സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ ശനിയാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഹജ്ജ്  ക്യാമ്പ് കരിപ്പൂരില്‍  ശനിയാഴ്ച്ച മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ് ക്യാമ്പ് ആറിന് വൈകീട്ട് 4.30 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് ഹൗസിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഹജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തും. എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എളമരം കരീം, എം.കെ.രാഘവന്‍, പി.വി.അബ്ദുല്‍ വഹാബ്, എം.എല്‍.എ മാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്‌സിന്‍, പി.ടി.എ. റഹീം, മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, പാലോളി മുഹമ്മദ് കുട്ടി, മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി.ഷീബ, വിവിധ മത, രാഷ്ര്ടീയ, സാമൂഹിക, സേവന മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
ക്യാമ്പിലെ ഹജജ് സെല്ലിന് നാളെ തുടക്കമാവും(ജൂലൈ 5). സര്‍ക്കാര്‍ നിയോഗിച്ച 55 ഹജ്ജ് സെല്‍ അംഗങ്ങള്‍ നാളെ ചുമതലയേല്‍ക്കും. ഡി. വൈ.എസ്.പി. എസ്.നജീബാണ് ഹജ്ജ് സെല്‍ ഓഫീസര്‍. ഹാജിമാരെ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഇന്നത്തോടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവും. ഹജ്ജ് സെല്ലിന്റെ ട്രയല്‍ റണ്‍ നാളെ നടക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിയുടെ മേല്‍നോട്ടത്തില്‍ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.
കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് ഉച്ചയ്ക്ക് 2.25 ന് പുറപ്പെടും. 300 പേരാണ് ആദ്യ വിമാനത്തില്‍ യാത്രയാവുക. ഹജ്ജ് വളണ്ടിയര്‍മാരായ എന്‍.പി. സൈതലവി, മുജീബ് റഹ്മാന്‍ പുഞ്ചിരി എന്നിവര്‍ ആദ്യ വിമനത്തില്‍ ഹജ്ജാജിമാരെ അനുഗമിക്കും. ഏഴ് മുതല്‍ 20 വരെ സൗദി എയര്‍ ലൈന്‍സിന്റെ 36 വിമാനങ്ങളിലായാണ് ഹാജിമാര്‍ യാത്രയാകുന്നത്. കൊച്ചിയില്‍ നിന്നും ജൂലൈ 14 മുതല്‍ 17 വരെ എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്.
ഹാജിമാര്‍ അവരുടെ വിമാനം പുറപ്പെടുന്ന തിയ്യതിയുടെ തലേ ദിവസമാണ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ആറിന് ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഏഴിന് ആദ്യ വിമാനത്തില്‍ പോവേണ്ട ഹജ്ജാജിമാര്‍ രാവിലെ ഒമ്പതിനും 11 നും ഇടയില്‍ ഹജ്ജ് ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏഴിന് രണ്ടാമത്തെ വിമാനത്തില്‍ പോവേണ്ടവര്‍ ആറിന് രാവിലെ 11 നും ഉച്ചക്ക്് ഒരു മണിക്കുമിടയിലായി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.

Sharing is caring!