തിരുന്നാവായ താമരക്കായല്‍ ദേവസ്വം വീണ്ടെടുത്തു

തിരുന്നാവായ താമരക്കായല്‍  ദേവസ്വം വീണ്ടെടുത്തു

മലപ്പുറം: മുസ്ലിംകുടുംബങ്ങളുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ദക്ഷിണേന്ത്യയിലെ പ്രധാന താമരകൃഷിയിടങ്ങളിലൊന്നായ തിരുന്നാവായ വലിയപറപ്പൂരിലെ താമരക്കായല്‍ തിരുന്നാവായ ദേവസ്വം വീണ്ടെടുത്തു.
ഭാഗവതത്തില്‍ പറയുന്ന ഗജേന്ദ്ര മോക്ഷത്തിന് ആധാരമായതെന്ന് ഹൈന്ദവര്‍ വിശ്വസിക്കപ്പെട്ടു വരുന്ന താമരപ്പൊയ്കയായ ചെങ്കമല സരസാണ് തിരുന്നാവായ ദേവസ്വം വീണ്ടെടുത്തത്. തിരൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് 35.10 ഏക്കര്‍ താമരക്കായല്‍ദേവസ്വത്തിന് കരസ്ഥപ്പെടുത്താന്‍ കഴിഞ്ഞത്. വലിയ പറപ്പൂര്‍ കായല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കായലിന് അഞ്ഞൂറ് ഏക്കറിലേറെ വിസ്തൃതിയുണ്ട്, കായലില്‍ കര്‍ഷകര്‍ താമര കൃഷിയാണ് നടത്തിവന്നിരുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിലേക്ക് തിരുന്നാവായയില്‍ നിന്നാണ് താമരപ്പൂ കയറ്റി അയക്കുന്നത്. തിരുന്നാവായ നവാമുകുന്ദ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ ഭാഗവതത്തില്‍ പറയുന്ന ഗജേന്ദ്രമോക്ഷം നടന്ന ക്ഷേത്രമാണ് ഇതെന്ന വിശ്വാസമുണ്ട്. അങ്ങനെയാണെങ്കില്‍ താമരപ്പൂവിളഞ്ഞിരുന്ന ചെങ്കമല സരസും ക്ഷേത്രസമീപത്തുണ്ടായിരിക്കാമെന്നും പറയപ്പെടുന്നു.

എന്നാല്‍ ചെങ്കമല സരസ് എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. 2006 ല്‍ എച്ച്.ആര്‍.ആന്റ് സി ദേവസ്വം ഭൂമി പരിശോധിച്ചപ്പോഴാണ് ക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ വടക്കു കിഴക്കു ഭാഗത്തുള്ള താമരക്കായലില്‍ കുറേ ഭാഗം ദേവസ്വത്തിന്റെതാണെന്നു വ്യക്തമായത്. ദേവസ്വം ഭൂമിക്ക് അതിര്‍ത്തി നിര്‍ണയിക്കാഞ്ഞതിനാല്‍ താമര കര്‍ഷകര്‍ ദേവസ്വം ഭൂമിയിലും കൃഷിയിറക്കുകയായിരുന്നു.ദേവസ്വത്തിന്റെ താമരക്കായല്‍ തിരിച്ചുപിടിക്കണമെന്ന് അന്നത്തെ ഡെപ്യുട്ടി കലക്ടര്‍ ടി.പി.തങ്കപ്പന്‍ എച്ച്.ആര്‍.ആന്റ് സിക്ക് റിപ്പോര്‍ട്ടുനല്‍കി. 2015ല്‍ താമരക്കായല്‍ അളന്നു തിട്ടപ്പെടുത്താന്‍ ദേവസ്വം തിരൂര്‍ താലൂക്ക് സര്‍വ്വേയര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. തുടര്‍ന്ന് മലപ്പുറം ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ. എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും അനങ്ങാപ്പാറ നയമായിരുന്നു. അതിനു ശേഷമാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ തിരൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ്സ് കമ്മിറ്റി സെക്രട്ടറിക്ക് ഈ ആവശ്യമുന്നയിച്ചു പരാതി നല്‍കിയത്.

