ഡിഗ്രി തോറ്റ എസ്.എഫ്.ഐ വനിതാ നേതാവിന് പി.ജിക്ക് പ്രവേശനം നല്‍കി കാലിക്കറ്റ് സര്‍വകലാശാല

ഡിഗ്രി തോറ്റ എസ്.എഫ്.ഐ  വനിതാ നേതാവിന് പി.ജിക്ക്  പ്രവേശനം നല്‍കി കാലിക്കറ്റ്  സര്‍വകലാശാല

മലപ്പുറം: ഡിഗ്രി തോറ്റ എസ്.എഫ്.ഐ വനിതാ നേതാവിന് പി.ജിക്ക് പ്രവേശനം നല്‍കി കാലിക്കറ്റ് സര്‍വകലാശാല, എസ്.എഫ്.ഐ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ നിയമ വിരുദ്ധ പ്രവേശനത്തിന് അധികൃതര്‍ കൂട്ടുനിന്നതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പിജി പ്രവേശനത്തിന് കാത്തിരിക്കുമ്പോഴാണ് എസ്.എഫ്.ഐക്കാരയാണെന്ന യോഗ്യതയില്‍ മാത്രം ഡിഗ്രി പരാജയപ്പെട്ട വനിതാനേതാവിന് പ്രവേശനം ലഭിച്ചത്. സര്‍വകലാശാല കാമ്പസിലെ വനിതാ പഠന വിഭാഗത്തില്‍ എം എ ക്കാണ് വനിതാ നേതാവിന് പ്രവേശനം നല്‍കിയതായി ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഡിഗ്രി ഫലം വരുന്നതിന് മുമ്പായി പി ജി പ്രവേശനത്തിനുളള എന്‍ട്രന്‍സ് പരീക്ഷ എഴുതാമെങ്കിലും തുടര്‍ന്ന് പ്രവേശനം നേടി 45 ദിവസത്തിനുള്ളില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പഠന വിഭാഗത്തില്‍ ഹാജരാക്കണമെന്നാണ് നിയമം.

എന്നാല്‍ വനിതാ പഠന വിഭാഗത്തില്‍ ജൂണ്‍ പതിനൊന്നിനാണ് പി ജി പ്രവേശനം നടത്തിയത്. പ്രവേശനം നേടി 45 ദിവസം പൂര്‍ത്തിയാവുന്നത് ജൂലൈ ഇരുപത്തിയഞ്ചിനാണ്. എന്നാല്‍ ഇതേ ദിവസം ഇവര്‍ മാര്‍ക്ക് ലിസ്റ്റുകള്‍ ഹാജരാക്കിയിട്ടില്ല. ജൂലൈ 25 ന് മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കാത്തതിന് പെണ്‍കുട്ടിയെ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് പുറത്താക്കി റാങ്ക് ലിസ്റ്റിലെ അടുത്ത കുട്ടിക്ക് അഡ്മിഷന്‍ നല്‍കണമെന്നാണ് ചട്ടം. എസ് എഫ് ഐ നേതാക്കളുടെ നിര്‍ദ്ദേശത്തിനനുസരിച്ച് നിയമ വിരുദ്ധ പ്രവേശനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളജില്‍ ബി എ ഇംഗ്ലീഷിന് പഠിച്ച വിദ്യാര്‍ഥിനി തോറ്റതിനെ തുടര്‍ന്ന് നവംബര്‍ 2018പരീക്ഷ കഴിഞ്ഞ ഡിസംബര്‍ പതിനൊന്നു മുതല്‍ പതിനെട്ട് വരെ യുള്ള തിയ്യതിയില്‍ മലയാള സാഹിത്യം എന്ന പരീക്ഷ എഴുതി.ഈ പരീക്ഷയുടെ മാര്‍ക്കുകള്‍ ഇപ്പോള്‍ ബി എ വിഭാഗത്തില്‍ എത്തിയിട്ടേയുള്ളൂ. ഇതിനിടയിലാണ് പെണ്‍കുട്ടിയുമായി പരീക്ഷാഭവന്‍ ബി എ വിഭാഗത്തില്‍ ഇ.എ 14 സെക്ഷനില്‍ എത്തിയ എസ് എഫ് ഐ ക്കാരന്‍ കോണ്‍ഫിഡന്‍ഷ്യല്‍ മാര്‍ക്ക് ലിസ്റ്റ് നല്‍കാത്തതിന് തെറി വിളിച്ച് സെക് ഷന്‍ അസിസ്റ്റന്റ് രജ്ഞിതയെയും അസിസ്റ്റന്റ് രജിസ്ട്രാര്‍ മോളിയെയും ഭീഷണിപ്പെടുത്തുകയുമുണ്ടായി.

പിന്നീട് പാസ് ബോഡ് ചേരാതെ തന്നെ കോണ്‍ഫിഡന്‍ഷ്യല്‍ മാര്‍ക്ക് ലിസ്റ്റ് നല്‍കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ നിയമവിരുദ്ധമായി നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ മുപ്പതാം തിയ്യതി വൈകിട്ട് അഞ്ചര മണിക്ക് മാര്‍ക്ക് ലിസ്റ്റ് വനിതാ പഠന വിഭാഗത്തിലെത്തിച്ചിരുന്നു. ജൂലൈ ഇരുപത്തിയഞ്ചിന് മാര്‍ക്ക് ലിസ്റ്റ് നല്‍കിയാലേ ഈ വിദ്യാര്‍ഥിനിക്ക് അഡ്മിഷന്‍ നിയമപരമാവുകയുള്ളൂ. നിലവില്‍ ഡിഗ്രി തോറ്റയാള്‍ക്കാണ് സര്‍വകലാശാല പിജിക്ക് അഡ്മിഷന്‍ നല്‍കിയിരിക്കുന്നത്. എസ് എഫ് ഐ ക്കാരിയെന്ന രാഷ്ട്രീയ യോഗ്യത മാത്രമാണ് ഇതിന്റെ മാനദണ്ഡം.പരീക്ഷാഭവനില്‍ വനിതാ ജീവനക്കാര്‍ക്ക് നേരെയുള്ള എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ ജീവനക്കാര്‍ പ്രതിഷേധിച്ചു. ബി എ ഡപ്യൂട്ടി രജിസ്ട്രാര്‍ അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ പരീക്ഷാ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ജീവനക്കാര്‍ക്കെതിരായ അക്രമത്തിനെതിരെ നടപടിയാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു. എസ്എഫ്ഐ അതിക്രമത്തിനെതിരെ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ കണ്‍ട്രോളറെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു.

Sharing is caring!