മഴശക്തം: മലയോരം ഒറ്റപ്പെട്ടു

മഴശക്തം: മലയോരം ഒറ്റപ്പെട്ടു

മലപ്പുറം: ശക്തമായ മഴയില്‍ മലയോരപ്രദേശങ്ങള്‍ ഒറ്റപ്പെടുന്നു. പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന അവസ്ഥയിലാണ് നിലമ്പൂര്‍, എടവണ്ണ, വാഴക്കാട് സ്ഥലങ്ങള്‍. നാടുകാണി ചുരത്തില്‍മുപ്പതോളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. നിരവധി ആളുകള്‍ വാഹനങ്ങളില്‍ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി നാടുകാണി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ആശങ്കപ്പെടേണ്ടതില്ല. രക്ഷപ്പെട്ടവരെല്ലാം സുരക്ഷിതരാണ്. ശക്തമായ മണ്ണിടിച്ചില്‍ കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് ചുരത്തിലേക്കുള്ള യാത്ര വളരെ ദുസ്സഹമായിരുന്നു.

കരുളായി നെടുങ്കയം വനമേഖലയില്‍ രാത്രിയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിലമ്പൂരില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനായി കെ.പി.ജയ്‌സല്‍ താനൂരിന്റെ നേതൃത്വത്തില്‍, കോര്‍മ്മന്‍ കടപ്പുറത്തെ 25 മത്സ്യതൊഴിലാഴികല്‍ ബോട്ടും മറ്റ് ഉപകരണങ്ങളുമായി നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളപൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യത ഏറെയാണ്. 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതത് പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കണം. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടണമെന്നും കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. നിലമ്പൂര്‍ താലൂക്കില്‍ 12 ഉം ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ രണ്ടു വീതവും പൊന്നാനിയില്‍ ഒരു ക്യാമ്പുമാണ് തുടങ്ങിയത്. 337 കുടംബങ്ങളിലെ 950 പേരാണ് വിവിധ ക്യാമ്പുകളിലേക്കു മാറ്റിപാര്‍പ്പിച്ചത്. കുറച്ചു പേര്‍ ബന്ധു വീടുകളിലേക്കും മാറിതാമസിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായ് ഓരോ ക്യാമ്പിലേക്കും ജില്ലാ കളക്ടര്‍ നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണത്തിലെ 25 അംഗം സംഘം ജില്ലയിലെത്തി. വിങ് കമാന്‍ഡര്‍ എം മാരികനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലമ്പൂരിലെത്തിയിട്ടുള്ളത്. നിലമ്പൂര്‍ കേന്ദ്രീകരിച്ചു സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

കരുളായി കല്‍ക്കുളം എല്‍.പി.സ്‌കൂള്‍, പുള്ളിയില്‍ ഗവ.എല്‍.പി സ്‌കൂള്‍,ഗവ.യു.പി.സ്‌കൂള്‍ എരഞ്ഞിമങ്ങാട്, ജി.എല്‍.പി.എസ് ചുങ്കത്തറ, നിലമ്പൂര്‍ മുമ്മുള്ളി കമ്യൂണിറ്റി സെന്റര്‍, ജി.എച്ച.എസ് എടക്കര, ജി.എം.എല്‍.പി.എസ് പുള്ളിപ്പാടം, കരിങ്കാട്ടുമണ്ണ സിദ്ദീഖ് കോട്ടേജ്, പൊങ്ങല്ലൂര്‍ ഫ്‌ളോര്‍ മില്‍, സെന്റ്‌തോമസ് ചര്‍ച്ച് ഏനാതി, ജി.എല്‍.പി.എസ് കരിമ്പുഴ, നിര്‍മ്മല എച്ച്.എസ് കുറുമ്പലങ്ങോട് എന്നിവിടങ്ങളിലാണ് നിലമ്പൂര്‍ താലൂക്കില്‍ ക്യാമ്പ് തുറന്നത്. 320 കുടുംബങ്ങളിലെ 864 പേര്‍ ഈ ക്യാമ്പുകളിലായുണ്ട്.
ഏറനാട് താലൂക്കിലെ വെറ്റിലപ്പാറ കൂരന്‍കുണ്ട് അംഗനവാടി, കീഴുപറമ്പ് പത്തനാപുരം ഇശാഅത്തുല്‍ ഇസ്‌ലാം മദ്‌റസ എന്നിവിടങ്ങളിലാണ് ക്യാമ്പ്. 16 കുടുംബങ്ങളില്‍ നിന്നുള്ള 57 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് ഇ.എം.യു.പി സ്‌കൂള്‍, പണിക്കരപ്പുറായ സി.എച്ച.മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. 29 പേരാണ് ഇവിടത്തെ ക്യാമ്പുകളിലുള്ളത്.
പൊന്നാനി താലൂക്കിലെ പൊന്നാനി നഗരം വില്ലേജ് മുനിസിപ്പല്‍ ഷെല്‍ട്ടറിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. മൂന്നു കുടുംബങ്ങളിലെ 14 പേരാണ് ക്യാമ്പിലുള്ളത്.

Sharing is caring!