പൊന്നാനി ഗവ.താലൂക്കാശുപത്രിയില്‍ പുതിയ നേത്രരോഗ സര്‍ജറി വിഭാഗം ഉദ്ഘാടനം ചെയ്തു

പൊന്നാനി ഗവ.താലൂക്കാശുപത്രിയില്‍ പുതിയ നേത്രരോഗ സര്‍ജറി വിഭാഗം ഉദ്ഘാടനം ചെയ്തു

പൊന്നാനി: ആയിരക്കണക്കിന് രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന പൊന്നാനി നഗരസഭ ഗവ.താലൂക്കാശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള നേത്രരോഗ വിഭാഗ ഓപ്പറേഷന്‍ തിയേറ്റര്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. സര്‍ജറിക്കാവശ്യമായ എല്ലാ സംവിധാനങ്ങളും, ഓപ്പറേഷന്‍ തിയേറ്റര്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും, ഡോക്ടറുടെ പരിശീലനവും പൂര്‍ത്തിയായതോടെയാണ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും, പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാണ് തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെ സൗജന്യമായി നല്‍കാവുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്.
പൊന്നാനി താലൂക്കാശുപത്രിയില്‍ നിലവില്‍ ഇ.എന്‍.ടി, ഓര്‍ത്തോ തുടങ്ങിയവയുടെ സര്‍ജറികള്‍ മികച്ച രീതിയിലാണ് നടന്നു വരുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ മേജര്‍ മൈനര്‍ വിഭാഗങ്ങളിലായി 1607 സര്‍ജറികള്‍ നടന്നു കഴിഞ്ഞു. ഇതില്‍ 458 എണ്ണം മേജര്‍ ഓപ്പറേഷനാണ്. സൗജന്യമായി കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ആശുപത്രിയില്‍ വിജയകരമായാണ് നടന്നു വരുന്നത്. ഇതിനകം എട്ട് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു.
ചടങ്ങില്‍ ഓര്‍ത്തോശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്ന ഡോ.യൂസഫലിയേയും, ടീമിനെയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുമോദിച്ചു. നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ്് കുഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.രമാദേവി, സ്ഥിരസമിതി ചെയര്‍മാന്‍ ഒ.ഒ.ശംസു വാര്‍ഡ് കൗണ്‍സിലര്‍എ.കെ.ജബ്ബാര്‍ , ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.
(ഫോട്ടോ സഹിതം)

Sharing is caring!