പോലീസില്‍ വിശ്വാസമില്ലെന്ന് വളാഞ്ചേരിയില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍ പീഡിപ്പിച്ച കുട്ടിയുടെ മൊഴി

പോലീസില്‍ വിശ്വാസമില്ലെന്ന്  വളാഞ്ചേരിയില്‍ എല്‍.ഡി.എഫ്  കൗണ്‍സിലര്‍ പീഡിപ്പിച്ച  കുട്ടിയുടെ മൊഴി

മലപ്പുറം: തനിക്ക് പോലീസില്‍ വിശ്വാസമില്ലെന്ന് വളാഞ്ചേരിയില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍ പീഡിപ്പിച്ച കേസിലെ കുട്ടിയുടെ മൊഴി. കേസ് അന്വേഷിക്കുന്ന വളാഞ്ചേരി പൊലീസില്‍ വിശ്വാസമില്ലെന്നാണ് ഇരയായ കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സിറ്റിംങില്‍ മൊഴി നല്‍കിയത്. ഇക്കാര്യം സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയിട്ടുമുണ്ട്. ഇതോടെ കുട്ടിയുടെ സംരക്ഷണ ചുമതല സ്‌പെഷ്യല്‍ പൊലീസ് ജുവനല്‍ യൂണിറ്റിലെ ഡിവൈഎസ്പിക്ക് കൈമാറിയതായി സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേശ് ഭാസ്‌കര്‍ പറഞ്ഞു.
അതേ സമയം പ്രതിയായ സി.പി.എം കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ധീന്‍ പ്രതിയായ പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായി പരാതി. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയത്. പുറമെ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവര്‍ പീഡനത്തിനിരയായ 17കാരിയെ സ്വാധീനിക്കുന്നതായും പരാതിയില്‍ ഉണ്ട്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കുട്ടി താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അതേ സമയം കുട്ടിയുമായി സി.ഡബ്ല്യു.സി ഇന്നലെ മഞ്ചേരിയില്‍ നടത്തിയ സിറ്റിംങില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നയാളുകള്‍ എത്തിയതായി ആരോപണം ഉയര്‍ന്നു. സംഘം കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷിക്കേണ്ടത് പോലീസാണെന്നും സിറ്റിംങ് നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് ഒത്തുതീര്‍പ്പിനുള്ളവര്‍ എത്തിയതായി അറിയില്ലെന്നും ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നുവേണം കരുതാന്‍. പൊലീസിന്റെ അലംഭാവം ആണിത്. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!