എന്റെ പിന്തുണ മോദി എടുക്കുന്ന നല്ലകാര്യങ്ങള്‍ക്ക്; നിലപാട് വ്യക്തമാക്കി ജാമിദ ടീച്ചര്‍

എന്റെ പിന്തുണ മോദി എടുക്കുന്ന  നല്ലകാര്യങ്ങള്‍ക്ക്; നിലപാട്  വ്യക്തമാക്കി  ജാമിദ ടീച്ചര്‍

തിരൂര്‍: ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്കുവന്ന സാമൂഹിക പ്രവര്‍ത്തക ജാമിദ ടീച്ചര്‍ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടത് അവര്‍ സംഘപരിവാറിനെ അനുകൂലിക്കുന്നു എന്നതിന്റെ പേരിലാണ്. മുസ്ലീങ്ങള്‍ക്ക് ഏറ്റവും വിശ്വസിക്കാവുന്ന നേതാവ് നരേന്ദ്രമോദിയാണെന്ന ജാമിദ ടീച്ചറുടെ പ്രസ്താവന സോഷ്യല്‍ മീഡിയയിലടക്കം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. യുക്തിവാദി മൂത്ത് സംഘിയാവുമെന്ന് പറഞ്ഞ് ഇസ്ലാമിസ്്റ്റുകള്‍ വലിയ ആഘോഷത്തോടെയാണ് ഈ പ്രസ്താവന പ്രചരിപ്പിച്ചത്. എന്നാല്‍ താന്‍ ബിജെപിക്കും ആര്‍എസ്എസിനും ഒന്നും ഒപ്പമല്ലെന്നും മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ക്ക് മാത്രമാണ് തന്റെ പിന്തുണയെന്നും ജാമിദ ടീച്ചര്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും സ്വതന്ത്ര ചിന്തകയായിത്തന്നെ തുടരുമെന്നും അവര്‍ പറയുന്നു. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ എഴുത്തുകാരനും പ്രഭാഷകനും ചലച്ചിത്ര സംവിധായകനുമായ സജീവന്‍ അന്തിക്കാടുമായുള്ള സംവാദത്തിലാണ് ജാമിദ ടീച്ചര്‍ നിലപാട് വ്യക്തമാക്കിയത്.

മുത്തലാഖ് ബില്‍, എകസിവില്‍ കോഡ്, ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കല്‍ എന്നിവ കൊണ്ടൊക്കെ ഗുണമുണ്ടാകുന്നത് മുസ്ലീം സമുദായത്തിന് തന്നെയാണ്. മുത്തലാഖിന്റെയൊക്കെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഒന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ മോദി മാത്രമാണ് അതിന് മുന്നിട്ട് ഇറങ്ങിയത്. മുത്തിലാഖ് ബില്‍ വന്നപ്പോള്‍ മുസ്ലീം ലീഗിനൊപ്പം കൂടുകയാണ് സിപിഎം പോലും ചെയ്തത്. അതുപോലെ തന്നെ ഏക സിവില്‍കോഡ് വന്നാലും അതിന്റെ ഗുണം ഉണ്ടാവുക മുസ്ലീം സ്ത്രീകള്‍ക്കാണ്. ഇസ്ലാമില്‍ സ്ത്രീയെന്നാല്‍ അരപ്പുരുഷനാണ്.
മതനിയമ പ്രകാരം ഒരു മുസ്ലിം പുരുഷന് തന്റെ ഭാര്യയെ ഒഴിവാക്കാന്‍ ഒരു കാരണവും വേണ്ട. മുത്തലാഖ് പ്രശ്നത്തില്‍ എത്രയോ മുസ്ലിം സ്ത്രീകളുടെ കണ്ണീരു കണ്ടയാളാണ് ഞാന്‍. മുസ്ലിം പുരുഷന്‍ ഭാര്യയെ ഒഴിവാക്കിയാല്‍ അവനു നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.എന്നാല്‍ ഒരു ഹിന്ദുപുരുഷനാണ് ഇതുപോലെ ചെയ്യുന്നതെങ്കില്‍ അയാള്‍ ജയിലിലാവും.

