ദിവ്യ ഇനി മലപ്പുറം ജില്ലയിലെ പട്ടികവര്‍ഗ്ഗ വകുപ്പ് അംബാസഡര്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ പട്ടികവര്‍ഗ്ഗ വകുപ്പ് അംബാസഡറായി കുറുമ്പലങ്ങോട് കോലോംപാടം സ്വദേശിയായ കുമാരി ദിവ്യ ഉണ്ണികൃഷ്ണനെ മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പ്രഖ്യാപിച്ചു. 2019 വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ദിവ്യയെ അനുമോദിക്കുന്നതിനായി നിലമ്പൂര്‍ ഐ.ജി.എം.എം. ആര് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കലക്ടര്‍ പ്രഖ്യാപനം നടത്തിയത്. പരേതനായ ഉണ്ണികൃഷ്ണന് എന്ന പരമേശ്വരന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ലീലയുടെയും മകളായ ദിവ്യ ഈ മേഖലയില്‍ നിന്നും മികച്ച വിജയം നേടിയ ആദ്യത്തെ വിദ്യാര്‍ഥിനിയാണ്. സഹോദരി നിഷ എസ്.ടി ഹെല്‍ത്ത് പ്രമോട്ടര്‍ ആണ്. മറ്റൊരു സഹോദരി ദീപ മലപ്പുറം ഗവ. കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. സഹോദരന് വിമല്‍ നിലമ്പൂരിലെ ഗവണ്മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ്. സംസ്ഥാനത്തു പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ദിവ്യ അഖിലേന്ത്യാതലത്തില്‍ 778 റാങ്ക് കാരിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആണ് പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. വെല്ലുവിളികള്‍ക്കിടയില്‍ നിന്നും മികച്ച വിജയം കൈവരിച്ച ദിവ്യ സമൂഹത്തിന് മാതൃകയാണെന്ന് കലക്ടര്‍ പറഞ്ഞു. ഇനിയും ഒരുപാട് മികച്ച പ്രതിഭകളെ ഈ മേഖലയില്‍ നിന്നും കണ്ടെത്താന്‍ നമുക്ക് സാധിക്കണമെന്നും അതുകൊണ്ടാണ് ഇവരുടെ കൂട്ടത്തില്‍ തന്നെ ഒരാളെ അംബാസഡറായി തെരഞ്ഞെടുത്തതെന്നും കളക്ടര്‍ പറഞ്ഞു. ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു കൊണ്ടുള്ള കത്ത് കളക്ടര്‍ ദിവ്യക്കു കൈമാറി. ദിവ്യക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്കുന്ന ലാപ്ടോപ് കലക്ടര്‍ നല്കി. ക്യാഷ് അവാര്‍ഡ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര കൈമാറി. ഉപഹാരം അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി നല്കി. വിവിധ മേഖലയില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ടി. ശ്രീകുമാരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ഡി എഫ്.ഒ സജികുമാര്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ എന്‍ വേലുക്കുട്ടി, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ സബീര്‍, സ്കൂള്‍ പ്രധാന അധ്യാപിക. ആര്. സൗദാമിനി, സീനിയര്‍ സൂപ്രണ്ട് സുബ്രഹ്മണ്യന്, സ്റ്റാഫ് സെക്രട്ടറി പ്രജീഷ് എന്നിവര്‍ സംസാരിച്ചു. ദിവ്യ ഉണ്ണി കൃഷ്ണന് മറുപടി പ്രസംഗം നടത്തി.
കോളനികളിലെ സ്കൂളുകളിലെ
കൊഴിഞ്ഞുപോക്ക് തടയും- കലക്ടര്‍
ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളിലെ വിദ്യാര്‍ത്ഥികളുടെ സ്കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ഉള്‍വനത്തില്‍ അധിവസിക്കുന്ന ആദിവാസികളുടെ ക്ഷേമം അന്വേഷിക്കാന്‍ വിവിധ വകുപ്പു മേധാവികള്‍ക്കൊപ്പം മുണ്ടക്കടവ്, നെടുങ്കയം കോളനികളില്‍ സന്ദര്‍ശനം നടത്തിയ ശേഷം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗ്ഗ വകുപ്പും കുടുംബശ്രീയും തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. പഠന പ്രായം കഴിഞ്ഞിട്ടും ജോലിക്കു പോകാത്ത വരെ ജോലിയില്‍ വ്യാപൃതരാക്കുന്നതിനു സംവിധാനം ഒരുക്കുന്നത് ആലോചിക്കും. കോളനിവാസികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിനായി പ്രത്യേക പരിശീലനം സംഘടിപ്പിക്കും. ബദല്‍ സ്കൂളുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. കോളനികളിലെ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, വിധവകള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും ആവശ്യമായ രേഖകളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി കുടുംബശ്രീ ആനിമേറ്റേര്‍സ്, ട്രൈബല്‍ പ്രൊമോട്ടേഴ്സ്, ഊരുമിത്രം അംഗങ്ങള്‍ എന്നിവരെ ഉപയോഗിച്ച് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡി എഫ്.ഒ വി.സജികുമാര്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ടി. ശ്രീകുമാര്‍, പി. എ.യൂ പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്, ജില്ലാ സപ്ലൈ ഓഫീസര്‍ വി.വി സുനില, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ ശ്രീലത, നിലമ്പൂര്‍ തഹസില്‍ദാര്‍ വി.സുഭാഷ് ചന്ദ്ര ബോസ്, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ സി. കെ. ഹേമലത, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മേരി ജോണ്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ അബൂബക്കര്‍ സിദ്ദീഖ്, ഒ. ആര്.സി ജില്ലാ കോഡിനേറ്റര്‍ സി.സലീന വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
രാവിലെ പത്തരയോടെ മുണ്ടക്കടവ് കോളനിയിലെത്തിയ കലക്ടര്‍, കോളനിയില്‍ നടക്കുന്ന തൊഴിലുറപ്പ് പ്രവൃത്തി വിലയിരുത്തുകയും തൊഴിലാളികളുടെ ക്ഷേമം ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ട്രൈബല്‍ ബദല്‍ സ്കൂളും സന്ദര്‍ശിച്ച ശേഷമാണ് കമ്മ്യുണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കലക്ടര്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ കേട്ടത്. തുടര്‍ന്നാണ് കലക്ടറും സംഘവും നെടുങ്കയം കോളനിയിലെത്തിയത്. ഇരു കോളനിക്കാരും ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഇവരുടെ ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും ഉറപ്പു നല്‍കിയാണ് കലക്ടറും സംഘവും കോളനി വിട്ടത്.
കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ സലീം, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ മനോജ്, വാര്‍ഡ് മെമ്പര്‍ ലിസി ജോസ്, കരുളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ബി ഷാജു, വില്ലേജ് ഓഫീസര്‍ പി.എന്‍ ബാബുരാജ്, റവന്യു, വനം, പൊലീസ്, ഐ.റ്റി.ഡി.പി, കുടുംബശ്രീ, ഗ്രാമവികസന വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ്, തദ്ദേശ സ്വയം ഭയരണ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എക്സൈസ് എന്നിവയിലെ പ്രതിനിധികളും കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]