കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും പേഴ്‌സില്‍ ഉണ്ടായിരുന്ന 3000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളുമായിമായി കടന്നു

കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും  പേഴ്‌സില്‍ ഉണ്ടായിരുന്ന 3000 രൂപയും  രണ്ട് മൊബൈല്‍ ഫോണുകളുമായിമായി കടന്നു

വളാമഞ്ചരി: വളാഞ്ചേരിയില്‍ ഹോം നഴ്സിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹോട്ടല്‍തൊഴിലാളിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മന്‍സിലില്‍ റഫീഖിന്റെ ഭാര്യ നഫീസത്തി (52)നെ കൊലപ്പെടുത്തിയ കേസില്‍ വെട്ടിച്ചിറ പുന്നത്തല കരിങ്കപ്പാറ അബ്ദുല്‍സലാമി (35)നെയാണ് തിരൂര്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കവര്‍ച്ചാ മുതലുകള്‍ തിരൂര്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നായി ഇന്നു കണ്ടെടുത്തു. ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതോടെ രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇന്ന് വൈകീട്ട് തിരൂര്‍ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നഫീസത്ത് താമസിക്കുന്ന വീട്ടിലെത്തിയതെന്ന് അബ്ദുല്‍സലാം പൊലീസില്‍ മൊഴി നല്‍കി. ശാരീരികമായി കീഴ്പ്പെടുത്തുന്നതിനിടെയാണ് കഴുത്തില്‍ ഷാള്‍ മുറുക്കിയത്. മരണം ഉറപ്പായതോടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും നഫീസത്തിന്റെ മൊബൈല്‍ഫോണും കവര്‍ന്ന് രക്ഷപ്പെട്ടു. ആദ്യം മംഗലാപുരത്തേക്കാണ് പോയത്. നാട്ടില്‍ തന്നെ കുറിച്ച് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് തോന്നിയതോടെ മടങ്ങിയെത്തി വെട്ടിച്ചിറയില്‍ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ വളാഞ്ചേരിയിലും മൊബൈല്‍ഫോണ്‍ തിരൂരിലും വിറ്റു.
പ്രതിയെ ഉപയോഗിച്ച് ഇന്നു രാവിലെ പൊലീസ് വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തി. നഫീസത്തിനെ കൊലപ്പെടുത്തിയ ക്വാര്‍ട്ടേഴ്സിലും ആഭരണവും മൊബൈല്‍ഫോണും വിറ്റ കടകളിലും പ്രതിയെ കൊണ്ടുപോയി. അയല്‍വാസികള്‍ നല്‍കിയ സൂചനകളാണ് കേസില്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമായതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മെലിഞ്ഞ പ്രകൃതക്കാരനായ ഒരാളെ സംശയകരമായി കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. നഫീസത്തിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്താന്‍ സഹായകമായി. അതോടെ സലാമിലേക്ക് അന്വേഷണം നീണ്ടു. ഇക്കാര്യങ്ങളറിയാതെയാണ് ഇയാള്‍ മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിയത്. അയല്‍വാസികള്‍ പ്രതിയെ തിരിച്ചറിഞ്ഞതോടെ കൊലയാളിക്കായുള്ള അന്വേഷണത്തിന് വിരാമമായി.
ചൊവ്വാഴ്ചയായിരുന്നു നഫീസത്തിനെ വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതര ജില്ലക്കാരിയായ ഇവരുമായി വലിയ അടുപ്പമോ ബന്ധമോ ഇല്ലാതിരുന്നിട്ടും അയല്‍വാസികള്‍ അന്വേഷണത്തോട് മികച്ച നിലയില്‍ സഹകരിച്ചതിനാലാണ് പ്രതിയെ എളുപ്പത്തില്‍ പിടികൂടാനായതെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍കരീം പറഞ്ഞു.

Sharing is caring!