പെരിന്തല്‍മണ്ണ ഇനി സ്മാര്‍ട്ട്, നഗരസഭാ സേവനങ്ങള്‍ക്ക് ഇനി സ്മാര്‍ട്ട് കാര്‍ഡ്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും നഗരസഭാ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട് കാര്‍ഡ് തയ്യാറായി.നഗരസഭയുടെ ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭയില്‍ താമസിക്കുന്ന ഓരോ കുടുംബത്തിനും ഓരോ സ്മാര്‍ട്ട് ലഭ്യമാക്കുന്നത്. ഈ സ്മാര്‍ട്ട് കാര്‍ഡ് നഗരസഭയില്‍ നിന്നാവശ്യമായ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, ബില്‍ഡിംഗ് പെര്‍മിറ്റ് ,ധനസഹായങ്ങള്‍, പെന്‍ഷന്‍പദ്ധതി, സബ്സിഡികള്‍, മാലിന്യസംസ്കരണം എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങള്‍ക്കും ഉള്ള തിരിച്ചറിയല്‍ കാര്‍ഡായും, ഓണ്‍ലൈന്‍ സഹായിയായും ഉപയോഗിക്കാം. സ്മാര്‍ട്ട് കാര്‍ഡില്‍ മുദ്രണം ചെയ്ത ക്യു ആര് കോഡ് മേലില്‍ ഈ കുടുംബത്തിന്റെ കോഡ് ആയി മാറും. ഈ കോഡ് സ്കാന്‍ ചെയ്താല്‍ കുടുംബത്തിന്റെ മുഴുവന്‍ വിവരങ്ങളും നഗരസഭയിലെ ലഭ്യമാകും. ഇത് മേല്‍പ്പറഞ്ഞ സേവനങ്ങള്‍ക്ക് വീടുകളില്‍ ചെന്ന് അന്വേഷിക്കാതെ തന്നെ വിവരം ലഭ്യമാക്കാന്‍ സഹായകരമാവുകയും അതുവഴി സേവനങ്ങള്‍ സമയബന്ധിതമാക്കാന്‍ ഉതക്കുകയും ചെയ്യും. സ്മാര്‍ട്ട് കാര്‍ഡിലെ ക്യു.ആര് കോഡ് പ്രത്യേകം സ്റ്റിക്കര്‍ ആക്കി വീടിന്റെ മുന്‍വശത്തെ ചുവരില്‍ ഒട്ടിക്കും. ഇതുവഴി വീട്ടില്‍ എത്തിയ ഉടന്‍ ജീവനക്കാര്‍ക്ക് കോഡ് സ്കാന്‍ ചെയ്ത് വിവരങ്ങള്‍ എടുക്കാനാവും. ഇതോടൊപ്പം ഈ ക്യു ആര് കോഡ് ഉപയോഗിച്ച് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കാനായി പ്രത്യേക മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് വഴി നഗരസഭയുടെ വിവിധ സേവനങ്ങള്‍ക്ക് സഹായം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. പ്ലാസ്റ്റിക് പാഴ് വസ്തു മാലിന്യങ്ങള്‍ സമയബന്ധിതമായി ശേഖരിക്കുന്നതിനും ഈ സേവനം കുറ്റമറ്റതാക്കുന്നതിനും ആണ് സ്മാര്‍ട്ട് കാര്‍ഡും, മൊബൈല്‍ ആപ്പും കൂടുതല്‍ ഉപയോഗപ്രദമാകുക. മൊബൈല്‍ ആപ്പില്‍ പൊതുജനങ്ങള്‍ക്കും, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും, കൗണ്‍സിലര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും എല്ലാം പ്രത്യേക ലവല്‍ ലോഗിന്‍ സംവിധാനമുണ്ടാകും. ഈ ലോഗിന്‍ വഴി മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വീട്ടിലെ മാലിന്യശേഖരണം, ആയതിന്റെ അളവ്, മറ്റു ആവശ്യമായ സേവനങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ആവശ്യപ്പെടാം. നഗരസഭാ സേവനങ്ങള്‍ക്ക് പുറമെ കുടുംബശ്രീ വഴി ലഭ്യമാകുന്ന വിവിധ വകുപ്പുകളിലെ സേവനങ്ങള്‍, ഓട്ടോ ടാക്സി സേവനം, ലേബര്‍ സേവനങ്ങള്‍, പലചരക്ക് ഭക്ഷണം എന്നിവയുടെ ഡോര്‍ ഡെലിവറി എന്നിവക്കെല്ലാം ഈ സ്മാര്‍ട്ട് കാര്‍ഡും, ആപ്പും ഉപയോഗിക്കാം. ഗുണഭോക്താവ് ആപ്പ് വഴി അയക്കുന്ന ആവശ്യങ്ങള്‍ ബന്ധപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവര്‍ അവരവര്‍ക്കുള്ള ലോഗിനിലൂടെ പരിശോധിക്കുകയും സമയബന്ധിതമായി നടപടി എടുക്കുകയും ചെയ്യും. ഇത് വഴി പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും സമയബന്ധിതമായി വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം.
