മലപ്പുറം വീമ്പൂരില്‍ ഗെയില്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച

മലപ്പുറം വീമ്പൂരില്‍  ഗെയില്‍ പൈപ്പ്  ലൈനില്‍ ചോര്‍ച്ച

മഞ്ചേരി: വീമ്പൂരില്‍ ഗെയില്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച . വെള്ളം കടത്തിവിട്ടു പൈപ്പ് ലൈനിന്റെ ക്ഷമത പരിശോധിക്കുന്നതിനിടെ പൈപ്പു പൊട്ടി വെള്ളം ശക്തിയില്‍ പുറത്തേക്കൊഴുകുകയായിരുന്നു. വെള്ളം കടത്തി വിടുമ്പോള്‍ തന്നെ തകരുന്ന പൈപ്പു വഴി വാതക ഇന്ധനം കടത്തിവിടുന്നത് പൊതു ജനങ്ങളുടെ ജീവന്‍വെച്ചുള്ള പന്താടലാണെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തുണ്ട്. സംഭവത്തില്‍ കടുത്ത ആശങ്കയിലാണ് തദ്ദേശീയര്‍. മഞ്ചേരിക്കടുത്ത് വീമ്പൂരില്‍ വെള്ളിയാഴ്ച രാത്രിയാണ് നാട്ടുകാര്‍ ചോര്‍ച്ച കണ്ടെത്തിയത്. ഇവിടെ വാള്‍വ് സ്‌റ്റേഷനു സമീപത്താണ് പൈപ്പു പൊട്ടിയത്. പൈപ്പു ലൈന്‍ സ്ഥാപിച്ചു മണ്ണിട്ടു മൂടിയ ഭാഗത്തു നിന്നും ശക്തമായി വെള്ളം പുറത്തേക്കൊഴുകുകയായിരുന്നു. പൈപ്പു ലൈനിന്റെ ക്ഷമത പരിശോധിക്കാന്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം കടത്തിവിടുന്നതിനിടെയായിരുന്നു ഇത്. ഉരുള്‍പൊട്ടലിന്റെ സാധ്യത മുന്‍നിര്‍ത്തി നാട്ടുകാര്‍ അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പൈപ്പു ലൈന്‍ സ്ഥാപിച്ച ഭാഗത്തുനിന്നാണ് വെള്ളം പുറത്തേക്കൊഴുകുന്നതെന്നു കണ്ടത്തിയത്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ മണ്ണു മാറ്റി നടത്തിയ പരിശോധനയില്‍ പൈപ്പു പൊട്ടിയതു സ്ഥിരീകരിക്കുകയായിരുന്നു. വെള്ളം കടത്തിവിട്ടുള്ള പരിശോധനയില്‍തന ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഗെയില്‍ അധികൃതരുടെ വിശദീകരണം. വാതപൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം നടത്തുന്ന പരിശോധകളില്‍ ഇത്തരം ചോര്‍ച്ചകള്‍ കണ്ടെത്താറുണ്ട്. ശക്തമായ മര്‍ദത്തില്‍ വെള്ളം കടത്തിവിട്ടുള്ള പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതേസമയം പരിശോധനക്കിടെ തന്നെ പൈപ്പ് ചോര്‍ന്നതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍. നിരവധി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് വാതക പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്യുകയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നുണ്ട്. ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടന്നിരുന്ന പ്രദേശമാണ് വീമ്പൂര്‍. സര്‍ക്കാര്‍ ഇടപെട്ടു പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടുപോയതോടെ നിലച്ച പ്രതിഷേധം പുതിയ സാഹചര്യത്തില്‍ വീണ്ടും ശക്തമാവുകയാണിവിടെ.

Sharing is caring!