നാടുകാണി- പരപ്പനങ്ങാടി പാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.

നാടുകാണി- പരപ്പനങ്ങാടി പാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.

മലപ്പുറം: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നാടുകാണി – പരപ്പനങ്ങാടി പാതയിലെ ചില ഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു, 328 കോടി രൂപ വകയിരുത്തിയ സിവില്‍ പ്രവര്‍ത്തനങ്ങളുടെ ഏകദേശം 50% ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും 2020 ഓടെ പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

ഡി.എഫ്.ഐ.പി (ഡിസ്ട്രിക്ട് ഫ്‌ലാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനപാതകളെയും ദേശീയപാതകളെയും കോര്‍ത്തിണക്കിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 450 കോടി രൂപയുടെ ഭരണാനുമതിയും 375 കോടി രൂപയുടെ സാങ്കേതികനുമതിയുമാണ് ഇതിനായ് നല്‍കിയിരിക്കുന്നത്. 104.700 കി.മീ ദൈര്‍ഘ്യമുള്ള നാടുകാണി പരപ്പനങ്ങാടി പാത നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, മഞ്ചേരി, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി എന്നീ നിയമസഭ മണ്ഡലങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.

(മന്ത്രി ജി സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നും)
മലപ്പുറം ജില്ലയില്‍ 104.700 കി.മീ ദൈര്‍ഘ്യമുള്ള നാടുകാണി പരപ്പനങ്ങാടി പാതയിലെ ചില ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, മഞ്ചേരി, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി എന്നീ നിയമസഭ മണ്ഡലങ്ങളിലൂടെയാണ് പാത കടന്ന് പോകുന്നത്. ഡി.എഫ്.ഐ.പി (ഡിസ്ട്രിക്ട് ഫ്‌ലാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനപാതകളെയും ദേശീയപാതയെയും കോര്‍ത്തിണക്കി നാടുകാണി പരപ്പനങ്ങാടി പാതയുടെ നവീകരണത്തിന് 450 കോടി രൂപയുടെ ഭരണാനുമതിയും 375 കോടി രൂപയുടെ സാങ്കേതികനുമതിയുമാണ് നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ മണ്ഡലത്തില്‍ നാടുകാണി മുതല്‍ വഴിക്കടവ് വരെ 11.60 കി.മീ വനത്തിനുള്ളിലൂടെയുള്ള ചുരം മേഖലയും, തുടര്‍ന്ന് വഴിക്കടവ് മുതല്‍ വടപുറം വരെ ജനസാന്ദ്രതയേറിയ സമതല റോഡുമാണ്. പരിസ്ഥിതി ലോലവും മണ്ണിടിച്ചില്‍ സാധ്യതയേറിയതുമായ ചുരം മേഖലയില്‍, റോഡ് സംരക്ഷണ ഭിത്തികളും, കലുങ്കുകളും, റോഡ് ഉപരിതലത്തില്‍ ഡി.ബി.എം അടക്കം ഉദ്ദേശം 70% പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. വഴിക്കടവ് മുതല്‍ വടപുറം വരെ റോഡിന് 12 മീറ്റര്‍ വീതികൂട്ടി അരികുചാലുകളും, കലുങ്കുകളും, സംരക്ഷണ ഭിത്തികളും, അടക്കം ഉദ്ദേശം 30% പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. വണ്ടൂര്‍ നിയമസഭ മണ്ഡലത്തില്‍ വടപുറം മുതല്‍ കുണ്ടുതോട് പാലം വരെയുള്ള ഭാഗത്ത് റോഡിനാവശ്യമായ 12 മീറ്റര്‍ വീതി കൂട്ടി മഴവെള്ള ചാലുകളും, കലുങ്കുകളും, സംരക്ഷണഭിത്തികളും, അടക്കം ഉദ്ദേശം 40% പ്രവൃത്തിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏറനാട് മണ്ഡലത്തില്‍ കുണ്ടുതോട് പാലം മുതല്‍ കാരക്കുന്ന് ഭാഗം വരെയുള്ള കലുങ്കുകളും, മഴവെള്ള ചാലുകളും, സംരക്ഷണ ഭിത്തികളും, അടക്കം 30% പൂര്‍ത്തിയായിട്ടുണ്ട്. മഞ്ചേരി നിയമസഭ മണ്ഡലത്തില്‍ കാരക്കുന്ന് മുതല്‍ ആനക്കയം വരെയുള്ള റോഡില്‍ ജസീല ജംഗ്ഷന്‍ മുതല്‍ ആനക്കയം വരെ ഉപരിതലത്തിലെ ബി.എം & ബി.സി, റോഡ് മാര്‍ക്കിങ്ങ് മറ്റനുബന്ധ പ്രവൃത്തനങ്ങള്‍ അടക്കം ഉദ്ദേശം 80% പ്രവൃത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞു. മലപ്പുറം മണ്ഡലത്തിലെ ആനക്കയം മുതല്‍ ഹാജിയാര്‍ പള്ളിവരെയുള്ള റോഡിന്റെ ബി.എം & ബി.സി, റോഡ് മാര്‍ക്കിങ്ങുകള്‍, മഴവെള്ളചാലുകള്‍, നടപ്പാത, കൈവരികള്‍ എന്നിവ ഉള്‍പ്പെടെ 80% പ്രവൃത്തികളും പൂര്‍ത്തിയായി കഴിഞ്ഞു. വേങ്ങര നിയമസഭ മണ്ഡലത്തില്‍ ഹാജിയാര്‍ പള്ളി മുതല്‍ കൂരിയാട് വരെയുള്ള ഭാഗത്ത് അരികുചാലുകള്‍, കലുങ്കുകള്‍ പാണക്കാട് ഭാഗത്തെ കടലുണ്ടി പുഴയുടെ സംരക്ഷണ ഭിത്തികള്‍ എന്നിവ പുരോഗതിയിലാണ്. ഉദ്ദേശം 40% പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. റോഡ് ഉപരിതല പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. തിരുരങ്ങാടി നിയമസഭ മണ്ഡലത്തില്‍ കക്കാട് മുതല്‍ ചിറമംഗലം വരെയാണ് ഉള്‍പ്പെടുന്നത്. കക്കാട് മുതല്‍ പരപ്പനങ്ങാടി വരെ പ്രവൃത്തിയില്‍ അനുവദിച്ച ബി.സി ഓവര്‍ലെ പൂര്‍ത്തിയാകാനുണ്ട്. മേല്‍പ്രദേശങ്ങളിലെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശം 50% പൂര്‍ത്തിയായിട്ടുണ്ട്. പരപ്പനങ്ങാടി മുതല്‍ ചിറമംഗലം വരെയുള്ള റോഡിന്റെ ബി.എം & ബി.സി ഉള്‍പ്പെടെ ഉദ്ദേശം 70% പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചെമ്മാട് പരപ്പനങ്ങാടി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിങ്ങല്‍ പാലത്തിന്റെ ഡക്ക് സ്ലാബ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 328 കോടി രൂപ വകയിരുത്തിയ സിവില്‍ പ്രവര്‍ത്തനങ്ങളുടെ ഏകദേശം 50% ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. 2020 ല്‍ പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sharing is caring!