തനിക്കുകൂടി അവകാശപ്പെട്ട സ്ഥലം എത്ര ലക്ഷങ്ങള്‍ തന്നാലും തരില്ലെന്നു പറഞ്ഞു

തനിക്കുകൂടി അവകാശപ്പെട്ട സ്ഥലം  എത്ര ലക്ഷങ്ങള്‍ തന്നാലും  തരില്ലെന്നു പറഞ്ഞു

മലപ്പുറം: പെരിന്തല്‍മണ്ണ പട്ടിക്കാട്ടുവെച്ചു തമിഴ്നാട് സേലം സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് 19ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന മാതേശനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി മൂര്‍ത്തിയെ (45) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ 14നാണ് മാതേശനെ വാടകമുറിയുടെ വരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ സംഭവം കൊലപാതകമാണെന്നും മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തിയിരുന്നു. മൃതദേഹ േകണ്ടയുടന്‍ നാട്ടുകാര്‍ മേലാറ്റൂര്‍ പോലീസിലാണ് വിവരം അറിയിച്ചത്. തുടര്‍ന്നു പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നു, തുടര്‍ന്നാണു കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നിര്‍ദ്ദേശ പ്രകാരം കേസ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി: കെ.എ സുരേഷ് ബാബു ഏറ്റെടുത്തത്. തുടര്‍ന്നു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.പ്രതി ആനപ്പറമ്പിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. ഇയാളുടെ അച്ഛന്റെ അനിയനാണ് മാതേശന്‍.നാട്ടില്‍ തനിക്കുകൂടി അവകാശപ്പെട്ട ഭൂമി മാതേശന്‍ കൈവശപ്പെടുത്തിയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. എത്ര ലക്ഷങ്ങള്‍ തന്നാലും സ്ഥലം തരില്ലെന്നും മാതേശന്‍ മൂര്‍ത്തിയോടു പറഞ്ഞിരുന്നു. ഒരുമാസം മുമ്പ് ഇതേച്ചൊല്ലി തര്‍ക്കം നടന്നിരുന്നു. ശേഷം മാതേശനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ 13 ന് രാത്രി എട്ടരയോടെ പ്രതി മാതേശന്റെ മുറിയിലെത്തി സംസാരിച്ചിരുന്നു. മാതേശന്‍ ഉറക്കമായപ്പോള്‍ മുറിയില്‍നിന്ന് പിക്കാസിലിടുന്ന മരക്കഷ്ണമെടുത്ത് തലയ്ക്കടിച്ച ശേഷം തിരിച്ചുപോയി. കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അവിടെനിന്ന് പണവും മൊബൈലും എടുത്തു. പിറ്റേദിവസം പതിവുപോലെ ജോലിക്കു പോയി.
മരണവിവരം ഞായറാഴ്ച രാത്രി പുറത്തറിഞ്ഞതോടെ മൃതദേഹം കാണുന്നത് പേടിയാണെന്നു പറഞ്ഞ് മൊബൈല്‍ ഓഫാക്കി നാട്ടിലേക്ക് മടങ്ങി. പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കളോടൊപ്പം പെരിന്തല്‍മണ്ണയിലെത്തി. കൃത്യമായ തെളിവുകള്‍ നിരത്തി പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
കൊലപാതകം നടന്ന നാലു ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനായതും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനും സഹായിച്ചത് സംഭവം നടന്ന പട്ടിക്കാട് പത്തൊമ്പതിലെ സമീപങ്ങളിലുള്ള സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളാണ്, മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി: കെ.എ സുരേഷ് ബാബു, സി.ഐമാരായ അബ്ദുല്‍ മജീദ്, ഹനീഫ, മേലാറ്റൂര്‍ എസ്.ഐ: ഷമീര്‍, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളിം എന്‍.ടി. കുഷ്ണകുമാര്‍, എം.മനോജ്കുമാര്‍, ടി.ശ്രീകുമാര്‍, അബ്ദുല്‍ റഷീദ്, അബ്ദുല്‍ സലാം, മണികണ്ഠന്‍, ജോര്‍ജ്, സൈബര്‍സെല്ലിലെ ജയചന്ദ്രന്‍, ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!