മലപ്പുറം ജില്ലാപോലീസ് മേധാവി ഇനി മലപ്പുറത്തുകാരന്‍ തന്നെ

മലപ്പുറം ജില്ലാപോലീസ് മേധാവി  ഇനി മലപ്പുറത്തുകാരന്‍ തന്നെ

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയായി മലപ്പുറം സ്വദേശി യു അബ്ദുള്‍ കരീം ശനിയാഴ്ച രാത്രി എട്ടോടെ ചുമതലയേറ്റു. നിലവില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന ടി നാരായണനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചതോടെയാണ് എംഎസ്പി കമാന്‍ഡന്റ്, കെഎപി നാലാം ബറ്റാലിയന്റെ കമാന്‍ഡന്റ് എന്നിവയുടെ ചുമതല വഹിച്ചിരുന്ന അബ്ദുള്‍ കരീമിനെ ജില്ലാ പൊലീസ് മേധാവിയാക്കി നിശ്ചയിച്ചത്. നേരത്തെയുള്ള ചുമതലകള്‍ തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്പിയായിരുന്ന അബ്ദുള്‍കരീം കഴിഞ്ഞ മാസമാണ് എംഎസ്പി കമാന്‍ഡന്റായി മലപ്പുറത്തെത്തുന്നത്.
അങ്ങാടിപ്പുറം ചാത്തോലിക്കുണ്ട് സ്വദേശിയാണ്. 1987-ല്‍ തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായാണ് തുടക്കം. തിരൂര്‍ ഡിവൈഎസ്പിയായും ഡിസിആര്‍ബി, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ചുമതലകളും നിര്‍വഹിച്ചു. ഏഴുവര്‍ഷത്തോളം ഹജ്ജ് സെല്‍ ഓഫീസറായും കഴിഞ്ഞ വര്‍ഷം ഹജ്ജ് സ്‌പെഷല്‍ ഓഫീസറായും സേവനമനുഷ്ടിച്ചു. ഏഴുവര്‍ഷം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാമ്പ് കമാന്‍ഡന്റായും പ്രവര്‍ത്തിച്ചു. 2009-ല്‍ രാഷ്ട്രപതിയുടെയും 2011-ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും കരസ്ഥമാക്കി. നസീമയാണ് ഭാര്യ. മക്കള്‍: ഷിബില, ഷിനില്‍, സനീത്.

മലപ്പുറം സ്വദേശിയായതിന്റെ പരിചയം ജില്ലയുടെ സമാധാനത്തിനും
വികസനത്തിനുമായി പ്രയോജനപ്പെടുത്തുമെന്ന് അബ്ദുള്‍ കരീം.

പൊലീസ് സേനയിലെ നാളിതുവരെയുള്ള അനുഭവസമ്പത്തും മലപ്പുറം സ്വദേശിയായതിന്റെ പരിചയവും ജില്ലയുടെ സമാധാനത്തിനും വികസനത്തിനുമായി പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം.
വിവിധ കാലയളവുകളിലായി 13 വര്‍ഷത്തോളം വിവിധ പൊലീസ് സ്‌റ്റേഷനുകളിലും ഉയര്‍ന്ന പൊലീസ് പദവികളിലും ജോലിചെയ്തിട്ടുണ്ട്.
മവോയിസ്റ്റ് സാന്നിധ്യമുള്ള മലയോര മേഖലയില്‍ പൊലീസിന്റെ നിയന്ത്രണത്തില്‍ വിവിധ സ്‌ക്വാഡുകള്‍ സജീവമാണ്. മാവോയിസ്റ്റ് ആശയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരും. ജില്ലയില്‍ ലഹരിമാഫിയ പിടിമുറുക്കിയിരിക്കുകയാണ്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!