പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്തുന്നവിദ്യ നടക്കില്ലെന്ന് മോഡിയോട് ഇ.ടി

പേടിപ്പിച്ച് വരുതിയില്‍  നിര്‍ത്തുന്നവിദ്യ നടക്കില്ലെന്ന് മോഡിയോട് ഇ.ടി

ന്യൂഡല്‍ഹി: മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലുന്നത് (മുത്വലാഖ്) ക്രിമിനല്‍കുറ്റമാക്കുന്ന മുത്വലാഖ് നിരോധന ബില്ല് സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മുസ്ലിംലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീര്‍. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ പ്രത്യേകിച്ചും മുസ്ലിംകളെ ലക്ഷ്യംവച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ ഒട്ടും തന്നെ ഫലവത്താവുകയില്ലെന്നും പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്തുന്ന വിദ്യ നടക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുത്വലാഖ് ബില്ലിന്റെ വാക്താക്കള്‍ നിറം പിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുകയാണ്. നാട്ടിലാകെ വാട്സ് ആപ്പ് ത്വലാഖ്, ഇലക്ട്രോണിക് ത്വലാഖ് നടക്കുന്നു എന്ന വിധത്തില്‍ വ്യാജമായ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 13 ശതാമാനത്തിന്റെയും 14 ശതമാനത്തിന്റേയും ഇടയിലാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്. ഇവിടെ മുസ്ലിംകള്‍ക്കിടയില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ 2011 ലെ സെന്‍സസ് പ്രകാരം 0.5 ശതമാനം മാത്രമാണ്. ഇതില്‍ തന്നെ മുത്വലാഖുകളുടെ എണ്ണം വളരെ നിസാരമാണ്. ഇത്തരം കള്ളക്കഥകള്‍ കെട്ടിച്ചമച്ചാല്‍ അതിന് അധികം ആയുസ് ഉണ്ടാവകുയില്ലെന്നും ഇ.ടി പറഞ്ഞു.

മുസ്ലിംലീഗ് എന്നും ഇന്ത്യന്‍ ഭരണഘനടയിലെ 25 ാം വകുപ്പ് പ്രകാരമുള്ള വിശ്വാസ സംരക്ഷണത്തിന്റെ കൂടെ നിന്ന സംഘടനയാണ്. മുസ്ലിം വ്യക്തി നിയമത്തിന് മൗലികാവകാശത്തിന്റെ സംരക്ഷണമുണ്ട്. ശബരിമല വിശയത്തില്‍ മുസ്ലിം ലീഗ് എടുത്ത നിലപാടുകളും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഏകത്വലാഖും മുത്വലാഖും അല്ലാത്തെ തന്നെ എത്രയോ വിവാഹമോചനങ്ങള്‍ ഈ നാട്ടില്‍ നടക്കുന്നുണ്ട്. അത് എല്ലാ മത വിഭാഗങ്ങളിലും നടക്കുന്നുണ്ട്.

വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീയുടെ സങ്കടത്തില്‍ മാത്രം കണ്ണിര്‍ പൊഴിക്കുന്നവര്‍ മുസ്ലിംകളല്ലാത്ത സ്ത്രീകളുടെ കാര്യത്തില്‍ ദുഖം പങ്കിടാത്തത് എന്തുകൊണ്ടാണ്.? ഇത്തരം കേന്ദ്രങ്ങള്‍ വിവാഹ മോചിതയ്ക്ക് ചെലവുകൊടുക്കുന്ന കാര്യത്തില്‍ നിങ്ങള്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണ്. അവരുടെ രക്ഷയും സുരക്ഷയും നിങ്ങള്‍ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണ്. അത്തരം വിവാഹമോചനങ്ങള്‍ നടത്തുന്ന ഭര്‍ത്താക്കന്മാരുടെ പേരില്‍ നിങ്ങള്‍ ക്രിമിനല്‍ കുറ്റം ചുമത്താത് എന്തുകൊണ്ടാണ്.? ആള്‍കൂട്ട കൊലപാതകത്തിന്റെ ഫലമായി അച്ഛനും അമ്മയും സഹോദരനും നഷ്ടപ്പെട്ട സഹോദരിയുടെ സങ്കടം കാണാന്‍ നിങ്ങള്‍ പോകാത്തത് എന്തു കൊണ്ടാണ്. 2018 വര്‍ഷത്തില്‍ മാത്രം 27 സഹോദരന്മാര്‍ കൊല്ലപ്പെട്ടു. ആള്‍കൂട്ട കൊലപാതകത്തിനെതിരെ നിയമ നിര്‍മാണം നടത്തണമെന്ന് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം നല്‍കീട്ടുപോലും സര്‍ക്കാര്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. എന്തു സമാശ്വാസമാണ് ഹതഭാഗ്യരായ ഇരകള്‍ക്ക് നിങ്ങള്‍ എന്താണ് ചെയ്തു കൊടുത്തത്. എം.പി പാര്‍ലമെന്റില്‍ ചോദിച്ചു.

എത്രനാള്‍ വിഷലിപ്തമായ നുണപ്രചരണങ്ങള്‍ നടത്തിയാലും നിങ്ങള്‍ക്ക് വിജയമുണ്ടാവുകയില്ല. മുസ്ലിം സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിറുത്താമെന്നും നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല. നിങ്ങളുടെ ദുഷ്പ്രചരണങ്ങളെ ഞങ്ങള്‍ ശക്തിയായിതന്നെ എതിര്‍ക്കും. എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും- ഇ.ടി വ്യക്തമാക്കി.

Sharing is caring!