ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുന്നു.

ജില്ലയില്‍  ഓറഞ്ച് അലേര്‍ട്ട് തുടരുന്നു.

മലപ്പുറം: തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുന്നു. ജൂലൈ 22ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ആളുകളോട് ജാഗ്രത പുലര്‍ത്താന്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍ 24 മണിക്കൂറില്‍ 204 മി.മി അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ ജൂലൈ 22ന് റെഡ് അലേര്‍ട്ടും 23 ന് വീണ്ടും ഓറഞ്ച് അലേര്‍ട്ടുമായിരിക്കും.

ജില്ലയില്‍ കഴിഞ്ഞ ദിവസം തകര്‍ത്തുപെയ്ത മഴയില്‍ തീരദേശമാണ് ദുരിതത്തിലായിരിക്കുന്നത്. ശക്തമായ കടലാക്രമണത്തില്‍ പാലപ്പെട്ടി കാപ്പിരിക്കാട്ടും പൊന്നാനിയിലും മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അന്‍പതോളം വീടുകളില്‍ വെള്ളം കയറുകയും 15 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസത്തെ മഴകണക്കില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് പൊന്നാനി. 13.8 സെന്റീമീറ്റര്‍ മഴയാണ് വ്യാഴാഴ്ച വൈകിട്ട് 5:30 മുതല്‍ വെള്ളിയാഴ്ച രാവിലെ 8:30 വരെ പൊന്നാനിയില്‍ ലഭിച്ചത്.
കടലാക്രമണത്തെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. താനൂരില്‍ 8 ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നു. മറ്റുമീന്‍പിടിത്ത ഉപകരണങ്ങളും നഷ്ടപ്പെട്ടു.
ജില്ലയില്‍ പലയിടത്തായി മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നാടുകാണി ചുരം പാതയിലും ചേലാമ്പ്ര കാക്കഞ്ചേരി വളവിലും രൂക്ഷമായ മണ്ണിടിച്ചിലാണ് ഉണ്ടായിട്ടുള്ളത്. കാക്കഞ്ചേരി വളവില്‍ കൂറ്റന്‍ ചെങ്കല്‍ പാറകള്‍ 40 അടി താഴ്ടയിലേക്ക് പതിച്ചു. ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇവിടെ ഗതാഗതം മുടങ്ങും.
കോള്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കാഞ്ഞിരമുക്ക് ബിയ്യം റഗുലേറ്ററി ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

Sharing is caring!