മലപ്പുറം ജില്ലക്കാര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മൊബൈല്‍ ആപ്പ്

മലപ്പുറം ജില്ലക്കാര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മൊബൈല്‍ ആപ്പ്

മലപ്പുറം: പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാനും ഓഫീസുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുമായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ് കോംപിറ്റെന്റ് സെന്ററാണ് എന്റെ ജില്ല എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജില്ലയുടെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ആപ്പ്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥലം കണ്ടെത്തുന്നതിനും ഈമെയിലിലും ഫോണിലും ബന്ധപ്പെടുന്നതിനും ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്. വിവിധ ജില്ലാ ഓഫീസുകള്‍, ജില്ലയിലെ റവന്യൂ, പഞ്ചായത്ത്, മൃഗസംരക്ഷണം, വ്യവസായം, എംപ്ലോയ്‌മെന്റ്, ആരോഗ്യം, ഗതാഗതം, ഫോറസ്റ്റ്, എക്‌സൈസ്, പൊലീസ്, വൈദ്യുതി, പി.ഡബ്യു.ഡി, ട്രഷറി, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, പ്ലാനിംഗ്, ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസം, ട്രഷറി, ക്ഷീരവികസനം, രജിസ്‌ട്രേഷന്‍, തുടങ്ങി വിവിധ വകുപ്പുകളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങള്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടാണ് ലഭിക്കുക. ജില്ലയില്‍ നടക്കുന്ന പ്രധാനപ്പെട്ട പത്ത് പരിപാടികളുടെ വിവരങ്ങള്‍ ടോപ്പ് 10 ഇവന്റ്‌സ് എന്ന് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. ഗൂഗിള്‍ പ്ലേസേ്റ്റാറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ഡിജിറ്റല്‍ ഇന്ത്യ വാര്‍ഷികാഘോഷം

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷം നടന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാനും ഓഫീസുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുമായി എന്റെ ജില്ല മൊബൈല്‍ ആപ്പ്, ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയുടെ ലോഞ്ചിംഗ്, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളുമായി ജില്ലാ തലത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ബന്ധപ്പെടാനുള്ള സംവിധാനം, ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവയാണ് ആഘോഷത്തിന്റെ നടന്നത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആഘോഷത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ പ്രതീഷ് കുമാര്‍, ഡെപ്യൂട്ട്ി ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. പവനന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി നടത്തി.

Sharing is caring!