ജീവിതക്കടലില്‍ പ്രയാസങ്ങളുടെ തുഴയെറിഞ്ഞ കടലിന്റെ മക്കള്‍

പൊന്നാനി: ജീവിതക്കടലില്‍ പ്രയാസങ്ങളുടെ തുഴയെറിഞ്ഞ കടലിന്റെ മക്കള്‍ ഇനി തീരത്തിന്റെ സംരക്ഷകര്‍. മഹാപ്രളയത്തില്‍ സ്വന്തം ജീവന്‍നോക്കാതെ നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസില്‍ കോസ്റ്റല്‍ വാര്ഡന്മാരായി സര്‍ക്കാര്‍ നിയമിച്ചപ്പോള്‍ അവര്‍ ജില്ലയുടെയും സൈന്യമായി മാറുകയായിരുന്നു. സംസ്ഥാനത്ത് 178 പേരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചപ്പോള്‍ അതില്‍ 17 പേരാണ് ജില്ലയില്നിന്നുള്പ്പെട്ടത്. പതിനൊന്ന് പേര്‍ക്ക് പൊന്നാനിയിലും ആറ് പേര്‍ക്ക് ബേപ്പൂരിലും നിയമനംകിട്ടി.
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട അഞ്ച് വനിതകള്‍ തീരസംരക്ഷണ ചുമതല ഏറ്റെടുത്തപ്പോള്‍ മലബാറില്‍നിന്നുള്ള ഏക വനിതയായി വാഴക്കാട് ഐക്കുന്നുമ്മല്‍ ജമീന എന്ന 33കാരിയും ഉള്‍പ്പെട്ടു. കലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് നീന്തല്‍ പരിശീലകയായിരുന്നു ജമീന. സര്‍ക്കാര്‍ ഏല്‍പ്പിച്ച ചുമതലയ്ക്ക് തൊഴുകൈയോടെ നന്ദി പറയുകയാണ് താനൂര്‍ കുറ്റിരയാന്റെ പുരയ്ക്കല്‍ നിസാറും പൊന്നാനി സ്വദേശി ഉണ്ണിത്തറയില് താഹയും അടക്കമുള്ള മുഴുവന്‍പേരും.
ഇവര്‍ക്കുപുറമെ, താനൂര്‍ സ്വദേശികളായ അമ്മത്ത് വീട്ടില്‍ ഇസ്മായില്‍, കല്ലാട്ട് അഫ്സല്, ചെക്കാമാടത്ത് അന്‍സാര്‍, പരീച്ചന്റെ പുരക്കല്‍ ഫൈസല്‍, അരയകത്ത് റാസിക്, പരപ്പനങ്ങാടി സ്വദേശികളായ പള്ളിച്ചന്റെ പുരക്കല്‍ മിസ് ഹബ്, പരീന്റെ പുരക്കല്‍ ഇസ്മായില്‍, തലക്കലകത്ത് സിദ്ദീഖ്, വള്ളിക്കുന്ന് സ്വദേശികളായ കളത്തത്തിന്റെ പുരക്കല്‍ ഹാരിസ്, കിഴക്കന്റെ പുരക്കല്‍ ഹാരിസ്, നൈത്രം വീട്ടില്‍ ലബീബ്, ഇക്കമ്മുവിന്റെ പുരക്കല്‍ മുനീര്‍, കുറ്റിക്കാട്ടില്‍ ഹുസൈന്, തിരൂരില്‍നിന്നുള്ള അരയാന്റെ പുരക്കല്‍ സൈനുല്‍ ആബിദ്, വാഴക്കാട് ഐക്കുന്നുമ്മല്‍ ജമീന എന്നിവരാണ് ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍.
തൃശൂര്‍ പൊലീസ് അക്കാദമിയില്‍നിന്ന് നാല് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി ജൂലൈ അഞ്ചിനാണ് ജോലിയില്‍ പ്രവേശിച്ചത്. നേവി, കോസ്റ്റ് ഗാര്‍ഡ്, പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയവക്കുകീഴിലായിരുന്നു പരിശീലനം. ആയിരങ്ങള്‍ നല്കിയ അപേക്ഷയില്‍ കോഴിക്കോട് നടന്ന ഫിസിക്കല്‍ ടെസ്റ്റില്‍ പാസായവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പൊന്നാനിയില്‍നിന്ന് 27 പേര് അപേക്ഷ നല്‍കിയെങ്കിലും ഒരാള്‍മാത്രമാണ് ഫിസിക്കല്‍ ടെസ്റ്റ് പാസായത്. കോസ്റ്റല്‍ വാര്ഡന്മാരായ ഇവര്‍ക്ക് തീരസംരക്ഷണമാണ് ജോലി. കടല്‍ ദുരന്തം ഉണ്ടാവുമ്പോള്‍ ഫിഷറീസിനെയും കോസ്റ്റല്‍ പൊലീസിനെയും സഹായിക്കാന്‍ രക്ഷകരായി കടലിനെ തൊട്ടറിഞ്ഞ ഇവര്‍ മുന്നിലുണ്ടാവും. കരാറടിസ്ഥാനത്തിലാണ് നിയമനമെങ്കിലും സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പ്രളയത്തില്‍ മുങ്ങിത്താഴുന്നതിനിടെ നന്മയുടെ ഉറച്ചകരങ്ങള് നല്കി ഇവര്‍ കൈപിടിച്ചുയര്‍ത്തിയത് 117 ജീവനുകളെയാണ്. ഏറെ നാശംവിതച്ച ചാലക്കുടിയിലേക്കാണ് ഇവര്‍ ബോട്ടുമായി പോയത്. പ്രതിസന്ധി ഘട്ടമായിരുന്നിട്ടും സ്വന്തം കൈയില്‍നിന്ന് ഇന്ധനം നിറച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]