പാട്ടു പാടിയും താളം പിടിച്ചും നടീല്‍ ഉത്സവവുമായി വിദ്യാര്‍ത്ഥികള്‍

പാട്ടു പാടിയും താളം പിടിച്ചും നടീല്‍ ഉത്സവവുമായി വിദ്യാര്‍ത്ഥികള്‍

മലപ്പുറം : ക്ലാസ്സ് മുറികളിലെ തിയറി ക്ലാസ്സുകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി പാടത്തിറങ്ങി അത്യാവേശത്തോടെ ഞാറുനട്ട് മലപ്പുറത്തെ കുട്ടികള്‍ മാതൃകയായി . വിദ്യാര്‍ത്ഥികളില്‍ നെല്‍ കൃഷി സംസ്‌കാരം വളര്‍ത്തിയെടുക്കുക , കര്‍ഷകര്‍ക്ക് മതിയായ ആദരവും പരിഗണനയും നല്‍കുക , കൃഷി ഭൂമിയെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി മലപ്പുറം ഗവ. കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി ആനക്കയം സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിന്റെ സഹകരണത്തോടെ നെല്‍കൃഷി ബോധവല്‍ക്കരണ ക്ലാസ്സും ഞാറു നടീല്‍ പ്രായോഗിക പരിശീലന പരിപാടിയും സംഘടിപ്പിച്ചു

ആനക്കയം സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.ടി സുനീറ ഉദ്ഘാടനം ചെയ്തു. നെല്‍പാടങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതിയുടെ നില നില്‍പ്പിനായും വരും തലമുറയുടെ ഉപജീവനത്തിനായും കര്‍ഷകര്‍ക്ക് കൈത്താങ്ങാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ സൂചിപ്പിച്ചു.

നെല്‍ വിത്തു പാകല്‍ , ഞാറു പറിക്കല്‍ , നടീല്‍ , കള പറിക്കല്‍ , വളം ചേര്‍ക്കല്‍ , കൊയ്ത്ത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് രമ്യ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു.

തുടര്‍ന്ന് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്, ഫാമിലെ തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പാടത്തിറങ്ങി പാട്ടു പാടിയും താളം പിടിച്ചും ഞാറു നടീല്‍ പ്രായോഗിക പരിശീലനവും നടത്തി.

നെല്‍ചെടി വളര്‍ന്ന് കൊയ്‌തെടുക്കുന്നത് വരെ തങ്ങളുടെ ‘കട്ട സപ്പോര്‍ട്ട് ‘ ഉണ്ടാവുമെന്ന പ്രതിഞ്ജയോടെയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത് . എന്‍.എസ്.എസ് വളണ്ടിയര്‍മാരായ 100 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത നടീല്‍ ഉത്സവത്തിന് പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ , പ്രൊഫ. ഹസനത്ത് , വളണ്ടിയര്‍ സെക്രട്ടറിമാരായ അഞ്ജലി മോഹന്‍ദാസ് , അര്‍ശദ് എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!