അതുപോലെ തന്നെ സ്വത്തവകാശം. പിതാവിന്റെ സ്വത്തുക്കള്‍ പെണ്‍മക്കള്‍ക്ക് പകുതിയാണ് ഇസ്ലാമില്‍ കിട്ടുക. പിതാവിന്റെ ബാപ്പ ജീവിച്ചിരിക്കെ, പിതാവ് മരിച്ചുപോയാല്‍ ഒന്നും കിട്ടില്ല. അതായത് ഇസ്ലാമിക നിയമങ്ങള്‍ തന്നെയാണ് അനാഥരെ സൃഷ്ടിക്കുന്നത്. ഈ സമുദായത്തില്‍ മാത്രം ഇത്രയും യത്തീംഖാനകള്‍ തുടങ്ങണ്ടേി വരുന്നതും അതുകൊണ്ടാണ്. ഈ അവസ്ഥക്കെല്ലാം മാറ്റം വരുത്താന്‍ എക സവില്‍ കോഡിന് കഴിയും. സമ്പത്തും കഴിവും ആരോഗ്യവുമുള്ളവര്‍ മാത്രം ഹജ്ജിനു പോയാല്‍ മതി. അല്ലാത്തവര്‍ പോകേണ്ടതില്ല. ഈ ഘട്ടത്തിലാണ് 170 കോടിയോളം വരുന്ന ഹജ്ജ് സബ്‌സിഡി തുക, സാധാരണ ആളുകള്‍ക്ക് വേണ്ടി, അവരുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ചിലവഴിക്കാം എന്ന തീരുമാനം മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതും ഗുണകരമാണ്- ജാമിദ ടീച്ചര്‍ ചൂണ്ടിക്കാട്ടി.

തന്റെ നിലപാട് എക്കാലവും പ്രശ്നാധിഷ്ഠിതമായിരുന്നെന്നും ജാമിദ ടീച്ചര്‍ വ്യക്തമാക്കി. മുമ്പ് അതിവേഗം ബഹുദൂരം പദ്ധതിയുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയപ്പോള്‍, ഞാന്‍ അദ്ദേഹത്തിന് പിന്തുണ കൊടുത്തിരുന്നു. അതുപോലെ ശബരിമല വിഷയത്തിലും, പ്രളയം നേരിട്ടതിലും പിണറായി വിജയന് പരസ്യ പിന്തുണയാണ് കൊടുത്ത്. മുസ്ലീം പള്ളികളിലും, ശബരിമലയിലും മാത്രമല്ല പുരുഷന്‍ പോകുന്ന എവിടെയും സ്ത്രീക്കും പോകാന്‍ അനുമതിവേണമെന്നാണ് എന്റെ നിലപാട്. ശബരിമലയില്‍പോയ കനകദുര്‍ഗക്കും ബിന്ദു അമ്മിണിക്കുമെല്ലാം ഞാന്‍ പിന്തുണ കൊടുത്തതും അവരെ കാണാന്‍ ശ്രമിച്ചതുമാണ് – ടീച്ചര്‍ വ്യക്തമാക്കി.

ഒരു യുക്തിവാദിക്ക് ഒരിക്കലും ചേരാന്‍ പറ്റാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. ന്യൂനപക്ഷ പ്രീണനമാണ് ഇടതുപാര്‍ട്ടികളുടെ അടിസ്ഥാന രീതി. നാലുവോട്ടിനുവേണ്ടി ഇസ്ലാമിക തീവ്രവാദികളെപ്പോലും വളര്‍ത്തുന്ന രീതിയാണ് അവര്‍ സ്വീകരിക്കാറ്. മുത്തലാഖ് ബില്ലിന്റെ കാര്യം തന്നെ ഉദാഹരണം. ലീഗിന്റെ കൂടെയാണ് അവര്‍ നിന്നത്. അഖിലയുടെ പിതാവ് അശോകന്‍ ഒരു സിപിഎം പ്രവര്‍ത്തകനായിരുന്നെന്ന് ഓര്‍ക്കണം. മറുഭാഗത്ത് മതംവരുമ്പോള്‍ സിപിഎം സ്വന്തം പ്രവര്‍ത്തകരെയും കൈവിടും. സമാനമായ സ്ഥിതിയാണ് കോണ്‍ഗ്രസിലും.

