35വര്‍ഷംമുമ്പ് ഭര്‍ത്താവ് മരിച്ച മലപ്പുറത്തെ 85കാരി ആയിഷുമ്മക്ക് സ്വപ്‌ന ഭവനം

35വര്‍ഷംമുമ്പ് ഭര്‍ത്താവ്  മരിച്ച മലപ്പുറത്തെ 85കാരി  ആയിഷുമ്മക്ക് സ്വപ്‌ന ഭവനം

മലപ്പുറം: ഓലയുടെ മേല്‍ക്കൂരയുള്ള കുടിലിലാണ് അമ്പതുകാരനായ മകന്‍ മുഹമ്മദുമൊത്ത് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. ശരീരത്തില്‍ സോഡിയത്തിന്റെ കുറവടക്കം നിരവധി രോഗമുള്ളതിനാല്‍ മാസത്തില്‍ ഒന്നുരണ്ടുതവണ ഡോക്ടറെ കാണണം. മുഹമ്മദിനാണെങ്കില്‍ എട്ട് വര്‍ഷംമുമ്പുണ്ടായ അപകടത്തിന്റെ അസ്വസ്ഥതകള്‍ മാറീട്ടില്ല. ജോലിചെയ്യാന്‍പോലും സാധിക്കില്ല. വീട് പൊളിഞ്ഞപ്പോള്‍ മറ്റൊരു മാര്‍ഗമില്ലാതെയാണ് മകളുടെ വീട്ടിലേക്ക് മാറിയത്. ഇനിയൊരിക്കലും നടക്കില്ലെന്ന് ഉറപ്പായതിനാല്‍ വീടെന്ന സ്വപ്നം മനസ്സില്‍നിന്നുമാഞ്ഞു. രണ്ട് വര്‍ഷംമുമ്പാണ് ലൈഫ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതും അപേക്ഷിച്ചതും. പിന്നീട് മാറിമറിഞ്ഞത് ഞങ്ങളുടെ ജീവിതംതന്നെയാണ്’- പറഞ്ഞുതീരുമ്പോഴേക്കും കോഡൂര്‍ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം കൊറ്റുകാടന്‍ ഹൗസില്‍ വെളുത്തേങ്ങാടന്‍ ആയിഷുവിന്റെ വാക്കുകള്‍ മുറിഞ്ഞു, കണ്ണുനീര്‍ത്തുള്ളികള്‍ ചുളിവുള്ള കവിള്‍ത്തടത്തിലേക്ക് ഒഴുകി.
35 വര്‍ഷംമുമ്പ് ഭര്‍ത്താവ് മരിച്ച ആയിഷുമ്മക്ക് മുഹമ്മദും മൂന്ന് പെണ്‍മക്കളുമാണുള്ളത്. കൂലിപ്പണിക്കാരനായ മുഹമ്മദിന്റെകൂടെയാണ് ആയിഷുമ്മ താമസിച്ചിരുന്നത്. പ്രായം 85 കഴിഞ്ഞു. ശാരീരിക വിഷമങ്ങള്‍ക്കിടയിലും കഴിയാവുന്ന വീട്ടുജോലികള്‍ചെയ്യും. പുതിയ വീടെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ നന്ദി പറയാന്‍ തുടങ്ങിയാല്‍ ആയിഷുമ്മയുടെ കൈയ്യില്‍ ഒരു പട്ടികതന്നെയുണ്ട്. വാര്‍ഡ് മെമ്പര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് അധികൃതര്‍, നാട്ടുകാര്‍ എന്നിവരാണ് ഇതില്‍ ആദ്യം. ഇവരുടെ അകമഴിഞ്ഞ പിന്തുണയിലാണ് ഒന്നര വര്‍ഷത്തിനുള്ളില്‍ വീടൊരുങ്ങിയത്. നല്ലൊരു ദിവസം കണ്ടുപിടിച്ച് പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ് ആയിഷുമ്മയും മുഹമ്മദും.

Sharing is caring!