അവസാനം അന്‍വറിന്റെ അനധികൃത തടയണയിലെ വെള്ളം തുറത്തേക്ക് ഒഴുക്കിത്തുടങ്ങി

അവസാനം അന്‍വറിന്റെ  അനധികൃത തടയണയിലെ  വെള്ളം തുറത്തേക്ക്  ഒഴുക്കിത്തുടങ്ങി

മലപ്പുറം: അവസാനം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുുള്ള അനധികൃത തടയണപൊളിക്കല്‍ ജോലി ഫലവത്തായി, ഇന്നു വൈകുന്നേരത്തോടെ തടയണയുടെ ഒരു വശം പൂര്‍ണമായി പൊളിച്ചതോടെ വെള്ളം പുറത്തേക്കുപോയിത്തുടങ്ങി, മലയിടിച്ച് നിയമംലംഘിച്ച് കാട്ടരുവിക്കു കുറുകെ പണിത ചീങ്കണ്ണിപ്പാലിയിലെ തടയണയുടെ ഒരു വശം പൊളിച്ചാണ് വെള്ളം തുറന്നുവിട്ടു തുടങ്ങിയത്, പത്തുദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് വെള്ളം തുറന്നുവിട്ടത്. അതേ സമയം നാളെ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ വെള്ളം പൂര്‍ണമായും തുറന്നുവിട്ട് സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുന്നതിന് കളക്ടര്‍ 10 ദിവസത്തെ സാവകാശംകൂടി തേടുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ അടിത്തട്ടില്‍ നാലു മീറ്ററും മുകളില്‍ 25 മീറ്ററും വീതിയിലാണ് തടയണപൊളിച്ചത്. അടിത്തട്ടില്‍ ആറുമീറ്റര്‍ തുറക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. തടയണ തുറന്നഭാഗത്തെ ചെളി നീക്കിയ ശേഷം ആറു മീറ്റര്‍ വ്യാസത്തില്‍ തുറക്കാനാണ് തീരുമാനം. ദൗത്യം ഇന്നും തുടരും.
തടയണപൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കലക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാന്‍ ഹൈക്കോടതി 14ന് ഉത്തരവിട്ടത്.
തടയണപൊളിക്കാന്‍ ആരംഭിച്ച 21ന് തന്നെ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഏറനാട് തഹസില്‍ദാര്‍ സി. ശുഭനെ സ്ഥലം മാറ്റി തടയണപൊളിക്കുന്നത് അട്ടിമറിക്കാന്‍ നീക്കമുണ്ടായി. പരാതി ഉയര്‍ന്നതോടെ തഹസില്‍ദാരുടെ സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ 26ന് പി.വി അന്‍വര്‍ എം.എല്‍.എ തടയണപൊളിക്കുന്ന സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ വിരട്ടിയതും വിവാദമായിരുന്നു.
തടയണപൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞ അന്‍വര്‍ ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന ഭീഷണിയും മുഴക്കി. നിലവില്‍ പൊളിക്കുന്ന ഭാഗത്തുനിന്നല്ല മണ്ണ് നീക്കേണ്ടിയിരുന്നതെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് തടയണപൊളിക്കുന്നതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു മലപ്പുറം ജില്ലാ കളക്ടറും റവന്യൂ ദൗത്യ സംഘവും.

ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ്് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേരുകയായിരുന്നു. ഇതോടെയാണ്
തടയണപൊളിച്ച് വെള്ളം തുറന്നുവിടാന്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ലംഘിച്ച് ഒരു അനുമതിയും നേടാതെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നിയമവിരുദ്ധമായാണ് വനത്തില്‍ നിന്നും ഉല്‍ഭവിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ തടയണകെട്ടിയതെന്ന് വിദഗ്ദസമിതി കണ്ടെത്തിയിരുന്നു. മണ്‍സൂണ്‍ മഴക്കുമുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് വിദഗ്ദസമിതി ഹൈക്കോടതിയില്‍ റിപ്പോര്‍്ട്ടും സമര്‍പ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്ഠേന നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Sharing is caring!