കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ജാഗ്രത പുലര്‍ത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍

കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍  തദ്ദേശ സ്ഥാപനങ്ങള്‍ജാഗ്രത പുലര്‍ത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.പി ഉണ്ണികൃഷ്ണന്‍

മലപ്പുറം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ ശിശുസംരക്ഷണ സമിതികളുടെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തല ശിശുസംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തണം. കുട്ടികളുടെ അവകാശം ഉറപ്പ് വരുത്താനും ചൂഷണം തടയാനുമായി രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ചില പഞ്ചായത്തുകളില്‍ കാര്യക്ഷമമല്ലെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത്, ബ്ലോക്ക്, ജില്ല തലത്തിലാണ് ശിശു സംരക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ നേരിടുന്ന ചൂഷണം, ലഹരി ഉപയോഗം, അവകാശം തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും പ്രശ്നങ്ങള്‍ വിലയിരുത്തുകയുമാണ് സമിതികളുടെ ലക്ഷ്യം.

കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ആവിഷ്‌ക്കരിച്ച സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബാല സംരക്ഷണ കമ്മിറ്റികള്‍ ശാക്തീകരിക്കുന്നതിനാണ് യോഗം ചേര്‍ന്നത്. ബാല സംരക്ഷണ കമ്മിറ്റികള്‍ പഞ്ചായത്ത് ബ്ലോക്ക് തലങ്ങളില്‍ കൃത്യമായ ഇടവളകളില്‍ കൂടുന്നതിനും ആവശ്യമായ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റുമാരും ഐ.സി.ഡി.എസ് പ്രതിനിധികളും ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്തിലെ പ്രസിഡന്റുമാരും സൂപ്പര്‍വൈസര്‍മാരും ബാലസംരക്ഷണ കമ്മറ്റികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രണ്ടു ഘട്ടങ്ങളിലായി നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ സക്കീന പല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, സലീം കുരുവമ്പലം, എ.കെ അബ്ദു റഹിമാന്‍ എന്നിവരും ഗ്രാമ പഞ്ചായത്ത് അസോസിയോഷന്‍ പ്രതിനിധി എ.കെ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ്
നിയമസഭാ സമിതി സിറ്റിങ് നടത്തി

ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് നിയമസഭാ സമിതിയുടെ സിറ്റിങ് ജില്ലയില്‍ നടന്നു. 2003 മുതല്‍ 2017 വരെ ജില്ലയിലെ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും പദ്ധതി തുകകള്‍ വിനിയോഗിച്ചതിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനായാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തിയത്. ഉദ്യോഗസ്ഥരുടെ വിശദീകരണം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി ആവശ്യമെങ്കില്‍ ശുപാര്‍ശ ചെയ്യുമെന്നും സമിതി ചെയര്‍മാന്‍ സുരേഷ് കുറുപ്പ് എംഎല്‍എ പറഞ്ഞു.
നിയമസഭാ സമിതി അംഗങ്ങളായ പി.ടി തോമസ്, വികെസി മമ്മദ് കോയ, വിജയന്‍ പിള്ള, അനില്‍ അക്കര എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.

Sharing is caring!