കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നു: വി.വി. പ്രകാശ്

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍  ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നു: വി.വി. പ്രകാശ്

മലപ്പുറം: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്ത കളഞ്ഞ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്. പ്രത്യേക പദവി നല്‍കിയാണ് കശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തത്. വ്യവസ്ഥാപിതമായ നയങ്ങള്‍ മാറ്റിമറിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനയ്ക്ക് വിരുദ്ധമായ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ചരിത്രം മറന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യം ഭരിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയായ നിലപാടുകളാണ് രണ്ടാം മോദി സര്‍ക്കാറില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് ഇത്തരം നടപടികള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടെന്ന സ്ഥിതി വരുത്തിതീര്‍ത്ത് രാഷ്ര്ടീയ ലാഭം കൊയ്യാനാണ് ബിജെപിയുടെ ശ്രമം. സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ച് കശ്മീര്‍ ജനതയെ ഭീഷണിപ്പെടുത്തുകയാണ്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ മോദിയും അമിത് ഷായും കാട്ടുന്ന ആവേശം രാജ്യത്തെ മതേതരത്വത്തെ ദുര്‍ബലപ്പെടുത്താന്‍ കാരണമാകും. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ഡിസിസി പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Sharing is caring!