മലപ്പുറത്തുകാരി അധ്യാപികയുടെ ധീരത, സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചത് മൂന്ന് കുരുന്ന് ജീവനുകള്‍

മലപ്പുറത്തുകാരി അധ്യാപികയുടെ ധീരത,   സ്വന്തം ജീവന്‍ പണയപ്പെടുത്തി  രക്ഷിച്ചത് മൂന്ന് കുരുന്ന് ജീവനുകള്‍

തേഞ്ഞിപ്പലം: വീടിനടുത്തുള്ള കുളത്തില്‍ മുങ്ങി താഴ്ന്ന് മരണത്തെ മുഖാമുഖം കണ്ട മൂന്ന് വിദ്യാര്‍ഥികളുടെ ജീവനുകള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച അധ്യാപികയായ ലതക്ക് നാടിന്റെ അഭിനന്ദനം. പെരുവള്ളൂര്‍ പഞ്ചായത്തിലെ ഇല്ലത്ത് മാട്ടില്‍ മംഗലശ്ശേരി ഇല്ലപറമ്പിലെ ഉപയോഗശൂന്യമായ പഴയകുളം തൊഴിലുറപ്പ് തൊഴിലാളികള്‍ ഈയിടെ വൃത്തിയാക്കിയതായിരുന്നു. ഇവിടെ നീന്തല്‍ പഠിക്കാനിറങ്ങിയതായിരുന്നു സഹോദരിമാരായ സഫറീന, സജനഷ്‌റി, ഇവരുടെ കൂട്ടുകാരിയായ റെസ്ല എന്നീ മൂന്നു പെണ്‍കുട്ടികള്‍.
സ്വന്തം വീട്ടില്‍ വന്നതായിരുന്നു വേങ്ങര അല്‍ ഇഹ്‌സാന്‍ സ്‌കൂള്‍ അധ്യാപികയായ ലത. കുട്ടികള്‍ കുളത്തില്‍ മുങ്ങി താഴുന്നത് കണ്ട അധ്യാപലക മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്കെടുത്തുചാടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അവശയായ ലത ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ടു. ഉടനെ ലതയുടെ സഹോദരന്‍ രതീഷെത്തി എല്ലാവരെയം പിടിച്ചു കരക്കെത്തിക്കുകയായിരുന്നു. അധ്യാപികയുടെ തക്കസമയത്തുള്ള പ്രവര്‍ത്തനവും മനോ ധൈര്യവും മൂലം ഒരു നാടിനെയാണ് കണ്ണീരില്‍ നിന്ന് രക്ഷിച്ചത്.
ചേലേമ്പ്ര ഇടിമുഴിക്കല്‍ കോങ്കട നമ്പീരി സതീശിന്റെ ഭാര്യയാണ് ലത. പെരുവള്ളൂരിലെ സ്വന്തം വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു അധ്യാപികയായ ലത. അതിരറ്റ ധീരതയാണ് അധ്യാപിക കാണിച്ചതെന്നും ബസപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പെരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ വേണുഗോപാല്‍ അറിയിച്ചു.

Sharing is caring!