ഉമ്മാന്റെ വടക്കിനിയിലെ ചതിക്കാത്ത സുന്ദരി

മലപ്പുറം: രുചിയുടെ കലവറയായ മലുപ്പുറത്ത് രുചികൂട്ടുകളുമായി ഉമ്മാന്റെ വടക്കിനി തുറന്നു. നഗരസഭയും കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിച്ച ഭക്ഷ്യമേളയുടെ പേരാണ് ‘ഉമ്മാന്റെ വടക്കിനി’. പേരില്‍ മാത്രമല്ല വ്യത്യസ്തത, ഉമ്മമാര്‍ സ്‌നേഹത്തോടെ വിളമ്പിയ ഓരോ രുചികൂട്ടുകള്‍ക്കുമുണ്ടായിരുന്നു വ്യത്യസ്തത. ചിക്കന്‍ പൊട്ടിതെറിച്ചതും, ചതിക്കാത്ത സുന്ദരിയുമായിരുന്നു മേളയിലെത്തിയ ആളുകളെ ആകര്‍ഷിച്ചത്.
മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലായിരുന്നു ഉമ്മാന്റെ വടക്കിനി. നിരവധി ആളുകള്‍ വടക്കിനിയിലെത്തി ഇഷ്ടഭക്ഷണം കഴിച്ച് മനസുനിറഞ്ഞ് മടങ്ങി.

ഉമ്മാന്റെ വടക്കിനി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം എല്‍ എ, പി. ഉബൈദുല്ല നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കുറച്ച് സമയം പങ്കുവെച്ച അദ്ധേഹം പാചകത്തിലും ഒരുകൈനോക്കി. ചതിക്കാത്ത സുന്ദരി എന്ന വിഭവം തയ്യാറാക്കാന്‍ അദ്ധേഹവും ചേര്‍ന്നതോടെ മേളയിലെത്തിയവര്‍ക്ക് ആവേശമായി.

വെള്ളിയാഴ്ച പായസ മത്സരത്തോടെ ആരംഭിച്ച മേളയുടെ പാലുകാച്ചല്‍ ചടങ്ങ് നഗരസഭാധ്യക്ഷ സി.എച്ച് ജമീല നിര്‍വഹിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പതിനഞ്ചോളം കുടുംബശ്രീ യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മണിക്ക് തുടങ്ങിയ മേളയില്‍ രാത്രിയോളം ആള്‍തിരക്കാണ്. ഇന്ന്കൂടി ടൗണ്‍ഹാളങ്കണത്തില്‍ ഉമ്മാന്റെ വടക്കിനി തുറക്കും.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *