കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട കുടുംബത്തിലെ മൂന്നുപേരെ ഇതുവരെ കണ്ടെത്താനായില്ല

കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട കുടുംബത്തിലെ മൂന്നുപേരെ ഇതുവരെ കണ്ടെത്താനായില്ല

മലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍
അകപ്പെട്ട കുടുംബത്തിലെ മൂന്നുപേരെ ഇതുവരെ
കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സും പോലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും, നാട്ടുകാരുംചേര്‍ന്നു നടത്തിയ പരിശോധനയില്‍ വീട് നില്‍ക്കുന്ന ഭാഗംപോലും കാണാനായില്ല. കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡില്‍ താമസിക്കുന്ന സത്യന്റെ ഭാര്യ സരോജിനി(50), മരുമകള്‍ ഗീതു(22), ഗീതുവിന്റെ ഒന്നരവയസ്സുകാരനായ മകന്‍ ധ്രുവന്‍ എന്നിവരാണ് മണ്ണിനടയില്‍പ്പെട്ട് കാണാതയത്. ഇവരുടെ വീടിന് മുകളിലൂടെയാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവ സമയത്ത് മാതാവ് സരോജിനിയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മകന്‍ ശരത് തലനാരിഴക്കാണ് അപകടത്തില്‍നിന്നും ഓടിരക്ഷപ്പെട്ടത്. സത്യന്‍ അപകട സമയത്തു പുറത്തുപോയതായിരുന്നു. അപകടസമയത്ത് വീടിനുള്ളിലായിരുന്നു ഗീതുവും, ഒന്നര വയസ്സുകാരനായ മകന്‍ ധ്രുവനും.
അതേ സമയം ഗീതുവും, ശരതും തമ്മിലുള്ള വിവാഹം നടന്നത് രണ്ടു വര്‍ഷംമുമ്പാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹത്തിന് ഗീതുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണു ഇരുവരും വിവാഹിതരായത്. ഗീതുവിന്റെ മാതാപിതാക്കള്‍ ഇപ്പോഴും ഇവരുമായി സംസാരിക്കാറുപോലുമില്ലായിരുന്നു. എന്നാല്‍ ഗീതുഅപകടത്തില്‍പ്പെട്ടതിറിഞ്ഞ ഗീതുവിന്റെ ചെറിയച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെല്ലാംതന്നെ മിനിഞ്ഞാന്ന് വൈകിട്ടു തന്നെ കോട്ടക്കുന്നിലെത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് ആരെയും പോകാന്‍ പോലീസ് അനുവദിച്ചില്ല. അപകടമേഖലയാണെന്നും ഇവിടേക്കു ആരെയും കടത്തിവിടില്ലെന്നുമാണു പോലീസ് അറിയിച്ചത്. അതേ സമയം കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായതിന്റെ നേരെ മുകള്‍ ഭാഗത്തായി
30മീറ്റര്‍ നീളത്തില്‍ 15സെന്റീമീറ്റര്‍ വീതിയള്ള പുതിയ വിള്ളലുംകൂടി കോട്ടക്കുന്നില്‍ ഇന്നലെ രൂപപ്പെട്ടു. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതെ രീതിയിലുള്ള ദുരന്തത്തിന് ഇത് കാരണമാകുമെന്നും ജിയോളജി വകുപ്പധികൃതര്‍ പറയുന്നു. ഇത് രക്ഷപ്രവര്‍ത്തനം നടത്തുന്നതിനും തടസ്സമായിട്ടുണ്ട്.

Sharing is caring!