ആഢ്യന്‍പാറയില്‍ ഇപ്പോള്‍ വെള്ളച്ചാട്ടം മാത്രമല്ല ഉദ്യാനവും, ഉല്ലാസപാര്‍ക്കും

ആഢ്യന്‍പാറയില്‍ ഇപ്പോള്‍  വെള്ളച്ചാട്ടം മാത്രമല്ല ഉദ്യാനവും, ഉല്ലാസപാര്‍ക്കും

നിലമ്പൂര്‍: മലയോര ടൂറിസത്തിന് ഉണര്‍വേകാന്‍ ആഢ്യന്‍പാറ ഹൈഡല്‍ ടൂറിസം പദ്ധതി അണിഞ്ഞൊരുങ്ങുന്നു. കെഎസ്ഇബിയുടെ കേരള ഹൈഡല്‍ ടൂറിസം സെന്ററിനുകീഴില്‍ നടപ്പാക്കുന്ന ആഢ്യന്‍പാറ ഹൈഡല്‍ ടൂറിസം പദ്ധതി ( ക്രീം കാസ് കേഡ്)യുടെ ഭാഗമായി ഉദ്യാനം, ഉല്ലാസപാര്‍ക്ക് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
വൈദ്യുത മന്ത്രി ആയിരിക്കെ ആര്യാടന്‍ മുഹമ്മദ് പാതിവഴിയില്‍ ഉപേക്ഷിച്ച പദ്ധതിക്കാണ് ഇപ്പോള്‍ ജീവന്‍വച്ചത്. ടിക്കറ്റ് കൗണ്ടറിന്റെയും വാച്ച് ടവറിന്റെയും നിര്‍മാണം തീരാത്തതും വിനോദസഞ്ചാരികള്‍ക്കുള്ള വാഹനങ്ങള്‍ എത്താത്തതുമാണ് പദ്ധതി ആരംഭിക്കാന്‍ തടസ്സമായിരുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അതിവേഗമാണ് പദ്ധതി മുന്നോട്ടുപോകുന്നത്. കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. മൂന്നേകാല്‍ കോടി രൂപ ചെലവിലാണ് ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ആഢ്യന്‍പാറയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വൈദ്യുതി ഉല്‍പ്പാദന ഘട്ടങ്ങള്‍ നേരില്‍ കാണുന്നതിനവസരം ഒരുക്കുന്നതാണ് ഹൈഡല്‍ ടൂറിസം പദ്ധതി. 14 പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ ഡിസൈന്‍ചെയ്ത ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബഗ്ഗിയില്‍ സഞ്ചരിച്ചാണ് പദ്ധതി പ്രദേശം ചുറ്റിക്കാണാനാവുക.
പവര്‍ഹൗസ് പരിസരത്തുനിന്ന് മായിന്‍ പള്ളിയിലേക്കും അവിടെനിന്ന് മുകളിലേക്ക് രണ്ടരകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറുമീറ്റര്‍ വീതിയില്‍ സഞ്ചാരികള്‍ക്ക് യാത്രചെയ്യാന്‍ റോഡൊരുക്കിയിട്ടുണ്ട്. ആഢ്യന്‍പാറ മിനി ജലവൈദ്യുതി പദ്ധതിയുടെ പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന കാഞ്ഞിരപ്പുഴയുടെ മുകള്‍ഭാഗത്ത് മായിന്‍ പള്ളിയിലേക്ക് പ്രത്യേകം ഡിസൈന്‍ചെയ്ത ബഗ്ഗിയിലാണ് സഞ്ചാരികള്‍ എത്തുക. തടയണകെട്ടി വെള്ളം തുരങ്കത്തിലേക്ക് കടത്തിവിടുന്ന സ്ഥലം കാണിച്ചശേഷം സമീപത്തുള്ള വാച്ച് ടവറിലും വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കും. 15.5 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച ടവറില്‍ കയറി പദ്ധതി മൊത്തത്തില്‍ വീക്ഷിക്കാന്‍ സാധിക്കും. തടയണയും റിസര്‍വോയറും വാഹനത്തില്‍ എത്തി നേരില്‍കാണാം.
ടണലും പെന്‍സ്റ്റോക്ക് പൈപ്പും വൈദ്യുതി ഉല്‍പ്പാദന പ്രക്രിയയും നേരില്‍ കാണാവുന്ന തരത്തില്‍ ഗ്ലാസ് മറയുള്ള പ്ലാറ്റ്‌ഫോമിലും സഞ്ചാരികളെ പ്രവേശിപ്പിക്കും.
തുടര്‍ന്ന് തുരങ്കം അവസാനിച്ച് പെന്‍സ്റ്റോക്ക് പൈപ്പ് തുടങ്ങുന്ന ഭൂഗര്‍ഭ ജലസംഭരണിക്ക് സമീപമെത്തിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു വൈദ്യുതി പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് മുന്‍പില്‍ തുറന്നുകൊടുക്കാന്‍ പദ്ധതിയിടുന്നത്. പദ്ധതി സംബന്ധിച്ച എല്ലാം പ്രവര്‍ത്തനങ്ങളും സഞ്ചാരികള്‍ക്ക് നേരില്‍കാണാം. ഈ വര്‍ഷം പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

Sharing is caring!