ഗതികെട്ട് കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു; നാളെ അവധിയില്ല

ഗതികെട്ട് കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു; നാളെ അവധിയില്ല

മലപ്പുറം: മഴ തുടങ്ങിയതോടെ സംസ്ഥാനത്തെ ജില്ലാ കലക്ടര്‍മാരുടെ പേജുകളില്‍ അവധി അന്വേഷകരുടെ കൂട്ടയിടി. കണ്ണൂര്‍ ജില്ലയിലും, കോട്ടയത്ത് ഭാഗികമായും നാളെ അവധി പ്രഖ്യാപിച്ചതോടെ മലപ്പുറം കലക്ടറുടെ പേജിലും അവധി അന്വേഷണം തകൃതിയായി. ഇതോടെ ഗതികെട്ട് നാളെ അവധിയില്ലെന്ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റിടേണ്ടി വന്നു ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്.

ഞായറാഴ്ച സംബന്ധിച്ച അനൗദ്യോഗിക പരിപാടികളിലൊന്നിന്റെ പോസ്റ്റിന് കീഴിലായാണ് നാളെ അവധിയുണ്ടോയെന്ന ചോദ്യങ്ങള്‍ ആരംഭിച്ചത്. താങ്കള്‍ മലപ്പുറത്തിന്റെ പുതിയ കലക്ടറാണെന്ന് അറിയിക്കാന്‍ ഒരു അവസരം മഴ തന്നിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ അവധി കൊടുത്ത് ഏവരേയും ഈ വിവരം അറിയിക്കണമെന്നാണ് ഒരു കമന്റ്.

നാളെ അവധിയില്ലെന്ന് അറിയിച്ചും, വ്യാജ അറിയിപ്പുകള്‍ അവഗണിക്കുക എന്ന് ആവശ്യപ്പെട്ട് കലക്ടര്‍ പേജിലിട്ട പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി കഴിഞ്ഞു. അതിനു കീഴിലും നിരവധി പേരാണ് അവധി നല്‍കണമെന്ന അപേക്ഷയുമായി കൂടിയിരിക്കുന്നത്. എന്തായാലും രാത്രിയില്‍ മഴ കനത്താല്‍ അവധി നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കാമെന്ന് കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ വ്യാജ അറിയിപ്പുകള്‍ അവഗണിക്കുക.

Sharing is caring!