200കോടി സ്വത്ത് തട്ടിപ്പ്; അന്‍വര്‍ എം.എല്‍.എയോട് രേഖകളുമായി ഹാജരാവാന്‍ തഹസില്‍ദാരുടെ നോട്ടീസ്

മലപ്പുറം: പാട്ടക്കരാര്‍ അവകാശം മാത്രമുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തം കമ്പനിയുടെ പേരില്‍ നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന പരാതിയില്‍ പോക്കുവരവ് ചെയ്ത രേഖകള്‍ സഹിതം 11ന് വൈകുന്നേരം മൂന്നിന് നേരില്‍ ഹാജരാകാന്‍ പി.വി അന്‍വര്‍ എം.എല്‍.എക്ക് ആലുവ ഭൂരേഖ തഹസില്‍ദാരുടെ നോട്ടീസ്. ആലുവ എടത്തലയിലെ സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലിനും റിസോര്‍ട്ടിനുമായി നിര്‍മിച്ച എട്ടുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമിയാണ് പി.വി അന്‍വര്‍ എം.എല്‍.എ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നികുതി അടച്ച് സ്വന്തമാക്കിയതെന്നാണ് പരാതി. ആലുവ ഈസ്റ്റ് വില്ലേജില്‍ ബ്ലോക്ക് 36 ല്‍ 694/ 3 -ബി, 694/3 ഡി (റീസര്‍വെ ബ്ലോക്ക് 36) 352/2, 351/1, 374/3,4,5,6 എന്നീ നമ്പറുകളിലുള്ള ജോയ്മത് ഹോട്ടല്‍ ആന്റ് റിസോര്‍ട്ടും ഉള്‍പ്പെടുന്ന 11.46 എക്കര്‍ ഭൂമിയുടെ 99വര്‍ഷത്തെ പാട്ടാവകാശം മാത്രമാണ് ന്യൂഡല്‍ഹിയിലെ കടാശ്വാസ കമ്മീഷന് 2006സെപ്റ്റംബര്‍ 18ന് നടത്തിയ ലേലത്തില്‍ പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയത്. എടത്തലയില്‍ നാവികസേന ആയുധസംഭരണശാലയോട് ചേര്‍ന്നുള്ള സ്ഥലം കാക്കനാട് സ്വദേശി ജോയ്മാത്യുവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഇന്റര്‍നാഷണല്‍ ഹൗസിങ് കോംപ്ലക്സ് എന്ന സ്ഥാപനത്തിനായിരുന്നു. 1991ലാണ് 99വര്‍ഷത്തേക്ക് ജോയ്മത്ത് ഹോട്ടല്‍ ആന്റ് റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന് സ്ഥലം പാട്ടത്തിന് നല്‍കിയത്. ജോയ്മത്ത് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷനിലെ വായ്പാതിരിച്ചടവ് മുടങ്ങിയതോടെയാണ് 99 വര്‍ഷത്തെ പാട്ടാവകാശം ലേലത്തിനുവെച്ചത്. പി.വി അന്‍വറിന്റെ കമ്പനി 5.54കോടി രൂപക്ക് 99 വര്‍ഷത്തെ പാട്ട അവകാശം സ്വന്തമാക്കുകയായിരുന്നു.
99വര്‍ഷത്തെ പാട്ടത്തിനു ശേഷം ജോയ്മത്ത് ഹോട്ടല്‍ ആന്റ് റിസോര്‍ട്സിന്റെ കെട്ടിടങ്ങളും സ്്ഥലവും യഥാര്‍ത്ഥ ഉടമസ്ഥനായ ജോയ്മാത്യുവിന്റെ കുടുംബത്തിനു ലഭിക്കേണ്ടതാണ്. എന്നാല്‍ പാട്ടഭൂമി ഇപ്പോള്‍ പി.വി അന്‍വര്‍ നികുതിയടച്ച് സ്വന്തമാക്കിയിരിക്കുകയാണ്. ആലുവ ഈസ്റ്റ് വില്ലേജില്‍ തണ്ടപ്പേര് നമ്പര്‍ 12380 തില്‍ 2006 മുതല്‍ 2019വരെ പി.വി അന്‍വര്‍ മാനേജിങ്് ഡയറക്ടര്‍, പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നികുതിയടച്ചിരിക്കുന്നത്.
അതേസമയം ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളില്‍ ഇപ്പോഴും വസ്തുവിന്റെ ഉടമസ്ഥാവകാശം ജോയ് മാത്യുവിന്റെയും കുടുംബത്തിന്റെയും ഇന്റര്‍നാഷണല്‍ ഹൗസിങ് കോംപ്ലക്സിനാണ്. രജിസ്റ്റര്‍ ചെയ്ത ആധാരം സഹിതം വേണം പോക്കുവരവിന് അപേക്ഷ നല്‍കാനും പോക്കുവരവ് നടത്തി തണ്ടപ്പേര് നമ്പറിട്ട് കരം സ്വീകരിക്കേണ്ടതും. എന്നാല്‍ പോക്കുവരവ് നടത്താനായി പി.വി അന്‍വറിന്റെയോ കമ്പനിയുടെയോ അപേക്ഷ പോലും വില്ലേജ് ഓഫീസില്‍ ഇല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.
പാട്ടഭൂമി കരമടച്ച് സ്വന്തമാക്കിയ സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കും പി.വി അന്‍വറിനുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോയ് മാത്യുവിന്റെ ഭാര്യ ഗ്രേസ് മാത്യു എറണാകുളം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ജോയ് മാത്യുവിന്റെ മരണശേഷം ഭൂമിക്ക് നികുതിയടക്കാനായി ഗ്രേസ് മാത്യുവും മകളും വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് ഭൂമിക്ക് പി.വി അന്‍വര്‍ നികുതിയടക്കുന്നതായുള്ള വിവരം ലഭിച്ചത്. പരാതിയില്‍ വിശദ അന്വേഷണം നടത്താനായി കളക്ടര്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ എല്‍.ആര് തഹസില്‍ദാര്‍ മുമ്പാകെ ഹാജരായി ഗ്രേസ് മാത്യു തെളിവുകളും മൊഴിയും നല്കി. തുടര്‍ന്നാണ് രേഖകള്‍ സഹിതം ഹാജരാകാന്‍ അന്‍വറിനും നോട്ടീസ് നല്‍കിയത്.
11ന് പരാതിക്കാരി എടക്കൊച്ചി മാളിയേക്കല്‍ ഗ്രേസ് മാത്യുവും ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറും ഹാജരാകണം. പരാതി തീര്‍പ്പാക്കുന്നത് വരെ അന്‍വറില്‍ നിന്നും നികുതി ഈടാക്കുന്നത് വിലക്കിയിട്ടുണ്ട്.
പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ്പ്രൈവറ്റ് ലിമിറ്റഡ് 501 ഒപ്പനക്കര സ്ട്രീറ്റ്, കോയമ്പത്തൂര്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ്. മസ്ക്കറ്റ് ബാങ്ക് ഡയറക്ടറായിരുന്ന കെ.കെ. അബ്ദുല്‍ റസാഖ്, അന്‍വറിന്റെ സഹോദരന് പുത്തന്‍വീട്ടില്‍ അജ്മല്‍, ചെറിയകത്ത് മുഹമ്മദ് നജീബ് അടക്കം എട്ട് ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]