കേരളത്തില്‍നിന്ന് സൗദിയിലേക്കുള്ള വിമാനയാത്ര ഇനി അരമണിക്കൂര്‍ വൈകും

കേരളത്തില്‍നിന്ന്  സൗദിയിലേക്കുള്ള വിമാനയാത്ര ഇനി അരമണിക്കൂര്‍ വൈകും

മലപ്പുറം: ഒമാന്‍ ഉള്‍ക്കടലിനു സമീപം ഹോര്‍മുസ് കടലിടുക്കിനു മുകളില്‍ ഇറാന്റെ വ്യോമമേഖലയിലൂടെയുള്ള പറക്കല്‍ നിര്‍ത്തിവച്ചതോടെ കേരളത്തില്‍നിന്നു സൗദിയിലേക്കു വിമാനയാത്ര അരമണിക്കൂര്‍ ദൈര്‍ഘ്യമേറിയതായി. യാത്രാനിരക്കിലും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സമുദ്രത്തിനു മുകളില്‍ ഇറാന്‍ വ്യോമമേഖല ഒഴിവാക്കാനായി 200 മൈല്‍ അധികം സഞ്ചരിക്കേണ്ടിവരുന്നതായി എയര്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബോയിങ് 737-ന് ഒരു ടണ്‍ ഇന്ധമാണ് അധികമായി ഉപയോഗിക്കുന്നത്. കേരളത്തില്‍നിന്ന് റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ്. ഇതുവരെ നിരക്ക് ഉയര്‍ത്തിയിട്ടില്ല. അധികചെലവ് കമ്പനി തന്നെ വഹിക്കുകയാണ്. എന്നാല്‍ ഇറാന്‍ വ്യോമമേഖല ഒഴിവാക്കുന്ന നടപടി നീണ്ടുപോയാല്‍ വിമാനനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 22 മുതലാണ് ഇറാന്‍ വ്യോമമേഖല ഒഴിവാക്കി പറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഹോര്‍മുസ് കടലിടുക്കിനു സമീപം അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചുവീഴ്ത്തിയതിനെ തുടര്‍ന്ന ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലായിരുന്നു ഇത്. എയര്‍ഇന്ത്യയുടെ സൗദി, യുഎസ്, യൂറോപ്പ് സര്‍വീസുകളെയും ഇന്‍ഡിഗോയുടെ ദോഹ-ഇസ്താംബുള്‍-ദോഹ സര്‍വീസിനെയും ഇതു ബാധിച്ചു. ഫെബ്രുവരി 27 മുതല്‍ പാക്ക് വ്യോമമേഖല അടച്ചിരിക്കുകയാണ്.

Sharing is caring!