പ്രളയ അതിജീവന സ്മരണകളുമായി സാമൂഹിക സംഗമം ശ്രദ്ധേയമായി

പ്രളയ അതിജീവന സ്മരണകളുമായി സാമൂഹിക സംഗമം ശ്രദ്ധേയമായി

മലപ്പുറം: പ്രളയാനന്തരം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം ഒരുക്കിയ ‘ജനകീയം ഈ അതിജീവനം’ പൊതുജന സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് ഉന്നതവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ‘ജനകീയം ഈ അതിജീവനം’ എന്ന പേരില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കുള്ള വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി കെ.ടി ജലീല്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു. തിരൂര്‍ എം.എല്‍.എ സി. മമ്മുട്ടി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. പ്രളയത്തിന് ശേഷം ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അവതരിപ്പിച്ചു.
പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ തകര്‍ന്ന തിരൂര്‍ താലൂക്കിലെ അഞ്ച് കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ ദാനവും സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ആറ് വീടുകളുടെ താക്കോല്‍ ദാനവുമാണ് മന്ത്രി ചടങ്ങില്‍ നിര്‍വ്വഹിച്ചത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരള പുനിര്‍മ്മാണ വികസന പരിപാടിയുടെ ഭാഗമായി ജനകീയം ഈ അതിജീവനം എന്ന പേരില്‍ തയ്യാറാക്കിയ ബ്രോഷര്‍ ചടങ്ങില്‍ വിതരണം ചെയ്തു.
തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ബാവ, തഹസില്‍ദാര്‍ ടി.മുരളി, ആര്‍ ഡി ഒ ഡോ. ജെ ഒ അരുണ്‍, സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ ടി മുഹമ്മദ് അഷ്‌റഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.എന്‍ മോഹന്‍ ദാസ്, പി.കുഞ്ഞി മൂസ, അഡ്വ. വി.വി പ്രകാശ്, വെട്ടം ആലിക്കോയ, രവി തേലത്ത്, ആര്‍. മുഹമ്മദ് ഷാ, ടി.എന്‍. ശിവശങ്കരന്‍, കവറൊടി മുഹമ്മദ് മാസ്റ്റര്‍, രാജു കെ ചാക്കോ, സിദ്ദിഖ് പനക്കല്‍, മറ്റു ജനപ്രതിനിധികള്‍, സാംസ്‌കാരിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!