പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ എടവണ്ണ സീതി ഹാജി സ്റ്റേഡിയം ഏറ്റെടുത്ത് മലപ്പുറം വേക്കപ്പ് ഫുട്ബാള്‍ അക്കാദമി

മലപ്പുറം: മലപ്പുറം ജില്ലയില്‍നിന്നും പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാനായി ആരംഭിച്ച മലപ്പുറം വേക്കപ്പ് ഫുട്ബാള്‍ അക്കാദമി എടവണ്ണ സീതി ഹാജി സ്റ്റേഡിയം ഏറ്റെടുത്തു, അതോടൊപ്പം സ്റ്റേഡിയം അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള നവീകരണ പ്രവൃത്തികളും ആരംഭിച്ചു. രണ്ടുമാസത്തിനുള്ളില്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
തുടര്‍ന്ന് ഇവിടെ തന്നെ വേക്കപ്പ് അക്കാഡമിക്കുവേണ്ടി അന്തര്‍ദേശീയ നിലവാരത്തിലുള്ള റസിഡന്‍ഷ്യല്‍ അക്കാഡമിയും ആരംഭിക്കും. ഇവിടെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായി ഒരു വിദേശപരിശീലകനും കൂടെയുണ്ടാകും. നിലവില്‍ അക്കാഡമിക്കു മലപ്പുറത്തു രണ്ടു സെന്ററുകളും, വേങ്ങരയിലും, എടവണ്ണയിലും ഓരോ സെന്ററുകള്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അടുത്ത മാസത്തോട് കൂടി തിരൂരിലും പരപ്പനങ്ങാടിയിലും പുതിയ സെന്ററുകള്‍ ആരംഭിക്കും.

എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തില്‍ ഗ്രൗണ്ട് ലെവല്‍ ചെയ്ത് കഴിയുന്നതോടെ പുല്ല് വച്ച് പിടിപ്പിക്കല്‍ നടക്കും. ശേഷം ബാത്ത് റും, ഡ്രസിംഗ് റും, ഓഫീസ് എന്നിവയും സജ്ജീകരിക്കും. വളര്‍ന്നു വരുന്ന ഫുട്ബാള്‍ പ്രതിഭകള്‍ക്കായി ദേശീയ അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനായി എടവണ്ണ സ്റ്റേഡിയം കേന്ദ്രീകരിച്ച് വിദേശ കോച്ചിന് കീഴില്‍ ഇന്റര്‍നാഷണല്‍ ലെവല്‍ റസിഡന്‍സ് അക്കാദമി വരും. മലപ്പുറം ജില്ലയിലെ അഞ്ച് പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളെയും എടവണ്ണ ഹോം ഗ്രൗണ്ട് കേന്ദ്രവുമായി ബന്ധിപ്പിക്കും.

കേരളത്തില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറത്ത്
വേക്കപ്പ് ഫുട്ബാള്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ചു വയസ്സു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അക്കാഡമിക്കു കീഴില്‍ പരിശീലനം നല്‍കിവരുന്നത്.. പുതിയ സാങ്കേതിക മികവുകളും പരിശീലനങ്ങളും കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനായി രണ്ടു ലാറ്റിനമേരിക്കന്‍ പരിശീലകരും വേക്കപ്പ് ഫുട്ബാള്‍ അക്കാദമിയിലുണ്ട്, കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായിട്ടാണ് അര്‍ജന്റിനയില്‍ നിന്നുള്ള പരിശീലകരായ ഫിക്ക്ന്റോ റോഡ്രിഗസ്, ഹോസെ ചെര്‍മോണ്ട് എന്നിവരെത്തിയത്. പരീശീലനത്തിനായുള്ള യുവേഫ ബി ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള ഇരുവരും ഗ്രാസ്സ് റൂട്ട്, യൂത്ത് തലങ്ങളില്‍ പരിശീലനം നല്‍കി കഴിവ് തെളിയിച്ചവരാണ്. അര്‍ജന്റീനയിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെുയും മികച്ച ടീമുകളെ പരിശീലിപ്പിച്ചാണ് ഇവര്‍ മലപ്പുറത്തേക്കെത്തുന്നത്.രണ്ടു പരിശീലകരുടെയും മുഴുവന്‍ സമയ സേവനം അക്കാദമിയിലെ കുട്ടികള്‍ക്ക് ലഭ്യമാക്കിവരുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിലവിലെ ഇന്ത്യന്‍ടീമിലടക്കം കളിക്കുന്ന പല കളിക്കാരും ചെറുപ്രായത്തില്‍ പരിശീലനം ലഭിക്കാത്തവരാണ്. എന്നാല്‍ ഫുട്ബോളില്‍ രാജ്യത്തിന് തന്നെ അഭിമാനമാകാവുന്ന താരങ്ങളെ വേക്ക് അപ്പ് ഫുടേബോള്‍ അക്കാദമിയുടെ പരിശീലക കളരിയിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. മികച്ച പരിശീലനം നല്‍കുന്നതോടൊപ്പം കുട്ടികളുടെ കായിക ക്ഷമത വളര്‍ത്തലും ലക്ഷ്യംവെക്കുന്നു. അക്കാദമിയിലേക്കുള്ള പ്രവേശനത്തിനും മറ്റു വിവരങ്ങള്‍ക്കുമായി 7902551515, 7558999989 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരാവാഹികള്‍ അറിയിച്ചു. അക്കാഡമിയുടെ മുഖ്യപരിശീലകന്‍ പ്രമുഖ ഫുട്ബോള്‍ പരിശീലകനായ ഷാജിറുദ്ധീന്‍ കോപ്പിലാനാണ്. അബ്ദുല്‍ നാസറാണ് അക്കാദമി മാനേജിങ് ഡയറക്ടര്‍.

Sharing is caring!