ദേവസ്വത്തിന്റെ താമരക്കായലിന് അതിരിട്ടുനല്‍കാന്‍ നിയമ സഹായ സമിതി സെക്രട്ടറി നിര്‍ദേശിച്ചുവെങ്കിലും വെള്ളക്കെട്ടു കാരണം നീണ്ടു പോയി. കഴിഞ്ഞ ദിവസങ്ങളിലായാണ് ഭൂരേഖ പ്രകാരം അതിര്‍ത്തി നിര്‍ണയിച്ചത്. കുറ്റിപ്പുറം വില്ലേജില്‍ 28 ഏക്കറും തിരുന്നാവായ വില്ലേജില്‍ 7.10 ഏക്കറും അടക്കം 35.10 ഏക്കര്‍ ഭൂമിയാണ് ദേവസ്വം അതിരിട്ട് കയ് വശമെടുത്തത്. ഇതില്‍ തിരുന്നാവായ വില്ലേജിലെ താമരക്കായലാണ് ചെങ്കമലസരസ്സെന്നു കരുതപ്പെടുന്നു.ഇതോടെ നവാമുകുന്ദ ക്ഷേത്രത്തിലേക്കുള്ള താമരപ്പൂക്കള്‍ സ്വന്തം പൊയ്കയില്‍ കൃഷി ചെയ്യാന്‍ ദേവസ്വത്തിനു സാധിക്കും. തിരുന്നാവായ ദേവസ്വം ഉല്‍പ്പാദിപ്പിക്കുന്ന താമരപ്പൂക്കള്‍ മററു ക്ഷേത്രങ്ങളിലേക്ക് വിപണനം ചെയ്യാനും സാധിക്കും.

മുസ്ലിംകുടുംബങ്ങളുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ഇവിടുത്തെ താമരകൃഷി ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും അതിര്‍ത്തികടന്നിരുന്നു.
ദക്ഷിണേന്ത്യയിലെ പ്രധാന താമരകൃഷിയിടങ്ങളിലൊന്നായ തിരുന്നാവായ വലിയപറപ്പൂരിലെ താമരകൃഷി ഇന്ന് പകുതിയായി കുറയുകയും ചെയ്തിട്ടുണ്ട്, 400ഏക്കറില്‍ കൃഷിചെയ്തിരുന്ന ഇന്നിവിടെ 200ഏക്കറില്‍ മാത്രമാണു കൃഷിയുള്ളത്. ജലലഭ്യതയുടെ കുറവും താമരക്കോഴി എന്നറിയപ്പെടുന്ന കിളികളുടെ ശല്യവുമാണു കൃഷിയെ പ്രതിസന്ധിയിലാക്കിയത്. രാപ്പകല്‍ അധ്വാനിച്ച് കൃഷിചെയ്തുണ്ടാക്കുന്ന താമരകള്‍ നശിച്ചുപോകുന്നതു പതിവായതോടെയാണു കര്‍ഷകരില്‍ പലരും കൃഷിയില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഇവിടെ 20ഏക്കറില്‍ കൃഷിചെയ്തുവരുന്ന കാരക്കാടന്‍ ഹസ്സനും കുടുംബത്തിനും മുമ്പു അയ്യായിരം പൂക്കള്‍വരെ ദിവസം ലഭിച്ചിരുന്നെങ്കില്‍ ഇന്നിവര്‍ക്കു ലഭിക്കുന്നതു വെറും 500മുതല്‍700വരെ പൂക്കള്‍ മാത്രമാണ്. മുമ്പു തങ്ങള്‍ നല്‍കിയിരുന്ന പല ക്ഷേത്രങ്ങള്‍ക്കും ഇന്നു ആവശ്യത്തിനു താമര നല്‍കാന്‍ കഴിയുന്നില്ലെന്നു ഹസ്സന്‍ പറയുന്നു.

ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലേക്കു പൂജയ്ക്ക് ഈ നിളാതീരത്തുനിന്നാണു മുമ്പു താമരപ്പൂക്കള്‍ കൊണ്ടുപോയിരുന്നത്. തിരുന്നാവായ നാവാമുകുന്ദ ക്ഷത്രത്തിന് സമീപത്തെ താമരക്കായലുകള്‍ പുലര്‍ച്ചെ അഞ്ചിനുമുമ്പ് സജീവമാകും. കായലില്‍ഓളങ്ങള്‍ തീര്‍ത്ത് ചെറുതോണികളില്‍ നീങ്ങുന്ന കര്‍ഷകര്‍ ഇവിടുത്തെ പതിവ് കാഴ്ച്ചയാണ്. പൂക്കളുമായി ഇവര്‍ തിരിച്ചെത്തുമ്പോള്‍ പിന്നീട് ഏഴുമണിയാകും. പിന്നീട് അവ കരുതലോടെ ചാക്കുകളിലാക്കി ബസ്സ്റ്റാന്‍ഡുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കുംകൊണ്ടുപോകും. പണ്ടുകാലത്തിവിടെ താമരക്കായല്‍ ഉണ്ടായിരുന്നുവെന്നു പഴമക്കാര്‍ പറയുന്നു. ക്ഷേത്രത്തിലേക്ക് ആവശ്യത്തിന് പൂക്കള്‍ ലഭ്യമാകാത്തതിനാലാണു കായല്‍ നിര്‍മിച്ചെന്നാണ് ഐതിഹ്യം.
നാവാമുകുന്ദക്കു ുറമെ ഗുരുവായൂര്‍, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രം, കോഴിക്കോട് തളി, കാടാമ്പുഴ, ആലത്തൂര്‍ ഹനുമാന്‍കാവ്, തൃപ്രങ്ങോട്, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം പൂക്കള്‍ അയച്ചിരുന്നു.

Sharing is caring!