മഴ വന്നാല്‍ അഭയം അയല്‍ വീടുകളില്‍, തകര്‍ന്ന വീടിനുള്ളില്‍ ഭീതിയോടെ ലീലയും മകനും

മഴ വന്നാല്‍ അഭയം  അയല്‍ വീടുകളില്‍,  തകര്‍ന്ന വീടിനുള്ളില്‍  ഭീതിയോടെ ലീലയും മകനും

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ വേങ്ങാപ്പരതയിലെ മംഗലക്കോടന്‍ ലീലയും മകനുമാണ് മഴ വന്നാല്‍ അയല്‍വാസികളുടെ കാരുണ്യത്തില്‍ തള്ളിനീക്കുന്നത്. പൊളിച്ചുമാറ്റി പുതിയ വീട് നിര്‍മിച്ചില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയായ നിലയിലാണ് ഇവരുടെ വീട്. ലീലയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനുമാണ് 17 കൊല്ലം മുമ്പ് നിര്‍മിച്ച വീട്ടില്‍ താമസിക്കുന്നത്. പഴക്കം കാരണം ചുമര്‍ വീണ്ടുകീറിയിട്ടുണ്ട്. ഓടിട്ട വീടിന്റ പട്ടികകള്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. മഴ പെയ്താല്‍ മഴവെള്ളം പൂര്‍ണമായി വീടിനകത്താണ്. പട്ടികജാതി കുടുംബത്തില്‍പ്പെട്ട വിധവയായ ലീലക്ക് പുതിയ വീടിന് വീടിനര്‍ഹതയില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് മെമ്പര്‍ തന്നെ അവഗണിക്കുകയാണന്ന് ലീല പറയുന്നു. കൂലി പണി ചെയ്ത് ജീവിത മാര്‍ഗം കണ്ടെത്തുന്ന ലീലക്ക് വാടക വീട്ടിലേക്ക് മാറാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. രാഷ്ര്ടീയ വിരോധത്തിന്റെ പേരില്‍ പട്ടികജാതി കുടുംബത്തിന് നീതി നിഷേധിച്ച പഞ്ചായത്തംഗത്തിന്റെ നിലപാടിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കേമ്പില്‍ രവി പറഞ്ഞു. ലീലയുടെ വീടു സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭാരവാഹികളായ ഇ.കെ ഹംസ, മമ്മുണ്ണി ചൊള്ളപ്ര, അമീര്‍ വള്ളിക്കാടന്‍, നിഷാദ് പൊട്ടേങ്ങല്‍, സലാം തോട്ടക്കര, രത്‌ന, ഗോപി, പി.ടി. ലത്തീഫ് എന്നിവരടങ്ങുന്ന സംഘമാണ് ലീലയുടെ വീട് സന്ദര്‍ശിച്ചത്.

Sharing is caring!