ആദിവാസി കോളനികളിലെ വിശേഷങ്ങളറിഞ്ഞ് ജില്ലാ കലക്ടര്‍; സമഗ്ര വികസനത്തിന് പദ്ധതി

ആദിവാസി കോളനികളിലെ വിശേഷങ്ങളറിഞ്ഞ് ജില്ലാ കലക്ടര്‍; സമഗ്ര വികസനത്തിന് പദ്ധതി

നിലമ്പൂര്‍: ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ ഉള്‍പ്പെടെ സമഗ്ര വികസന പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. നിലമ്പൂരില്‍ വെണ്ണക്കോട്, നായാടംപൊയില്‍ കോളനികളില്‍ സന്ദര്‍ശിച്ച ശേഷം നടന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കോളനികളുടെ സ്ഥിതി മനസ്സിലാക്കുന്നതിനായി കുടുംബശ്രീയുടെയും ഐ.ടി.ഡി.പി യുടെയും നേതൃത്വത്തില്‍ സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. ഇത് ക്രോഡീകരിച്ച് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രാഥമിക കരട് രേഖ സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ട്. വിശദമായ പദ്ധതി തയ്യാറാക്കി വരികയാണ്. ഇതോടൊപ്പം കോളനികളിലെ കുട്ടികളുടെ പഠനത്തിനും തൊഴില്‍ പരിശീലനത്തിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. അഭ്യസ്തവിദ്യരായ കുട്ടികള്‍ക്കായി തൊഴില്‍ പരിശീലനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കും. തൊഴില്‍, വിദഗ്ധ തൊഴില്‍ പരിശീലനം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കും.
നായാടം പൊയില്‍ കോളനിയിലേക്കുള്ള റോഡ് നവീകരിക്കും. കോളനിയില്‍ സ്ഥലം ലഭ്യമാകുന്ന മുറക്ക് കമ്മ്യൂനിറ്റി സെന്റര്‍ കം അങ്കണവാടി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. പഴശ്ശി ഇക്കോ ടൂറിസം പദ്ധതിയില്‍ വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് ടൂറിസ്റ്റ് ഗൈഡ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പ്രദേശവാസികള്‍ക്ക് മുന്‍ഗണന നല്‍കും. കോളനികളിലെ വീടുകളുടെ പുനര്‍നിര്‍മാണത്തിന് ലൈഫ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കും. നായാടം പൊയില്‍ കോളനിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് പരിഗണിക്കും. നിലമ്പൂര്‍ കേന്ദ്രീകരിച്ചു ആദിവാസികള്‍ക്ക് മാത്രമായി ജില്ലാഭരണകൂടം, ഐടിഡിപി, കുടുംബശ്രീ, തൊഴില്‍ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. വെണ്ണക്കോട് കോളനി നിവാസികളുടെ നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കോളനിയില്‍ അനുവദിച്ച സ്മാര്‍ട്ട് അങ്കണവാടിക്ക് സ്ഥലം ലഭ്യമാക്കുന്നതിന് ഇതോടുകൂടി സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക ധനസഹായം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കും. കോളനികളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും. വാളന്തോട് കേന്ദ്രീകരിച്ചു ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുന്നത് പരിഗണിക്കും.
കോളനികളില്‍ നടന്ന അദാലത്തില്‍ ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഉസ്മാന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. ഒ അരുണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വിജയകുമാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ടി.ശ്രീകുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി ജമാലുദ്ദീന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, ജില്ലാ സപ്ലൈ ഓഫീസര്‍ ടി.പി സുനില, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ മേരി ജോണ്‍,കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി. കെ. ഹേമലത, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ് അഗസ്റ്റിന്‍ അച്ചാമ്മ ജോസഫ്, നിലമ്പൂര്‍ ബി. ഡി. ഒ രാജീവ്, വില്ലേജ് ഓഫീസര്‍ മാരായ എച്ച്.എ. ഷമീം, സുനില്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!