ഇസ്ലാം വിട്ടതിനെ തുടര്‍ന്ന് തനിക്കുനേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായതായും ജാമിദ ടീച്ചര്‍ വെളിപ്പെടുത്തി. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന എന്നെ ടിപ്പറിടിച്ചു കൊല്ലാന്‍ ശ്രമിച്ചു. പല തവണ വീട് ആക്രമിച്ചു. ’13 മക്കളുള്ള കുടംബത്തിലാണ് ഞാന്‍ ജനിച്ചത്. ഇപ്പോഴും ഞാന്‍ കാരണം എന്റെ സഹോദരങ്ങളെ ഊരുവിലക്കുന്നുണ്ട്. പല കല്യാണ വീടുകളില്‍നിന്നും എന്റെ സഹോദരങ്ങള്‍ കണ്ണീരോടെ മടങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. രണ്ട് സഹോദരന്‍മ്മാരുടെ മക്കളുടെയും കല്യാണത്തിന് മഹല്ല് കമ്മറ്റി മുന്നോട്ടുവെച്ച നിബന്ധന ഞാന്‍ ആ ചടങ്ങില്‍ പങ്കെടുക്കരുതെന്നായിരുന്നു.തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കങ്ങള്‍ ഇപ്പോഴും ഇസ്ലാമിസ്റ്റുകള്‍ നടത്തുന്നുണ്ട്. താന്‍ ഒരു ടീച്ചറല്ലെന്നും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലെന്നും പ്രചരിപ്പിക്കുന്നു. . ജാമിദ ടീച്ചര്‍ വ്യക്താമാക്കി

കൊപ്പേ ( കൊതിപ്പിക്കല്‍ പേടിപ്പിക്കല്‍ )- 2019 എന്ന് പേരിട്ട സെമിനാറില്‍ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരാണ് പ്രഭാഷണം നടത്തിയത്. ‘ഫാസ്റ്റിസം’ ( ഫാസിസം പ്ലസ് സ്റ്റാലിനിസം) എന്ന തലക്കെട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍, കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാള്‍ ഭീകരമാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിഷ്്ക്കരുണും ആളുകളെ കൊന്നൊടുക്കാന്‍ സ്റ്റാലിന് പ്രേരണയായത് ലെനിന്റെ നിര്‍ദേശങ്ങള്‍ തന്നെയാണെന്നും ഇതിന്റെ അടിസ്ഥാനം മാര്‍ക്സിന്റെ ആശയങ്ങള്‍ ആണെന്നും അദ്ദേഹം വ്യക്താമാക്കി. ഉള്ളവന്‍ ഇല്ലാത്തവന്‍ എന്ന രീതിയില്‍ സമൂഹത്തെ ഭിന്നിപ്പിച്ച്, ബലപ്രയോഗത്തിലൂടെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം നടപ്പാക്കണമെന്ന അശാസ്ത്രീയമായ ആശയമാണ് മാര്‍ക്വിസം മുന്നോട്ടുവെക്കുന്നത്. – സി രവിചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മനൂജാ മൈത്രി, കൃഷ്ണപ്രസാദ്, പിഎം അയൂബ്, നാസര്‍ മാവൂരാന്‍, പ്രസാദ് വേങ്ങര എന്നിവരും വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

Sharing is caring!