ഇതോടെ സ്മാര്‍ട്ട് കാര്‍ഡുള്ളവര്‍ക്ക് നഗരസഭാ സേവനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. മാലിന്യ ശേഖരണത്തിന് വീടുകളില്‍ എത്തുന്നവരും, സേവനം ലഭ്യമാക്കാന്‍ എത്തുന്നവരും വീടുകളിലെത്തി സ്മാര്‍ട്ട് കാര്‍ഡിലോ, വീടിന്റെ മുന്‍വശത്തോ സ്ഥാപിച്ച കോഡ് സ്കാന്‍ ചെയ്യുന്നതോടെ നഗര കേന്ദ്രത്തില്‍ മോണിറ്റര്‍ ചെയ്യുന്ന വിഭാഗത്തിന് ബന്ധപ്പെട്ട സേവനം ജീവനക്കാര്‍ വീട്ടിലെത്തി ചെയ്തു എന്ന് ഉറപ്പാക്കാനും ആവും. സ്മാര്‍ട്ട് കാര്‍ഡ് എല്ലാ വീടുകളിലും എത്തിക്കുകയും സ്മാര്‍ട്ട് കാര്‍ഡിന് ആവശ്യമായ ഡേറ്റകള്‍ ശേഖരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിനാണ് ആദ്യഘട്ടത്തില്‍ തുടക്കംകുറിക്കുന്നത്. പ്രത്യേക പരിശീലനം നല്കിയ 15 കുടുംബശ്രീ പ്രവര്‍ത്തകര്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് 25 നുള്ളില്‍ നഗരസഭയിലെ എല്ലാ വീടുകളിലുമെത്തി സ്മാര്‍ട്ട് വിതരണം ചെയ്യുകയും കാര്ഡിലേക്കാവശ്യമായ ഡാറ്റ ശേഖരിക്കുകയും ചെയ്യും. ഓരോ ദിവസവും ശേഖരിക്കുന്ന ഡാറ്റ പിറ്റേദിവസം കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്ത് ആഗസ്റ്റ് അവസാനിക്കുമ്പോഴേക്കും പ്രവര്‍ത്തി പൂര്‍ത്തീകരിക്കും. സെപ്തംബര്‍ ഒന്നു മുതല്‍ സ്മാര്‍ട്ട് പ്രവര്‍ത്തനസജ്ജമാകും.
സ്മാര്‍ട്ട് കാര്‍ഡിന്റെയും, ഡാറ്റാ ശേഖരണ ഫോറത്തിന്റെയും പ്രകാശനം സിനിമാ നടിയും പദ്ധതിയുടെ ബ്രാന്റ് അബാസിഡറുമായ എന്‍.പി നിശക്കു നല്കി നഗരസഭ ചെയര്മാന് എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്മാന് നിഷി അനില്‍ രാജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പത്തത്ത് ആരിഫ്, സൂപ്രണ്ട് സി.പി ഷീജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ രതി അല്ലക്കാട്ടില്‍, ശോഭന, കെ.സി. മൊയ്തീന് കുട്ടി, കിഴിശ്ശേരി മുസ്തഫ, നഗരസഭ സെക്രട്ടറി എസ്. അബ്ദുല്‍ സജീം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഫീഖ്, സി.ഡി.എസ് പ്രസിഡന്റ് പ്രേമലത പ്രസംഗിച്ചു. വീടുകളിലെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സത്യസന്ധവും പൂര്‍ണവുമായ വിവരങ്ങള്‍ നല്‍കണമെന്ന് നഗരസഭ ചെയര്മാന് അഭ്യര്‍ഥിച്ചു. അല്ലാത്തപക്ഷം കാര്‍ഡ് ഉടമയുടെ വിവരങ്ങളില്‍ തെറ്റ് സംഭവിക്കുമെന്നും ഇത് ലഭിക്കുന്ന സേവനങ്ങള്‍ക്ക് തടസമുണ്ടാക്കുമെന്നും ചെയര്മാന് പറഞ്ഞു.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]