മലപ്പുറം നാരോക്കാവിലെ വീട് കുത്തിത്തുറന്ന് ആറ് ലക്ഷം രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണവും മോഷ്ടിച്ചു

മലപ്പുറം നാരോക്കാവിലെ വീട് കുത്തിത്തുറന്ന് ആറ്  ലക്ഷം രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണവും മോഷ്ടിച്ചു

എടക്കര: നാരോക്കാവില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. ആറ് ലക്ഷം രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടു. വഴിക്കടവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാരോക്കാവ് യാച്ചീരി കുഞ്ഞിമുഹമ്മദിന്റെ വീട്ടിലാണ് മോഷണംനടന്നത്. ശനിയാഴ്ച രാത്രി ഏഴിനും പത്തിനും ഇടയില്‍ കുഞ്ഞിമുഹമ്മദും കുടുംബവും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം.
രാത്രി പത്തിന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. അടുക്കള വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയിരിക്കുന്നത്. താഴെയും മുകളിലുമായുള്ള നാല് മുറികളിലാണ് കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ച ആറ് ലക്ഷം രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണവും പേഴ്‌സില്‍ സൂക്ഷിച്ച ചില്ലറത്തുട്ടുകളും മോഷണംപോയതായി വീട്ടുടമ കുഞ്ഞിമുഹമ്മദ് പറഞ്ഞു. വിവരമറിഞ്ഞ് വഴിക്കടവ് എസ്‌ഐ കെ അബ്ബാസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെത്തി അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ഉച്ചയോടെ മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും കെ സതീഷ്ബാബുവിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. പരിശോധന നടത്തിയ പൊലീസ് നായ വീടിനുമുന്നിലൂടെ 200 മീറ്ററോളം ഗന്ധംപിടിച്ച് ഓടി നാരോക്കാവ് -തണ്ണിക്കടവ് റോഡിനുസമീപമാണ് നിന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്‌ഐ കെ അബ്ബാസ് പറഞ്ഞു.

Sharing is caring!