ജില്ലയില്‍ പലയിടങ്ങളിലും ഗതാഗതം നിശ്ചലം

ജില്ലയില്‍ പലയിടങ്ങളിലും ഗതാഗതം നിശ്ചലം

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ചെമ്മാട് തിരൂര്‍ ,പരപ്പനങ്ങാടി മലപ്പുറം എന്നിഭാഗങ്ങളിലേക്കുള്ള ബസ് സര്‍വ്വീസ് താല്‍കാലികമായി നിര്‍ത്തിവച്ചു. കൊടിഞ്ഞി ചെറുമുക്ക് പ്രദേശത്തെ റോഡുകള്‍ വെള്ളത്തിലായതിനാലാണ് തിരൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വീസ് നിര്‍ത്തിയത്. തിരൂര്‍ എടരിത്തോട് ഭാഗത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങളല്ലാം വെള്ളത്തിനടിയിലായി. കടലുണ്ടിപുഴ കരിങ്കല്ലത്താണി ഭാഗത്ത് കരകവിഞ്ഞതോടെ പുലര്‍ച്ചെ വിവാനഗര്‍ ഭാഗത്തേക്കും വെള്ളം കയറി. താത്ക്കാലികമായി 5 കുടംബങ്ങളെ ബിഇഎം ഹൈസ്‌കൂളില്‍ താമസിപ്പിച്ചു. ചെട്ടിപ്പടി ആനപ്പടി സ്‌കൂളിലും നെടുവ ഹൈസ്‌കൂളിലുമാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പ് ഔദ്യോഗികമായി ആരംഭിച്ചിട്ടുള്ളത്. നെടുവ സ്‌കൂളില്‍ കയ്യിറ്റിച്ചാലില്‍, കോട്ടത്തറ ഭാഗങ്ങളിലില്‍ നിന്നുമുള്ള 40 കുടുംബങ്ങളില്‍ നിന്നായി 273 ആളുകള്‍ ക്യാമ്പിലെത്തിയിട്ടുണ്ട്. ആനപ്പടി സ്‌കൂളില്‍ കീഴച്ചിറ ഭാഗത്തുനിന്നുമുള്ള 39 കുടംബങ്ങളാണ് ക്യാമ്പിലെത്തിയിരിക്കുന്നത്.118 ആളുകളാണ് ഇവിടെയുള്ളത്.
പാലത്തിങ്ങല്‍ ഭാഗത്ത് പുഴ കരകവിഞ്ഞാല്‍ കൂടുതല്‍ വീടുകള്‍ വെള്ളത്തിനടിയിലാകുമെന്നാണ് മുന്നറിയിപ്പ്. കൊട്ടന്തല ഭാഗത്തുനിന്നും ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. കരിങ്കല്ലത്താണി ഭാഗത്ത് ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഉള്ളണം കുണ്ടന്‍ കടവ് ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട് ഇവിടെ നിന്നും ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുന്നുണ്ട്.
മലപ്പുറം തിരൂര്‍ റോട്ടില്‍ പൊന്‍മള, മൈലപ്പുറം, വടക്കേമണ്ണ ഭാഗത്തും വെള്ളം കയറി. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലം അപകടാവസ്ഥയിലാണ്.

Sharing is caring!