മലപ്പുറത്തെ പുതിയ കലക്ടര്‍ ആള് സൂപ്പറാണ്…

മലപ്പുറത്തെ പുതിയ  കലക്ടര്‍ ആള് സൂപ്പറാണ്…

മലപ്പുറം: മലപ്പുറം ജില്ലയില്‍ പുതുതായി ചുമതലയേറ്റെടുത്ത കലക്ടര്‍ ജാഫര്‍ മാലികിന്റെ നേതൃത്വത്തില്‍ മികച്ച പദ്ധതികള്‍ വരുന്നു. എല്ലാമേഖലയിലും ജില്ലമുന്നേറുന്നതിനായുള്ള പദ്ധതികളാണ് ജാഫര്‍ മാലികിന്റെ നേതൃത്വത്തില്‍ ആസൂത്രം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ മാതൃകാ നടപടികളുമായി ജില്ലഭരണകൂടം രംഗത്തിറങ്ങി. ജില്ല കലക്ടര്‍ ജാഫര്‍ മാലികിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. പരിപാടിക്ക് ഉദ്യോഗസ്ഥരുടെ മുഴുവന്‍ സഹകരണവും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങളോട് മാന്യമായ പെരുമാറുന്നുവെന്ന് ഉറപ്പാക്കാനും ഫയലുകളില്‍ പെട്ടെന്ന് തീരുമാനം എടുക്കാനും കലക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
ആദ്യ പടിയായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിജ്ഞയെടുത്തു. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതവും അഴിമതി രഹിതവും കുറ്റമറ്റതുമായി നല്‍കുമെന്നതായിരിന്നു പ്രതിജ്ഞയുടെ ഉള്ളടക്കം. വിവിധ ഓഫീസുകളിലായി 32000 പേരാണ് ഒരേ സമയം പ്രതിജ്ഞ ചെയ്തത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ഡോ. ജെ.ഒ അരുണ്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.

മികച്ച ജീവനക്കാര്‍ക്ക് അവാര്‍ഡ് ;
എംപ്ലോയി ഓഫ് ദ മന്ത് പുരസ്‌കാരം

മികച്ച സേവനം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ മാസവും അവാര്‍ഡ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് പരിസരത്ത് പ്രതിജ്ഞയെടുത്ത ശേഷം ജീവനക്കാരോട് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. പൊതുജനങ്ങളില്‍ അഭിപ്രായം ആരാഞ്ഞതിന് ശേഷമായിരിക്കും അവാര്‍ഡ് നല്‍കുക. മാന്യമായ പെരുമാറ്റം, ഫയലുകളിലെ നടപടി തുടങ്ങിയവയെല്ലാം പരിശോധിച്ചായിരിക്കും അവാര്‍ഡ് നല്‍കുക. ഓരോ മാസവും കൂടുതല്‍ മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥന് എംപ്ലോയി ഓഫ് ദ മന്ത് പുരസ്‌കാരം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.

ഫയല്‍ അദാലത്തും
എല്ലാ മാസവും അവലോകനവും

ഫയല്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ പ്രത്യേക യോഗം ജില്ലാ കല്ടര്‍ വിളിച്ചു ചേര്‍ത്തു. ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും പഞ്ചായത്ത് ഡപ്യുട്ടി ഡയരക്ടറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ മാസത്തിലൊരിക്കലെങ്കിലും വിഷയങ്ങള്‍ സംബന്ധിച്ച് ജില്ലാ തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ ഫയലുകളും അദാലത്ത് നടത്തി നടപടി സ്വീകരിക്കണം. പരിഗണിക്കാന്‍ കഴിയാത്ത അപേക്ഷകളില്‍ നിയമവശം അപേക്ഷകര്‍ക്ക് മനസ്സിലാക്കി നല്‍കണം. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമയപരിധിക്കകം നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു. ഫയലുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറണം.

വിഷയങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിന് എക്‌സ്‌പേര്‍ട് ഗ്രൂപ്പ്

പഞ്ചായത്തുകളുമായി ബന്ധപ്പെട്ട പല പദ്ധതികളും കൃത്യമായ അറിവ് ഇല്ലാത്തതിനാല്‍ നിലക്കുന്ന സഹചര്യമുണ്ട്. ഇത്തരം സഹചര്യങ്ങളില്‍ ജില്ലാ തലത്തില്‍ ഇതു സംബന്ധിച്ച് നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വ്യക്തത യുണ്ടാക്കുന്നതിനുമായി എക്‌സ്‌പേര്‍ട് ഗ്രൂപ്പ് രൂപീകരിക്കും. നിലവില്‍ ഒരേ നിയമം പല പഞ്ചായത്തുകളിലും വ്യത്യസ്ത രൂപത്തിലാണ് നടപ്പാക്കുന്നത്. ഇവ ഒഴിവാക്കുന്നതിനാണ് ജില്ല തലത്തില്‍ ചര്‍ച്ച ചെയ്ത് പൊതു അഭിപ്രായം ഉണ്ടാക്കുന്നത്. എല്ലാ വകുപ്പുകളുടെയും ജില്ലാ തല ഉദ്യോഗസ്ഥരും വിദഗ്ദരും ചേര്‍ന്നതായിരിക്കും എക്‌സപേര്‍ട്ട് ഗ്രൂപ്പ്.
തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. ഫ്രണ്ട് ഓഫീസുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഫയലുകളിലെ നടപടിക്രമങ്ങളെ കുറിച്ചും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളെ കുറിച്ചും വ്യക്തമായ അവബോധമുണ്ടായിരിക്കണം. ഓഫീസുകളില്‍ നിന്ന് ആരെങ്കിലും പുറത്ത് പോകുന്നുണ്ടെങ്കിലോ അവധിയെടുക്കുന്നുണ്ടെങ്കിലോ ഇതു സംബന്ധിച്ച് കൃത്യമായ വിവരം ഫ്രണ്ട് ഓഫീസില്‍ നിന്ന് അറിയണം. ഫ്രണ്ട് ഓഫിസ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. പൊതുജനങ്ങളുടെ സംശയങ്ങള്‍ നല്ല സമീപനത്തോടെ അവരെ പറഞ്ഞ് മനസ്സിലാക്കുന്നതിന് പ്രാപ്തിയുള്ളവരുമാണെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

നിയമം പാലിക്കാത്ത
എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടി

തദ്ദേശ സ്ഥാപനങ്ങളില്‍ ബില്‍ഡിങ് പെര്‍മിറ്റിന് വേണ്ടി അംഗീകൃത എഞ്ചിനീയര്‍മാര്‍ നല്‍കുന്ന പ്ലാനുകളില്‍ പലപ്പോഴും നിയമം പാലിച്ചല്ലെന്ന് സെക്രട്ടറിമാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ തെറ്റായ പ്ലാന്‍ സമര്‍പ്പിക്കുന്ന എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ,് സെക്രട്ടറി തുടങ്ങിയവര്‍ സമവായത്തിലൂടെ പ്രവര്‍ത്തിക്കാത്തതു കൊണ്ട് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന സഹചര്യം ഉണ്ടാകരുത്. പ്രസിഡന്റുമാരെ പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തായരിക്കണം പഞ്ചായത്തിന്റ എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഇക്കാര്യത്തില്‍ സെക്രട്ടറിമാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം.

Sharing is caring!