21 കോടി രൂപ ചെലവില്‍ നിര്‍മിച്ച പെരുങ്കടവ് പാലം നാടിന് സമര്‍പ്പിച്ചു

21 കോടി രൂപ ചെലവില്‍ നിര്‍മിച്ച പെരുങ്കടവ് പാലം നാടിന് സമര്‍പ്പിച്ചു

അരീക്കോട്: നിര്‍മാണം പൂര്‍ത്തിയാക്കി ഉപയോഗ യോഗ്യമാണെന്ന് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചാല്‍ മാത്രമേ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പദ്ധതികള്‍ ജനങ്ങള്‍ക്കായി തുറന്നു നല്‍കുകയുള്ളുവെന്ന് മന്ത്രി ജി സുധാകരന്‍. 21 കോടി രൂപ ചെലവിട്ട് നിര്‍മിച്ച അരീക്കോട്-കീഴുപറമ്പ് പഞ്ചായത്തുകളെ ബന്ധിക്കുന്ന പെരുങ്കടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറനാട് നിയോജക മണ്ഡലത്തിലെ അരീക്കോട്-എടവണ്ണപ്പാറ റോഡിനേയും, കുറ്റൂളി-എടശ്ശേരിക്കടവ് റോഡിനേയും ബന്ധിപ്പിച്ച് ചാലിയാര്‍ പുഴയ്ക്ക് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പി കെ ബഷീര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഏറനാട് മണ്ഡലത്തില്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന് കീഴില്‍ നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടക്കുന്ന പദ്ധതികളില്‍ സൂക്ഷ്മമായ നിരീക്ഷണം ഇന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ല.

ചെറിയൊരു പാലമാണ് ഇവിടത്തുകാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാവിധ യാത്രാസൗകര്യവും സാധ്യമായൊരു പാലമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയില്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി സാധ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മാണത്തിന് തുക അനുവദിച്ചത്. 2015 ജനുവരിയില്‍ ഭരണാനുമതി ലഭിച്ച പാലത്തിന് 2016 ഫെബ്രുവരിയില്‍ സാങ്കേതിക അനുമതിയും ലഭിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പാലത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്.

സുപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ വി റൈഹാന ബേബി, അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി രമ, ജില്ലാ പഞ്ചായത്ത് മെംബര്‍ പി വി മനാഫ്, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം നന്ദി പറഞ്ഞു.

Sharing is caring!