എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു; മലപ്പുറത്തും കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

എം പി നെബുല
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു;  മലപ്പുറത്തും കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

മലപ്പുറം: സംസ്ഥാനത്ത് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് മലപ്പുറത്തെ കെ എസ് ആര്‍ ടി സി സര്‍വീസുകളെയും ബാധിച്ചു .ജില്ലയിലെ കെ എസ് ആര്‍ ടി സി, സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. മലപ്പുറം, പൊന്നാനി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നീ ഡിപ്പോകളില്‍നിന്നായി ഇന്ന് 8 സര്‍വീസുകളാണ് മുടങ്ങിയത്. പാലക്കാട് ,കോഴിക്കോട് ,വഴിക്കടവ്, തിരുവാഴാംകുന്ന് എന്നീ ഭാഗത്തേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയത്. ദീര്‍ഘദൂര സര്‍വീസുകളെയൊന്നും ഇത് ബാധിച്ചിട്ടില്ല. ഇതെത്രത്തോളം ജില്ലയിലെ യാത്രാസൗകര്യത്തെ ബാധിക്കുമെന്ന് വരും ദിവസങ്ങളിലെ അറിയാന്‍ സാധിക്കുകയുള്ളു.

യാത്രാപ്രതിസന്ധി ഒഴിവാക്കാന്‍ നിലവിലുള്ള ജീവനക്കാരുടെ അവധി വെട്ടിക്കുറച്ചിട്ടുണ്ട്. അത് പോലെ ജില്ലയിലെ യാത്രക്കാരെ ബാധിക്കാതിരിക്കാനുള്ള ആവശ്യമായ ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് മലപ്പുറത്തെ വിവിധ ഡിപ്പോകളില്‍ നിന്നായ് അറിയാന്‍ കഴിഞ്ഞു.

ഉത്തരമേഖലയില്‍ നിന്ന് മാത്രം 371 എംപാനല്‍ ഡ്രൈവര്‍മാരെയാണ് കെ എസ് ആര്‍ ടി സി പിരിച്ചുവിട്ടത്. ഉത്തര, മധ്യ, ദക്ഷിണ മേഖലകളിലെ ഡ്രൈവര്‍മാര്‍ക്കു പുറമേ പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് എംപാനലുകാരായി നിയോഗിക്കപ്പെട്ട 300 ഡ്രൈവര്‍മാരെയും ഒഴിവാക്കുന്നുണ്ട്. ഇതില്‍ 79 ദിവസം പൂര്‍ത്തിയാക്കിയ ഇരുനൂറോളം പേരെ ആദ്യഘട്ടമായി പിരിച്ചുവിട്ടു.

2,108 എംപാനല്‍ ഡ്രൈവര്‍മാരെ കെ എസ് ആര്‍ ടി സി പിരിച്ചുവിട്ടതോടെ 200 സര്‍വീസുകളാണ് ഇതുവരെ സംസ്ഥാനത്ത് റദ്ദാക്കിയിട്ടുള്ളത്. കെ എസ് ആര്‍ ടി സിയില്‍ വരും നാളില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടായേക്കും. പി എസ് സി റാങ്ക് പട്ടികയിലുള്ളവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഇവരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. നേരത്തെ 3861 എംപാനല്‍ കണ്ടക്ടമാരെയും പിരിച്ച് വിട്ടിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും ജൂണ്‍ 30 വരെ സാവകാശം മാത്രമേ ലഭിച്ചിരുന്നുള്ളു. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെയാണ് നടപടി. താല്‍ക്കാലിക നിയമനത്തിന് തടസ്സമുള്ളതിനാല്‍ കരാര്‍ നിയമനത്തിനു ശ്രമിക്കുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. അതുവരെ യാത്രാപ്രതിസന്ധി തുടര്‍ന്നേക്കും.

Sharing is caring!