വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം- ജില്ലാ വികസന സമിതി

വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം- ജില്ലാ വികസന സമിതി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നില നില്‍ക്കുന്നതില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കം ആശങ്കജനകമാണെന്നും യോഗം ചര്‍ച്ച ചെയ്തു. വിമാനത്താവളത്തില്‍ തൊഴിലാളികളെ നിയമിക്കുമ്പോള്‍ തദ്ദേശവാസികള്‍ക്ക് പരിഗണന നല്‍കണമെന്നും ജോലി ഒഴിവിലേക്കുള്ള കൂടിക്കാഴ്ചകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചോ പരിസര പ്രദേശങ്ങളിലോ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നിലവില്‍ വിമാനത്താവളത്തിലെ ഒഴിവുകളിലേക്ക് തദ്ദേശവാസികളെ പരിഗണിക്കുന്നില്ലെന്നയെന്നും കൂടികാഴ്ച നടക്കുന്നത് കൊച്ചി പോലെ വിദൂര സ്ഥലത്താണെന്നും അത് പരിസരവാസികളെ ഒഴിവാക്കുന്നതിന് വേണ്ടിയാണെന്ന പരാതി കാലങ്ങളായി പ്രദേശവാസികളില്‍ നിന്നും ഉയരുന്നുണ്ടെന്ന കാര്യവും യോഗത്തില്‍ അഭിപ്രായപ്പെട്ടു. ടി.വി ഇബ്രാഹിം എം.എല്‍.എ യാണ് ഇതുസംബന്ധിച്ചുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചത്.

നിലമ്പൂര്‍ റബര്‍ എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നും മരം മുറിക്കുന്നതിന് വനം വകുപ്പില്‍ നല്‍കിയ അപേക്ഷ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതിനിധി സക്കരിയ ആവശ്യപ്പെട്ടു. ചുങ്കത്തറ – എടക്കര വില്ലേജില്‍ 300 ഏക്കറാണ് നിലമ്പൂര്‍ റബര്‍ കമ്പനിയുടെ കൈവശമുള്ളത്. 1936ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും പാട്ടത്തിനെടുത്തതാണ് ഭൂമി. നിലവില്‍ പാട്ടകാലാവധി സംബന്ധിച്ച രേഖകളും കരാറും പരിശോധിക്കണമെന്നും വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ മലയോര ഹൈവേ ആരംഭിക്കുന്നത് പോത്തുകല്‍ ഗ്രാമ പഞ്ചായത്തിലെ തമ്പുരാട്ടിക്കല്ല് മുണ്ടേരി ഫാം ഗേറ്റ് മുതലാണ്. 12 മീറ്റര്‍ വീതിയുള്ള മലോയര ഹൈവേയ്ക്കായി അധികം വേണ്ട ഭൂമി സൗജന്യമായി വിട്ട് നല്‍കാന്‍ പ്രദേശ വാസികള്‍ തയ്യാറായിട്ടുണ്ട്. ഈ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറണം. ഇങ്ങനെ കൈമാറാത്തതിനാല്‍ നിര്‍മാണം വേഗത്തിലാക്കാന്‍ കഴിയുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാടുകാണി – പരപ്പനങ്ങാടി റോഡ് വീതി കൂട്ടുന്നതിനായി നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫീസിന്റെ സ്ഥലം ആവശ്യമായി വന്നിട്ടുണ്ട്. രണ്ട് മീറ്ററാണ് ഇവിടെ ഏറ്റെടുക്കേണ്ടത്. ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ബ്രിട്ടീഷുകാരില്‍ നിന്നും വിലക്ക് വാങ്ങിയതാണെന്നും നിലവിലെ കമ്പോള വില ലഭിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെടുന്നു. എന്നാല്‍ ഈ സ്ഥലം നിലമ്പൂര്‍ ഭാഗത്ത് കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഉണ്ടായിരുന്നത്. ഈ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും എംഎല്‍എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു.
തിരൂര്‍ താഴേപ്പാലം റെയില്‍വെ മേല്‍പ്പാലം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ കാലതാമസം ഉണ്ടാവുകയാണെങ്കില്‍ നിലവിലെ സ്ഥലം ഉപയോഗപ്പെടുത്തി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പട്ടു.

തിരൂര്‍ ജില്ല ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന ഓങ്കോളജി വാര്‍ഡിന്റെ നിര്‍മാണ സമയത്ത് ജില്ല ആരോഗ്യ വിഭാഗം സാങ്കേതിക സഹായം നല്‍കണമെന്നും കൊണ്ടോട്ടി മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നഗരസഭ അനുവദിച്ച സ്ഥലം ഏറ്റെടുക്കുന്നതിന് വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കലക്‌ട്രേറേറ്റില്‍ യോഗത്തില്‍ എംഎല്‍എ മാരായ പി.ഉബൈദുള്ള, ടി.വി ഇബ്രാഹിം, സി .മമ്മൂട്ടി, കെഎന്‍എ ഖാദര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ, ജില്ല കലക്ടര്‍ ജാഫര്‍ മലിക്, എ.ഡി.എം എന്‍.എം മെഹറലി, പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍കുമാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!