കേരള ബാങ്ക് രൂപീകരണം: പ്രഖ്യാപിത നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെ.പി.എ മജീദ്

കേരള ബാങ്ക് രൂപീകരണം: പ്രഖ്യാപിത നിലപാടില്‍  നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെ.പി.എ മജീദ്

മലപ്പുറം: കേരള ബാങ്ക് രൂപീകരണമെന്ന പ്രഖ്യാപിത നിലപാടില്‍ നിന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള ബാങ്കിനെതിരെ യു.ഡി.എഫ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനാലാണ് മലപ്പുറം ജില്ലാ ബാങ്കില്‍ വീണ്ടും പ്രമേയം അവതരിപ്പിച്ചപ്പോള്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത്. സഹകാരികളുമായി ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായാണ് കേരള ബാങ്കിന്റെ പ്രഖ്യാപനം നടത്തിയത്. ഇതിനുവേണ്ടി എല്ലാ വഴിവിട്ട മാര്‍ഗങ്ങളും ഇടത് സര്‍ക്കാര്‍ സ്വീകരിച്ചു. സഹകരണ നിയമം അട്ടിമറിച്ച് ഓര്‍ഡിനന്‍സിലൂടെ ഭരണസമിതി പിരിച്ചുവിട്ട് ഉദ്യോഗസ്ഥര്‍ക്ക് ഭരണം കൈമാറി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ പിരിച്ചുവിട്ട് ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ച നിലപാട് അത്യന്തം ജനാധിപത്യ വിരുദ്ധമാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിലധികം അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടത്താന്‍ വ്യവസ്ഥയില്ലെന്നിരിക്കെ രണ്ട് വര്‍ഷത്തിലധികമായി ജില്ലാ ബാങ്കുകളില്‍ ഉദ്യോഗസ്ഥ ഭരണം തുടരുകയാണ്. ഇതവസാനിപ്പിച്ച് ഭരണസമിതികള്‍ക്ക് അധികാരം കൈമാറുകയാണ് സര്‍ക്കാര്‍ ഉടനടി ചെയ്യേണ്ടത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതിന് ആര്‍.ബി.ഐയുടെ അനുമതി വേണം. ഇതും കൃത്യസമയത്ത് തേടാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് കേരള ബാങ്ക് പ്രഖ്യാപിച്ചത്.
ലയനപ്രമേയം ബാങ്കുകള്‍ പാസ്സാകാതെ രൂപീകരണത്തിന് അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇതിനുള്ള കരുനീക്കവും സര്‍ക്കാര്‍ നടത്തി. സഹകരണ സംഘങ്ങളുടെ വോട്ടവകാശം നിഷേധിച്ചും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന സഹകരണ നിയമം ഭേദഗതി ചെയ്തും ഭൂരിപക്ഷമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എസ്.ബി.ഐ ലയനത്തിനെതിരെ സമരം ചെയ്തവരാണ് ഇപ്പോള്‍ ജില്ലാ ബാങ്കുകള്‍ ഇല്ലാതാക്കാന്‍ മറ്റൊരു ബാങ്ക് ലയനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
സാധാരണക്കാര്‍ക്കും ഇടപാടുകാര്‍ക്കും വേണ്ടാത്ത ഒരു ബാങ്ക് രൂപീകരിക്കാന്‍ എന്തിനാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇടുതുപക്ഷത്തിന് ബാധ്യതയുണ്ടെന്നും കെ.പി.എ മജീദ് പറഞ്ഞു.

Sharing is caring!