മലപ്പുറം കളക്ടറെ തള്ളി അന്‍വറിനെ തുണച്ച് സര്‍ക്കാര്‍, തടയണപൊളിച്ചതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മലപ്പുറം:ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാന്‍ 10 ദിവസം കൂടുതല്‍ സമയം ചോദിച്ചുള്ള മലപ്പുറം കളക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കാതെ തടയണപൊളിക്കല്‍ പൂര്‍ത്തിയാക്കി അപകടം ഒഴിവാക്കിയെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാടുമാറ്റം. തടയണപൊളിക്കല്‍ പൂര്‍ത്തിയായില്ലെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് എതിര്‍പ്പറിയിച്ചതോടെ തടയണപൊളിച്ചതിന്റെ വിശദ റിപ്പോര്‍ട്ട് ചൊവ്വാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, എ.കെ ജയശങ്കരന്‍നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
കേസ് പരിഗണിച്ചപ്പോള്‍ വാട്ടര്‍തീം പാര്‍ക്കിലെ വെള്ളം ഒഴിവാക്കിയെന്നായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ പറഞ്ഞത്. വാട്ടര്‍തീം പാര്‍ക്കല്ല തടയണയുടെ കേസാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് തടയണപൊളിച്ച് വെള്ളം തുറന്നുവിട്ടെന്നും അപകടം ഒഴിവാക്കിയെന്നും സ്റ്റേറ്റ് അറ്റോര്‍ണി നിലപാടറിയിച്ചത്. തടയണപൂര്‍ണ്ണമായും പൊളിച്ചിട്ടില്ലെന്നും കോടതി പറഞ്ഞ ആറു മീറ്ററിനു പകരം നാലു മീറ്റര്‍ മാത്രമേ അടിത്തട്ടിലെ മണ്ണുമാറ്റിയുള്ളൂവെന്നും പരാതിക്കാരന്റെ അഭിഭാഷകന് വാദിച്ചു. തടയണപൊളിച്ചതിന്റെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടെങ്കിലും സ്റ്റേറ്റ് അറ്റോര്‍ണി മൗനം പാലിക്കുകയായിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ചക്കകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
തടയണപൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കളക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ മാസം 14ന് ഉത്തരവിട്ടത്. തടയണപൊളിച്ച് ജില്ലാ കളക്ടര്‍ രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഗദ്ഗസമിതിയുടെ നേതൃത്വത്തില്‍ കളക്ടര്‍ തടയണപൊളിക്കാനുള്ള പ്രവൃത്തിക്ക് 21ന് തുടക്കം കുറിച്ചിരുന്നു.
അടിത്തട്ടില്‍ ആറു മീറ്ററിലും ജലനിരപ്പില്‍ 12 മീറ്ററും മുകളില്‍ 25 മീറ്ററും വ്യാസത്തില്‍ തടയണപൊളിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അടിത്തട്ടില്‍ നാലു മീറ്ററായി വെള്ളം തുറന്നുവിടാന്‍ തുടങ്ങിയതോടെ ഹൈക്കോടതി അനുവദിച്ച പതിനഞ്ചു ദിവസത്തെ സമയപരിധി അവസാനിച്ചു. ഇതോടെ 10ദിവസം കൂടുതല്‍ സമയമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക്ക് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേറ്റ് അറ്റോര്‍ണിയുടെ ഓഫീസില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചില്ല.
തടയണപൊളിക്കാന്‍ ആരംഭിച്ച 21ന് തന്നെ ദൗത്യത്തിന് നേതൃത്വം നല്കിയ ഏറനാട് തഹസില്‍ദാര്‍ സി. ശുഭനെ സ്ഥലം മാറ്റി തടയണപൊളിക്കുന്നത് അട്ടിമറിക്കാന്‍ നീക്കമുണ്ടായിരുന്നു. പരാതി ഉയര്‍ന്നതോടെ തഹസില്‍ദാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചെങ്കിലും കേസ് പരിഗണിച്ച ഇന്നലെ സ്ഥലംമാറ്റം നടപ്പാക്കി.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ 26ന് പി.വി അന്‍വര്‍ എം.എല്‍.എ തടയണപൊളിക്കുന്ന സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ വിരട്ടിയതും വിവാദമായിരുന്നു. തടയണപൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞ അന്‍വര്‍ ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന ഭീഷണിയും മുഴക്കി. നിലവില്‍ പൊളിക്കുന്ന ഭാഗത്തുനിന്നല്ല മണ്ണ് നീക്കേണ്ടിയിരുന്നതെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് തടയണപൊളിക്കുന്നതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു മലപ്പുറം ജില്ലാ കളക്ടറും റവന്യൂ ദൗത്യ സംഘവും.
ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ്് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. സ്റ്റേ നീക്കാന്‍ അന്നത്തെ മലപ്പുറം കളക്ടര്‍ അമിത് മീണ നല്കിയ റിപ്പോര്‍ട്ട് ആറു മാസമാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദിന്റെ ഓഫീസില്‍ പൂഴ്ത്തിയത്.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര് മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്കാന് എം.എല്‍.എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേരുകയായിരുന്നു. ഇതോടെയാണ് തടയണപൊളിച്ച് വെള്ളം തുറന്നുവിടാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
റവന്യൂ മന്ത്രി ഇടപെട്ടതോടെ കേസിന്റെ ചുമതല അഡ്വക്കറ്റ് ജനറലിനു പകരം സ്റ്റേറ്റ് അറ്റോര്‍ണിക്കു കൈമാറുകയായിരുന്നു.
കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ലംഘിച്ച് ഒരു അനുമതിയും നേടാതെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നിയമവിരുദ്ധമായാണ് വനത്തില്‍ നിന്നും ഉല്‍ഭവിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ തടയണകെട്ടിയതെന്ന് വിദഗ്ദസമിതി കണ്ടെത്തിയിരുന്നു. മണ്‍സൂണ്‍ മഴക്കുമുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് വിദഗ്ദസമിതി ഹൈക്കോടതിയില്‍ റിപ്പോര്‍്ട്ടും സമര്‍പ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്ഠേന നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തടയണപൂര്ണമായും പൊളിച്ചു നീക്കണമെന്നു നിലപാടെടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ തടയണപൊളിക്കുന്നത് പൂര്‍ത്തിയാകും മുമ്പു തന്നെ തടയണപൊളിച്ച് അപകടം ഒഴിവാക്കിയെന്ന് നിലപാട് മാറ്റിയത്.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]