ചേലേമ്പ്ര രാജ്യത്തെ ആദ്യ പ്രഥമ ശുശ്രൂഷ പഞ്ചായത്ത്‌

ചേലേമ്പ്ര രാജ്യത്തെ ആദ്യ പ്രഥമ ശുശ്രൂഷ പഞ്ചായത്ത്‌

ചേലേമ്പ്ര: മിഷന്‍ ഫസ്റ്റ് എയ്ഡ് പദ്ധതിയിലൂടെ ചേലേമ്പ്രയെ രാജ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്തായി കെ.കെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും പങ്കാളികളാക്കി ഗ്രാമം ആരാമം പദ്ധതി നടപ്പാക്കി കേരളത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെയാണ് മിഷന്‍ ഫസ്റ്റ് എയ്ഡ് പദ്ധതിയുമായുള്ള ചേലേമ്പ്ര പഞ്ചായത്തിന്റെ മുന്നേറ്റം. രാമനാട്ടുകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിങ് ഫൗണ്ടേഷന്‍ ഇന്ത്യയും ചേലേമ്പ്രയിലെ ദേവകിയമ്മ മെമ്മോറിയല്‍ എഡ്യുക്കേഷനല്‍ ഇന്‍സിസ്റ്റ്യൂഷനും പഞ്ചായത്തുമായി സഹകരിച്ചാണ് മിഷന്‍ ഫസ്റ്റ് എയ്ഡ് എന്ന പേരില്‍ രാജ്യത്തെ തന്നെ ആദ്യ മാതൃകാ പദ്ധതി നടപ്പാക്കുന്നത്.

ഹൃദയാഘാതം, പക്ഷാഘാതം, ജലാശയ അപകടങ്ങള്‍, മിന്നല്‍,വൈദ്യുതാഘാതം, പാമ്പുകടിയേല്‍ക്കല്‍, വാഹനാപകടങ്ങള്‍, കുഞ്ഞിന് ഭക്ഷണം തരിപ്പില്‍ പോകല്‍, ശ്വാസംമുട്ടല്‍ ഉണ്ടാകുക, കുഴഞ്ഞ് വീഴുക, ആത്മഹത്യാശ്രമം, തലചുറ്റല്‍, പൊള്ളല്‍, അപസ്മാരം, മൃഗങ്ങളുടെ ദംശനം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ ആശുപത്രികളിലെത്തും മുമ്പ് നല്‍കാന്‍ ജനങ്ങളെ പര്യാപ്തരാക്കിയാണ് പദ്ധതി നടപ്പാക്കിയത്. പ്രഥമ ശുശ്രൂഷാ കിറ്റ് എല്ലാവര്‍ക്കും വൈകാതെ തന്നെ ലഭ്യമാക്കാനാവശ്യമായ സംവിധാനമൊരുക്കാന്‍ പഞ്ചായത്ത് ശ്രമമാരംഭിച്ചിട്ടുണ്ട്. ഹൃദയാഘാത സമയത്ത് അടിയന്തിരമായി ഉപയോഗിക്കാവുന്ന ജീവന്‍ രക്ഷാ ഉപകരണമായ ഏ.ഇ.ഡി മെഷീന്‍ മിഷന്‍ ഫസ്റ്റ് എയിഡിന്റെ ഭാഗമായി പഞ്ചായത്ത് വാങ്ങിക്കഴിഞ്ഞു. ഏത് അര്‍ദ്ധരാത്രിയിലും ആവശ്യക്കാരന് അത് ലഭ്യമാക്കുന്ന രീതിയില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മിഷന്‍ ഫസ്റ്റ് എയ്ഡിനോടനുബന്ധിച്ച് അവയവ ദാനവും ശരീരദാനവുമുള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യാപകമായ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. അവയവും ശരീരവും ദാനം ചെയ്യാന്‍ താല്‍പര്യവും സന്നദ്ധതയും ഉള്ളവരില്‍ നിന്ന് സമ്മതപത്രം വാങ്ങി നല്‍കുന്ന പദ്ധതിയും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ചേലേമ്പ്ര പഞ്ചായത്ത്.

Sharing is caring!