുണ്യമുള്ള കാര്യമായി വിശ്വാസിക്കുമ്പോഴും മറ്റു സഹോദരങ്ങള്‍ അനുഭവിക്കുന്ന വേദനയില്‍ തങ്ങള്‍ക്ക് ആഘോഷിക്കാന്‍ കഴില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇതിനുപുറമെ പെരുന്നാളാഘോഷത്തിന് തുറക്കുന്ന സ്‌പെഷ്യല്‍ പടക്ക വിപണികള്‍ ഇത്തവണ എവിടേയുമുണ്ടായില്ല.

Sharing is caring!