മന്ത്രി കെ.ടി ജലീല്‍ അവസരവാദി അധികാരത്തിന്റെ അപ്പക്കഷണത്തിനായി പലവഴികള്‍ ചവിട്ടിവന്നയാളാണ് ജലീലെന്നും എ.ഐ.എസ്.എഫ്

മന്ത്രി കെ.ടി ജലീല്‍ അവസരവാദി അധികാരത്തിന്റെ അപ്പക്കഷണത്തിനായി പലവഴികള്‍ ചവിട്ടിവന്നയാളാണ്  ജലീലെന്നും എ.ഐ.എസ്.എഫ്

കൊല്ലം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടന എ.ഐ.എസ്.എഫിന്റെ കൊല്ലം ജില്ല സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. കെ.ടി ജലീല്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുത്തഴിഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങളാണ് നടന്നുവരുന്നത്. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പം മാറിമറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷണത്തിനായി പലവഴികള്‍ ചവിട്ടിവന്നയാളാണ് മന്ത്രി കെ.ടി ജലീലെന്നും ജലീല്‍ പിന്നിട്ട വഴികളെ കുറിച്ച് തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും ശുഭേഷ് പറഞ്ഞു. എ.ഐ.എസ്.എഫിന് യൂണിറ്റ് രൂപീകരിക്കാന്‍ ആളെക്കിട്ടുന്നില്ലെന്ന ജലീലിന്റെ പരാമര്‍ശത്തിനെതിരെയുള്ള പ്രതികരമായിട്ടാണ് ശുഭേഷിന്റെ വാക്കുകള്‍.

എസ്.എഫ്.ഐക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. കലാലയങ്ങളില്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരമായ രീതിയിലാണ്. ജില്ലയിലെ ക്യാമ്പസുകളിലും എ.ഐ.എസ്.എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്.എഫ്.ഐ കാണുന്നതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ്.എഫ്.ഐയുടേത്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ എ.ഐ.എസ്.എഫ് ഭരണത്തിലെത്തുമെന്ന് കണ്ട് എസ്.എഫ്.ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. വര്‍ഗീയ സംഘടനകള്‍ കോളേജുകളില്‍ ഭരണം ലഭിച്ചാലും എ.ഐ.എസ്.എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Sharing is caring!