വികസനത്തിന് മലപ്പുറത്ത് പുതിയ ജില്ല അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

വികസനത്തിന് മലപ്പുറത്ത്  പുതിയ ജില്ല അനുവദിക്കണം:  ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലപ്പുറം: വികസനത്തിന്റെ എല്ലാ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ പുതിയ ജില്ല അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി സംസ്ഥാന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മലപ്പുറം ടൗണില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.14 ലക്ഷം ജനങ്ങളുടെ വികസനത്തിനായി 50 വര്‍ഷം മുമ്പ് 1969 ല്‍ അനുവദിച്ചതാണ് മലപ്പുറം ജില്ല. അതിന്റെ മൂന്നിരട്ടിയും വര്‍ധിച്ച് ജനസംഖ്യ ഇപ്പോള്‍ 45 ലക്ഷമായിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയാണിത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളും ചേര്‍ത്താല്‍ ജനസംഖ്യ 43.4 ലക്ഷമാണ്. ഇന്ത്യയിലെ 8 സംസ്ഥാനങ്ങളില്‍ മലപ്പുറം ജില്ലയുടേതിനേക്കാള്‍ കുറഞ്ഞ ജനസംഖ്യയാണുള്ളത്. ത്രിപുര 30 ലക്ഷം, മേഘാലയ 30 ലക്ഷം, മണിപ്പൂര്‍ 28 ലക്ഷം, നാഗാലാന്‍ഡ് 20 ലക്ഷം, ഗോവ 15 ലക്ഷം, അരുണാചല്‍ പ്രദേശ് 14 ലക്ഷം, മിസോറാം 11 ലക്ഷം, സിക്കിം 6 ലക്ഷം എന്നിങ്ങനെയാണ് നിലവിലെ ജനസംഖ്യ. ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സംരഭങ്ങളും ഈ ജനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ മലപ്പുറത്ത് 45 ലക്ഷം ജനങ്ങള്‍ക്ക് ഒരു ജില്ലക്ക് ലഭിക്കുന്ന പദ്ധതികള്‍ മാത്രമാണ് ലഭിക്കുന്നത്. ഇത് വികസന രംഗത്തുണ്ടാക്കുന്ന അസന്തുലിതാവസ്ഥയുടെ ഭരണകൂട ഇരകളാണ് മലപ്പുറത്തെ ജനങ്ങള്‍. നിലവില്‍ സര്‍ക്കാര്‍ അംഗീകരിച്ച ജനസംഖ്യാ മാനദണ്ഡപ്രകാരം തന്നെ മലപ്പുറം ജില്ലയില്‍ 62 പുതിയ വില്ലേജുകളും മൂന്ന് പുതിയ താലൂക്കുകളും ഉണ്ടാകേണ്ടതുണ്ട്. ഇതെല്ലാം മുന്നില്‍ വെച്ചാണ് മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന വികസനാവശ്യത്തിനായി മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം ഉയരുന്നത്. സാമൂഹിക നീതിയുടെ ഭാഗമായി ഇതംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരളാ സര്‍ക്കാരിനോടത് ആവശ്യപ്പെടുകയാണ്.ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും കടുത്ത വിവേചനമാണ് മലപ്പുറം ജില്ല നേരിടുന്നത്.ഉയര്‍ന്ന ഗ്രേഡോട് കൂടി പത്താം ക്ലാസ് പാസായ 15287 വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ പ്ലസ് വണ്‍ സീറ്റില്ല. ഹയര്‍ സെക്കന്ററ്റ പാസായ പകുതി വിദ്യാര്‍ഥികള്‍ക്ക് പോലും മലപ്പുറത്ത് ബിരുദ സൗകര്യമില്ല. പുതിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററികളും സര്‍ക്കാര്‍ കോളേജുകളും മലപ്പുറത്ത് അനുവദിക്കേണ്ടതുണ്ട്.പുതിയ യൂണിവേഴ്‌സിറ്റിളും മലപ്പുറത്ത് ഉണ്ടാകേണ്ടതുണ്ട്. യു. ജി. സി ചട്ടപ്രകാരം ഒരു യൂണിവേഴ്‌സിറ്റിക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളുടെ എണ്ണം നൂറാണ്. എന്നാല്‍ മലപ്പുറത്തെ കലാലയങ്ങളുള്ള കാലികറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ മാത്രം 477
കോളേജുകളാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. യു. ജി. സി മാനദണ്ഡപ്രകാരം മാത്രം മൂന്ന് പുതിയ യൂണിവേഴ്‌സിറ്റികള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പരിധിക്കകത്ത് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി മതി അംബേദ്ക്കര്‍ മുഖ്യാതിഥിയായിരുന്നു.
ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കല്‍, കെ.എസ് നിസാര്‍, നഈം ഗഫൂര്‍, എം.ജെ സാന്ദ്ര, ബിബിത വാഴച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജന. സെക്രട്ടറി സനല്‍ കുമാര്‍ സ്വാഗതവും മണ്ഡലം കണ്‍വീനര്‍ അഖീല്‍ നാസിം നന്ദിയും പറഞ്ഞു.

Sharing is caring!