സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്‌റ്റോപ്പില്‍ ഇറക്കാതിരുന്ന ബസ് കണ്ടക്ടര്‍ 10ദിവസം ശിശുഭവനില്‍ കഴിയണം

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്‌റ്റോപ്പില്‍  ഇറക്കാതിരുന്ന ബസ് കണ്ടക്ടര്‍ 10ദിവസം ശിശുഭവനില്‍ കഴിയണം

മലപ്പുറം: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഇറങ്ങേണ്ട സ്‌റ്റോപ്പിലിറക്കാതെ അപ്പുറത്തുള്ള സ്‌റ്റോപ്പില്‍ പെരുംമഴയത്ത് ഇറക്കിവിട്ട കണ്ടക്ടറോട് തവനൂര്‍ ശിശുഭവനില്‍ 10 ദിവസം കെയര്‍ടേക്കറായി ജോലി ചെയ്യാന്‍ മലപ്പുറം കലക്ടറുടെ ഉത്തരവ്, മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഒരു സ്വകാര്യ ബസ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സേ്റ്റാപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ നടപടിയെടുത്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് തന്നെയാണ് അറിയിച്ചത്. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആര്‍.ടി.ഒ അനൂപ വര്‍ക്കി അന്വേഷണം നടത്തി. ബസ് പിടിച്ചെടുത്തു. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷയും വിധിച്ചു. ഇതിന്റെ ഭാഗമായി ബസ് കണ്ടക്ടര്‍ 10 ദിവസം തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കി. ശിക്ഷാ നടപടി തുടങ്ങുന്നതിന്റെ ഭാഗമായി കണ്ടക്ടര്‍ നാളെ രാവിലെ ഒന്‍പതിന്് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് നിര്‍ദ്ദേശിച്ച കാലയളവില്‍ ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം ജോലി ചെയ്യണം. സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ കണ്ടക്ടര്‍ക്കെതിരെയുള്ള ശിക്ഷാ നടപടി പൂര്‍ത്തിയായാകൂ.
ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തു ദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു നല്ല ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് കരുതുന്നതെന്നും കലക്ടര്‍ പറഞ്ഞു. ആര്‍.ടി.ഒ അനൂപ വര്‍ക്കി ജില്ലാ കലക്ടറുമായി ആലോചിച്ചശേഷമാണ് മാത്യകാപരമായ ശിക്ഷാ നടപടിക്ക് തയ്യാറായത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്ക് വരുന്നതിന് മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലോടുന്ന കൊരമ്പയില്‍ എന്ന സ്വകാര്യ ബസിലാണ് വിഷയത്തിനാസ്പദമായ സംഭവമുണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നു. വേങ്ങര കഴിഞ്ഞ് ഒരു സേ്റ്റാപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ കുറച്ച് സ്‌കൂള്‍ കുട്ടികള്‍ ബസില്‍ നിന്നും ഇറങ്ങി. ഉടനെ ഇറങ്ങിയ ഒരു കുട്ടി വിളിച്ചു പറഞ്ഞു എന്റെ അനിയന്‍ ഇറങ്ങിയിട്ടില്ല. കണ്ടക്ടര്‍ കേള്‍ക്കാത്ത പോലെ ബെല്ലടിച്ചു. ആ സമയത്ത് തിരക്കിനിടയില്‍ നിന്നും കൊച്ചു കുട്ടി ഡോറിനടുത്തെത്തിയിരുന്നു. എന്നാല്‍ കുറച്ച് ദൂരെ കൊണ്ടു പോയാണ് കണ്ടക്ടര്‍ കുട്ടിയെ ഇറക്കിയത്. ബസിലുണ്ടായിരുന്ന നാട്ടുകര്‍ പ്രതികരിച്ചെങ്കിലും കണ്ടക്ടര്‍ മുഖവിലക്കെടുത്തിരുന്നില്ല. സംഭവം സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വൈറലായിരുന്നു. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്ക് മാത്യകയാവുന്ന രീതിയിലുള്ള ശിക്ഷാ വിധി നടപ്പിലാക്കിയത്.

Sharing is caring!