അഞ്ചു മാസത്തിനകം ജില്ലയിലെ പ്രളയ നാശനഷ്ടങ്ങള്‍ പരിഹരിച്ച് പൂര്‍ണതയിലെത്തിക്കും ; മന്ത്രി ഡോ. കെ.ടി ജലീല്‍.

അഞ്ചു മാസത്തിനകം  ജില്ലയിലെ പ്രളയ നാശനഷ്ടങ്ങള്‍ പരിഹരിച്ച് പൂര്‍ണതയിലെത്തിക്കും ;  മന്ത്രി ഡോ. കെ.ടി ജലീല്‍.

മലപ്പുറം: സംസ്ഥാനത്ത് റീബില്‍ഡ് കേരള പദ്ധതി പരിസമാപ്തിയിലേക്ക് നീങ്ങുകയാണെന്നും അഞ്ചു മാസത്തിനകം ജില്ലയിലെ പ്രളയ നാശ നഷ്ടങ്ങള്‍ പരിഹരിച്ച് പൂര്‍ണതയില്‍ എത്തിക്കുമെന്നും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജനകീയം ഈ അതിജീവനം പൊതുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം നടന്നതിന്റെ ഒരു തെളിവും അവശേഷിക്കാത്ത വിധം കേരളത്തെ പുനസൃഷ്ടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സര്‍ക്കാര്‍. പ്രളയ സമയത്ത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്ന ചുമതല നിര്‍വഹിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. മുഖ്യമന്ത്രി ആ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും ഒരുമയുടെ മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ജില്ലയില്‍ ആദ്യമായാണ് രക്ഷാപ്രവര്‍ത്തനിടെ നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഇത്ര വലിയ നഷ്ടപരിഹാര തുക നല്‍കുന്നത്. നാശനഷ്ടം സംഭവിച്ച എല്ലാ മേഖലകളിലും സര്‍ക്കാര്‍ ഇടപ്പെട്ട് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലും സര്‍ക്കാര്‍ ഇനിയും കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു
214 ക്യാംപുകളിലായി 11,356 കുടുംബങ്ങളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. 470 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ഇതില്‍ 212 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഭാഗികമായി തകര്‍ന്ന 6680 വീടുകളില്‍ 6385 പണിത് നല്‍കി. 42.78 കോടി രൂപയാണ് വീടുകളുടെ പുനര്‍നിര്‍മാണത്തിനായി ചെലവഴിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഉജ്ജീവന സഹായ പദ്ധതിയിലൂടെ വായ്പയായി നല്‍കിയത് 4.639 കോടി രൂപയാണ്. കൃഷി പുനരുജീവിപ്പിക്കുന്നതിനായി ചെലവഴിച്ചത് 27.47 കോടി രൂപയാണ്. 1332 ക്ഷീര കര്‍ഷകര്‍ക്ക് സഹായം ലഭിച്ചത്. വൈദ്യുതി പുനര്‍സ്ഥാപിക്കുവാന്‍ 2.5752 കോടി രൂപയാണ് ജില്ലയില്‍ ചെലവഴിച്ചത്. 306.55 കിലോ മീറ്റര്‍ ആണ് വൈദ്യുത കമ്പി പുനര്‍ സ്ഥാപിച്ചത്. 38. 33 കോടി രൂപയാണ് റോഡുകളും പാലങ്ങളും കലുങ്കുകളും പുനരുദ്ധാരണം ചെയ്യാനായി ചെലവഴിച്ചത്. 38 ആശുപത്രികളാണ് പുനരുദ്ധാരണം ചെയ്തത്. 1000 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Sharing is caring!