പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങളും റജിസ്റ്റര്‍ ചെയ്യാമെന്ന് വിവരാവകാശ മറുപടി

പ്രായപൂര്‍ത്തിയാകാതെ നടന്ന  വിവാഹങ്ങളും  റജിസ്റ്റര്‍ ചെയ്യാമെന്ന്  വിവരാവകാശ മറുപടി

മലപ്പുറം: പ്രായപൂര്‍ത്തിയാകാതെ നടന്ന എല്ലാ വിവാഹങ്ങളും കക്ഷികള്‍ക്ക് പ്രായപൂര്‍ത്തിയായി രണ്ട് വര്‍ഷത്തിനകം ബന്ധുകള്‍ ആരെങ്കിലും വിവാഹം അസാധുവാക്കുന്നതിനുള്ള അപേക്ഷ ജില്ലാ കോടതിയില്‍ സമര്‍പ്പിക്കാത്തപക്ഷം റജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദിന് വിവരാവകാശ നിയമമനുസരിച്ച് മറുപടി ലഭിച്ചു. ഹിന്ദു വിവാഹ റജിസ്ട്രാര്‍ ജനറലും വിവാഹ (പൊതു) മുഖ്യറജിസ്ട്രാര്‍ ജനറലുമായ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നാണ് വിവരം നല്‍കിയത്.
രണ്ടായിരത്തി ആറിലെ ശൈശവ വിവാഹ നിരോധന ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരം വിവാഹത്തിന് പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയായിരിക്കേണ്ടതാണ്. എന്നാല്‍ 2013 ജൂണ്‍ 27 വരെ നടന്ന എല്ലാ വിവാഹങ്ങളും പ്രായം പരിഗണിക്കാതെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ റജിസ്റ്റര്‍ ചെയ്യാന്‍ നിലവില്‍ സംവിധാനമുണ്ട്.
വിവാഹം നടന്നതിന്റെ തെളിവായി മതാധികാരസ്ഥാപന സാക്ഷ്യപത്രമോ എം.പി., എം.എല്‍.എ., പഞ്ചായത്ത് / നഗരസഭാംഗങ്ങള്‍, ഗസറ്റഡ് ഓഫീസര്‍ എന്നിവരാരെങ്കിലും സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനമോ, ജനന തിയ്യതി തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി., ഡ്രൈവിംങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയും ഹാജരാക്കാവുന്നതാണ്.
പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ നിലവില്‍ ഒട്ടേറെ പേര്‍ ബുദ്ധിമുട്ടുന്നുണ്ട്. വിദേശജോലിക്ക് പോകുന്നവര്‍ക്ക് പാസ്പോര്‍ട്ടില്‍ പേര് ഉള്‍പെടുത്തുന്നത് പോലുള്ള ആവശ്യങ്ങള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നുണ്ട്. ഇതിന് പരിഹാരമാണ് കോഡൂര്‍ പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദിന്റെ അപേക്ഷയില്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

Sharing is caring!